പ്രഫുല്‍ പട്ടേലുമായി നടത്തിയ ചര്‍ച്ച പരാജയം, ജനകീയസമരവും നിയമപോരാട്ടവും തുടരാന്‍ സേവ് ലക്ഷദ്വീപ് ഫോറം
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേലുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ജനകീയസമരവും നിയമപോരാട്ടവും തുടരാന്‍ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞു അഡ്മിനിസ്‌ട്രേറ്റര്‍ മടങ്ങുന്ന പശ്ചാത്തലത്തില്‍ നാളെ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് 12 വരെ ദ്വീപുനിവാസികള്‍ വീടുകള്‍ക്ക് മുന്നില്‍ കരിങ്കൊടിയും പല്‍ക്കാര്‍ഡുകളും ഉയര്‍ത്തി പ്രതിഷേധിക്കും. കഴിഞ്ഞ സന്ദര്‍ശനവേളയില്‍ പ്രതിഷേധം ശക്തമായതോടെ പരിപാടികള്‍ വെട്ടിചുരുക്കി നേരത്തെ തന്നെ അഡ്മിനിസ്‌ട്രേറ്റര്‍ മടങ്ങിയിരുന്നു. ഇത്തവണ അഡ്മിനിസ്‌ട്രേറ്റര്‍ എസ്.എല്‍.എഫ് നേതാക്കളുമായി ചര്‍ച്ചയ്ക്ക് സമ്മതം അറിയിച്ചതിനാല്‍ ദ്വീപ് ജനത ശാന്തരായി വരവേല്‍ക്കുകയായിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പ്രതീക്ഷകള്‍ മങ്ങിയതോടെയാണ് സമരസന്ദേശം നല്‍കി യാത്രയാക്കാന്‍ ദ്വീപ് ജനത തീരുമാനിച്ചിരിക്കുന്നത്.
അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരേ എസ്.എല്‍.എഫിന്റെ നേതൃത്വത്തില്‍ ലക്ഷദ്വീപില്‍ സമരപരിപാടികള്‍ ശക്തിപ്പെടുത്താനും കേന്ദ്രസര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് തീരുമാനമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലും മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഹംദുള്ള സൈദും പറഞ്ഞു. ഇതിനിടയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ കൂടുതല്‍ സായുധസേനയെ ലക്ഷദ്വീപില്‍ ഇറക്കി. സി.ആര്‍.പി.എഫിന്റെ 80 അംഗസേന കവരത്തിയില്‍ കഴിഞ്ഞദിവസം എത്തിചേര്‍ന്നു. അഡ്മിനിസ്‌ട്രേറ്ററുടെ വൈ കാറ്റഗറി സുരക്ഷയ്ക്കായി എത്തിയവര്‍ക്ക് പുറമേയാണ് പുതിയ സേനയെ വിന്യസിക്കുന്നത്. പൊലിസില്‍ കൂടുതലും ദ്വീപുകാരായതിനാലാണ്് അഡ്മിനിസട്രേറ്റര്‍ കേന്ദ്രസേനയെ വരുത്തിയതെന്നാണ് നിഗമനം.
കേന്ദ്രസര്‍ക്കാരിന്റെയും അഡ്മിനിസ്‌ട്രേഷന്റെയും ഭാഗത്തുനിന്നുള്ള തുടര്‍നടപടികള്‍ നിരീക്ഷിക്കുവാനും ലോക്ക്ഡൗണ്‍ മാറികഴിഞ്ഞാല്‍ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുമെന്നും കോ ഓഡിനേറ്ററും സി.പി.എം നേതാവുമായ കോമളം കോയ പറഞ്ഞു. എസ്.എല്‍.എഫിന്റെ വിപുലമായ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കും. ജനങ്ങള്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്ന അഡ്മിനിസ്‌ട്രേഷന്റെ ഭരണപരമായ വിഷയങ്ങളില്‍ പുനപരിശോധന നടത്തുമെന്ന് ഇന്നലെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനല്‍കിയതായി മുഹമ്മദ് ഫൈസല്‍ എം.പി സുപ്രഭാതത്തോട് പറഞ്ഞു.
എന്‍.സി.പി നേതാവ് സുപ്രിയ സുലെയ്ക്ക് ഒപ്പമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയത്. ഭരണപരിഷ്‌കാരങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥരെ ഡല്‍ഹിക്ക് വിളിപ്പിക്കും. കരട് നിയമങ്ങള്‍ അഭ്യന്തരമന്ത്രാലയം മരവിപ്പിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ജനതാല്‍പര്യം പരിഗണിച്ചായിരിക്കും തീരുമാനമെന്ന ഉറപ്പ് മന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു. ദ്വീപിലെ രാഷ്ട്രീയ കക്ഷികളുടെ മുതിര്‍ന്ന നേതാക്കള്‍ കൂടിയായ എസ്.എല്‍.എഫ് പ്രതിനിധികളുമായി രണ്ടരമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിക്കുക മാത്രമായിരുന്നുവെന്നും യാതൊരു ഉറപ്പുകളും നല്‍കിയില്ലെന്നും ചര്‍ചയ്ക്ക് നേതൃത്വം നല്‍കിയ ഹംദുള്ള സൈദ് പറഞ്ഞു. എല്ലാ ദ്വീപുകളും സന്ദര്‍ശിച്ചു പ്രതിഷേധം ശക്തിപ്പെടുത്താനും കൂട്ടായ്മയിലൂടെ അവകാശങ്ങള്‍ നിലനിര്‍ത്താനുമാണ് തിരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."