കണ്ണൂർ വി.സി അധികാര പരിധി മറികടന്നു: ഹൈക്കോടതി
കൊച്ചി • ടി.കെ.സി എജ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കോളജ് തുടങ്ങാൻ കണ്ണൂർ സർവകലാശാല എടുത്ത നടപടികളും സർക്കാർ നൽകിയ ഭരണാനുമതിയും ഹൈക്കോടതി റദ്ദാക്കി.
കാസർകോട് പടന്നയിൽ മതിയായ സൗകര്യങ്ങളില്ലാതെ പുതിയ ആർട്‌സ് ആൻഡ് സയൻസ് കോളജ് തുടങ്ങാനുള്ള അനുമതിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റദ്ദാക്കിയത്.
പുതിയ കോളജിന് അനുമതി നൽകുന്ന കാര്യത്തിൽ സർവകലാശാല വി.സി അധികാര പരിധി മറി കടന്നെന്ന് കോടതി വിലയിരുത്തി. മതിയായ ഭൂമിയില്ലാതിരുന്നിട്ടും ട്രസ്റ്റിന് പുതിയ കോളജ് തുടങ്ങാൻ അനുമതി നൽകുന്നതിനെതിരേ ഷറഫ് ആർട്‌സ് ആൻഡ് സയൻസ് കോളജ് കമ്മിറ്റി നൽകിയ ഹരജിയിലാണ് ഉത്തരവ്. കോളജിന് അനുമതി നൽകുന്നതിന് സർവകലാശാല വി.സി നൽകിയ കുറിപ്പുകളും പരിശോധനാ സംഘത്തിന്റെ റിപ്പോർട്ടും കോടതി റദ്ദാക്കുകയും ചെയ്തു.
പുതിയ കോളജിന് ടി.കെ.സി ട്രസ്റ്റ് നൽകിയ അപേക്ഷ സർവകലാശാല നിയമങ്ങളനുസരിച്ച് വീണ്ടും പരിഗണിച്ച് നിയമപരമായി തീർപ്പാക്കാനും കോടതി നിർദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."