HOME
DETAILS
MAL
വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ് കുടുങ്ങിയത് നിരവധി ഉദ്യോഗാര്‍ഥികള്‍
backup
July 30 2021 | 18:07 PM
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തില്‍ ജോലിവാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം നല്‍കി വന്‍ തട്ടിപ്പ്. നിരവധി യുവാക്കളാണ് തട്ടിപ്പില്‍ കുടുങ്ങിയത്. ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പുള്ള വൈദ്യപരിശോധനയുടെയടക്കം പേരുപറഞ്ഞാണ് സംഘം പണം തട്ടിയത്. ഇതിനായി സിയാലിന്റെ വ്യാജ ലെറ്റര്‍പ്പാഡ് അടക്കം ഉപയോഗിച്ചു.
വിമാനത്താവളത്തില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന പേരിലാണ് ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം നല്‍കിയത്. 30,000 രൂപ വരെ ശമ്പളവും വാഗ്ദാനം ചെയ്തു. പരസ്യം കണ്ട് ജോലിക്ക് അപേക്ഷ നല്‍കിയവരോട് ഇ-മെയില്‍ വഴി രേഖകള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ട് വിമാനത്താവളത്തിലെ എച്ച്.ആര്‍ മാനേജര്‍ എന്ന പേരില്‍ വാട്‌സ്ആപ്പില്‍ സന്ദേശമെത്തി. ഇതോടൊപ്പം അപേക്ഷാഫീസ് ഇനത്തില്‍ 1,050 രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സിയാലിന്റെയും വിമാനത്താവള അതോറിറ്റിയുടെയും വ്യാജ ലെറ്റര്‍പാഡ് ഉപയോഗിച്ച് ജോലി ലഭിച്ചുവെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് അയയ്ക്കുകയായിരുന്നു. പിന്നീട് എത്രയുംവേഗം ജോലിയില്‍ പ്രവേശിക്കണമെന്നും വൈദ്യപരിശോധനയ്ക്കും മറ്റുമായി 3,250 രൂപ കൂടി നിക്ഷേപിക്കണമെന്നും ആവശ്യപ്പെടും. ഇതും ഉദ്യോഗാര്‍ഥികള്‍ വിശ്വസിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ ജോലി ബോണ്ട് അടിസ്ഥാനത്തിലാണെന്നും ഇതിനായി 18,000 രൂപ കൂടി അടയ്ക്കണമെന്നും ആവശ്യപ്പെടും. ഇതുകൂടി നല്‍കിക്കഴിഞ്ഞാല്‍ സംഘത്തെക്കുറിച്ച് യാതൊരു വിവരവും ഉണ്ടാകില്ല.
22,000ല്‍ അധികം രൂപ നഷ്ടപ്പെട്ട ശേഷമാണ് ഉദ്യോഗാര്‍ഥികളില്‍ പലര്‍ക്കും തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായത്. വ്യത്യസ്ത വാട്‌സ്ആപ്പ് നമ്പറുകളില്‍ നിന്നാണ് തട്ടിപ്പുസംഘം ഉദ്യോഗാര്‍ഥികളെ ബന്ധപ്പെടുന്നത്. ആവശ്യം കഴിഞ്ഞാല്‍ പിന്നെ ഈ നമ്പര്‍ നിലവിലുണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."