ഹിംസാത്മകമാവുന്ന ദുരാചാരങ്ങള്‍
സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടി പത്തനംതിട്ടയില്‍ രണ്ട് സ്ത്രീകളെ ബലികൊടുത്തുവെന്ന വാര്‍ത്തയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് സാക്ഷരകേരളം. ജാതിവെറിയും ദുര്‍മന്ത്രവാദവും നരബലി അടക്കമുള്ള ഹിംസാത്മക അന്ധവിശ്വാസങ്ങളും ഉത്തരേന്ത്യയിലെ ഉള്‍നാടുകളില്‍ മാത്രമേ സംഭവിക്കൂ എന്നായിരുന്നു ഇതുവരെ നമ്മൾ അഹങ്കരിച്ചിരുന്നത്. ഒാരോ കേരളീയന്റെയും ഇൗ ആത്മവിശ്വാസമാണ് ഇന്നലെ കാലത്ത് ഇലന്തൂരില്‍ ബലികഴിക്കപ്പെട്ടത്.
പത്തനംതിട്ട ഇലന്തൂരില്‍ തിരുമ്മല്‍ കേന്ദ്രം നടത്തുന്നവരാണ് നരബലി കേസില്‍ അറസ്റ്റിലായ ഭഗവല്‍സിങ്ങും ഭാര്യ ലൈലയും. ആഞ്ഞിലിമൂട്ടില്‍ വൈദ്യന്മാര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. കുടുംബത്തിന് ഐശ്വര്യവും സമ്പത്തും ലഭിക്കുന്നതിന്, ഇടനിലക്കാരന്റെ സഹായത്തോടെ കൊച്ചി കടവന്ത്രയിലും കാലടിയിലുമുള്ള രണ്ട് സ്ത്രീകളെ തിരുവല്ലയിലെ വീട്ടിലെത്തിച്ച് ബലികൊടുക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. സമ്പത്തിനും ദേവപ്രീതിക്കും സുഖസൗകര്യങ്ങള്‍ക്കും വേണ്ടി നരബലി പോലുള്ള പ്രാകൃത ആചാരങ്ങളെ മുറുകെപ്പിടിക്കുന്നവര്‍ നാട്ടില്‍ ഇപ്പോഴുമുണ്ടെന്നത് എത്രമേല്‍ ഭയജനകമാണ്! അത്രയേറെ രോഗാതുരമാണോ സാംസ്‌കാരിക കേരളത്തിന്റെ മാനസികാരോഗ്യം? നരബലി കേസില്‍ അറസ്റ്റിലായ ഭഗവല്‍സിങ് സാമൂഹികമാധ്യമങ്ങളില്‍ നിരന്തരം ഇടപെടുന്നയാളാണ്. അയ്യായിരത്തോളം ഫോളോവേഴ്‌സുള്ള ഹൈക്കു കവി കൂടിയാണ് ഇയാള്‍. നരബലി നടന്നെന്ന് പറയുന്ന സെപ്റ്റംബര്‍ 26ന് ശേഷവും ഭഗവല്‍സിങ് ഫേസ്ബുക്കില്‍ ഹൈക്കു കവിതകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭൂമിയേയും കിളികളെയും പ്രണയത്തെയും മാനവികതയേയും കുറിച്ച് കവിതകളെഴുതുന്ന, വിദ്യാസമ്പന്നനായ ഒരാള്‍ ഇത്തരത്തില്‍ പ്രാകൃതവും രോഗാതുരവുമായ മാനസികനിലയിലായിരുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.
കുറച്ചുകാലമായി കടുത്ത സാമ്പത്തിക പ്രയാസത്തിലായിരുന്നു ഭഗവല്‍ സിങ്ങും കുടുംബവും. ഇതിനിടയിലാണ് പെരുമ്പാവൂര്‍ സ്വദേശി ഷാഫിയെ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. സമ്പത്തിനും ഐശ്വര്യത്തിനും പൂജ എന്ന പേരില്‍ ഷാഫി ഫേസ്ബുക്കിലിട്ട പോസ്റ്റ് കണ്ട് ഭഗവല്‍സിങ് ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. പ്രാരാബ്ധങ്ങള്‍ മറികടക്കാന്‍ നരബലി തന്നെയാണ് ഉത്തമമെന്ന് ഇയാളാണ് ഭഗവല്‍ സിങ്ങിനെ ധരിപ്പിച്ചത്. ബലിക്കുവേണ്ടി ഷാഫി തന്നെയാണ് നിര്‍ധനരായ രണ്ട് സ്ത്രീകളെ വ്യാജം പറഞ്ഞ് ദമ്പതികളുടെ ഇലന്തൂര്‍ കുഴിക്കലിലെ വീട്ടിലെത്തിച്ചത്. ഇവരുടെ വീടിന്റെ പരിസരത്തുവച്ച് പൂജയും മറ്റ് ആഭിചാരക്രിയകളും നടത്തിയതിന്റെ ഒടുവിലായിരുന്നു നരബലി.
അന്നന്നത്തെ അന്നത്തിന് ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു അരുംകൊലയ്ക്കിരയായ റോസ്‌ലിനും പത്മവും. റോസ്‌ലിനെയാണ് ഷാഫി ആദ്യം വീട്ടിലെത്തിച്ചത്. ഇവരെ ബലികൊടുത്തെങ്കിലും പൂജ ഫലംകണ്ടില്ലെന്നായിരുന്നു ഭഗവല്‍സിങ്ങിനെയും ലൈലയെയും ഷാഫി വിശ്വസിപ്പിച്ചത്. ശാപം കാരണമാണ് പൂജ ഫലിക്കാതിരുന്നതെന്ന് പറഞ്ഞ ഷാഫി ഒരിക്കല്‍ കൂടി നരബലി നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇയാള്‍ തന്നെയാണ് പിന്നീട് കൊച്ചിയില്‍ നിന്ന് പത്മയെ കൂട്ടിക്കൊണ്ടുവന്നത്. രണ്ടുപേരോടും സിനിമയിൽ അഭിനയിപ്പിക്കാമെന്നാണ് പറഞ്ഞിരുന്നത്.
ധനാര്‍ത്തിക്കും ഭോഗത്വരയ്ക്കും മുന്നില്‍ പരസ്പര വിശ്വാസത്തിനോ ബന്ധങ്ങള്‍ക്കോ ഒരു വിലയുമില്ലെന്ന് നിരന്തര വാര്‍ത്തകളിലൂടെ മാധ്യമങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്ന കാര്യമാണ്. മറ്റൊരാളുടെ സ്വത്തും ജീവനും തട്ടിപ്പറിച്ചല്ല സ്വന്തം കുടുംബത്തില്‍ സമ്പത്തും ഐശ്വര്യവും കൊണ്ടുവരേണ്ടത് എന്ന സാമാന്യബോധ്യം പോലുമില്ലാതാകുകയാണോ കേരളത്തിലെ ചെറിയ ശതമാനം പേര്‍ക്കെങ്കിലും!
നരബലി കേസിലെ മുഖ്യപ്രതി ഭഗവല്‍സിങ് പുരോഗമന നിലപാട് അവകാശപ്പെടുന്നൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനാണെന്ന പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ ആരോപണവും ഗൗരവത്തോടെ കാണേണ്ടതുണ്ട്. നരബലി മാത്രമല്ല ആള്‍തൂക്കം അടക്കമുള്ള സകല ദുരാചാരങ്ങളും നിയമംകൊണ്ട് നിരോധിച്ച നാടാണ് കേരളം. നവോത്ഥാനത്തിന്റെ നെറുകയിലെന്ന് ഊറ്റംകൊള്ളുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. എന്നിട്ടും പണത്തോട് ദുര മൂത്ത് അപരന്റെ ജീവനെടുക്കുന്നതിന് പലര്‍ക്കും ഭയമോ സങ്കോചമോ ഇല്ലെന്നത് പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മള്‍ ഓരോരുത്തര്‍ക്കും അപമാനകരമാണ്.
ആദ്യം കൊല്ലപ്പെട്ട റോസ്‌ലിനെ ജൂണ്‍ ആറ് മുതല്‍ കാണാനില്ലായിരുന്നു. ഓഗസ്റ്റ് 17ന് കാലടി പൊലിസില്‍ പരാതിയെത്തിയെങ്കിലും ഗൗനിച്ചില്ല. പത്മയെ കാണാനില്ലെന്നു കാട്ടി സെപ്റ്റംബര്‍ 26ന് കടവന്ത്ര പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പിന്നീട് ആഴത്തിലുള്ള അന്വേഷണമുണ്ടായത്. ആദ്യ പരാതിയില്‍ തന്നെ പഴുതടച്ച അന്വേഷണം നടന്നിരുന്നുവെങ്കില്‍ പത്മയുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നു. ആഭിചാരത്തിന്റെ പേരില്‍ സംസ്ഥാനത്ത് കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നോയെന്ന കാര്യവും പൊലിസ് ഊര്‍ജിതമായി അന്വേഷിക്കണം.
ആചാരങ്ങളും വിശ്വാസങ്ങളും മനുഷ്യകുലത്തിന്റെ നിലനില്‍പ്പിന്റെ തന്നെ ആധാരശിലയാണ്. മറ്റൊരാള്‍ക്ക് അഹിതമായ ഒന്നും ഇത്തരം ആചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. രോഗവും ദാരിദ്ര്യവും ഒറ്റപ്പെടലും മാനസികപ്രയാസങ്ങളും കൊണ്ട് ഉഴലുന്നവര്‍ക്ക് അത്താണികൂടിയാണ് ഭക്തിമാര്‍ഗങ്ങള്‍. തെറ്റുകളിലേക്കു വഴുതാതെ മനുഷ്യനെ നേര്‍വഴിക്കു നയിക്കുന്നതിൽ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമുള്ള പങ്ക് ചെറുതല്ല. മറ്റൊരാളുടെ ജീവനെടുക്കുന്ന അന്ധവിശ്വാസങ്ങള്‍ എന്നാല്‍ ദൈവനീതിക്കു നിരക്കുന്നതല്ല. ക്രൂരവും പൈശാചികവുമായ ചെകുത്താന്റെ മാര്‍ഗമാണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."