തൊഴിലാളികള്‍ക്കുള്ള തഖ്ദീര്‍ അവാര്‍ഡ് തുക 10 ലക്ഷം ദിര്‍ഹമാക്കി ഉയര്‍ത്തി
ശൈഖ് ഹംദാന്റെ രക്ഷാകര്‍തൃത്വത്തിലുള്ള തൊഴിലാളി ക്ഷേമ പുരസ്‌കാരം രാജ്യാന്തര തലത്തിലേക്ക്
ദുബായ്: ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍
തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്ക് നല്‍കുന്ന തഖ്ദീര്‍ അവാര്‍ഡ് വിപുലീകരിച്ചു. ഇനി മുതല്‍ രാജ്യാന്തര തലത്തില്‍ നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് മികച്ച ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ദുബായ് തഖ്ദീര്‍ പുരസ്‌കാരം നല്‍കി ആദരിക്കുമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനും ദുബായ് എമിഗ്രേഷന്‍ ഉപ മേധാവിയുമായ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ ദുബായിലെ കമ്പനികള്‍ക്ക് നല്‍കിയ അംഗീകാരമാണ് സ്റ്റാര്‍ റേറ്റിംഗ് 5ല്‍ നിന്ന് ഏഴാക്കി ആഗോള തലത്തില്‍ മികച്ച ക്ഷേമപ്രവര്‍ത്തനങ്ങളും സംവിധാനങ്ങളുമുള്ള കമ്പനികളെ ആദരിക്കുന്നത്. 7സ്റ്റാര്‍ നേടുന്നവരില്‍ നിന്ന് ഏറ്റവും കൂടുതല്‍ സ്‌കോര്‍ ലഭിക്കുന്ന കമ്പനിക്ക് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനമായി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും ക്രിയാത്മകമായും യോജിപ്പോടെയും തുല്യമായ തൊഴിലന്തരീക്ഷം സ്ഥാപിക്കാനും അവരുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കപ്പെടാനും ദുബായിയുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് ആഗോള തലത്തിലേക്ക് പുരസ്‌കാരം വ്യാപിപ്പിച്ചത്. സുസ്ഥിരവും സക്രിയവുമായ തൊഴില്‍ വിപണിയുടെ തത്ത്വങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും പുരസ്‌കാരം മുഖേന ലക്ഷ്യമിടുന്നു. ലോകമെമ്പാടുമുള്ള തൊഴിലാളികളെ ഉള്‍ക്കൊള്ളാന്‍ അവാര്‍ഡിന്റെ വ്യാപ്തി വിശാലമാക്കുന്നതിലൂടെ, എമിറേറ്റിനെ തൊഴിലാളി ക്ഷേമ മികവിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള ഭരണാധികാരികളുടെ കാഴ്ചപ്പാടും പ്രതിബദ്ധതയും പുരസ്‌കാരം വഴി സാക്ഷാത്കരിച്ചിരിക്കുകയാണെന്ന് മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു.തൊഴിലാളികളുടെ നിലവാരം ഉയര്‍ത്താനുള്ള ദുബായിയുടെ ബഹുമുഖ തന്ത്രത്തിന്റെ ഭാഗമാണ് ഈ അന്താരാഷ്ട്ര അവാര്‍ഡിന് തുടക്കമിട്ട് 7സ്റ്റാര്‍ വിഭാഗം ഉള്‍പ്പെടുത്തിയത്. വിപുലീകരിച്ച അവാര്‍ഡിലൂടെ തൊഴിലാളികളോടുള്ള അനുകമ്പയുടെയും കരുതലിന്റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും വൈവിധ്യമാര്‍ന്ന സമൂഹങ്ങളുടെ ക്ഷേമം പരിപോഷിപ്പിക്കാനും അവരുടെ അമൂല്യമായ സംഭാവനകളെ അംഗീകരിക്കാനും ദുബായ് ശ്രമിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സമഗ്ര മൂല്യനിര്‍ണത്തിലൂടെ പോയിന്റ് അടിസ്ഥാനമാക്കി കമ്പനികള്‍ക്ക് നക്ഷത്ര പദവി നല്‍കുന്ന ഈ സമ്പ്രദായം ലോകത്ത് തന്നെ ആദ്യമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. തൊഴില്‍ നിയമങ്ങളുടെ നടത്തിപ്പിലെ കാര്യക്ഷമത തിരിച്ചറിഞ്ഞ് തൊഴിലാളികളും കമ്പനികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും വിവിധ മേഖലകളില്‍ സന്തോഷ മാനദണ്ഡങ്ങള്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ടാണ് തഖ്ദീര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവാര്‍ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ തഖ്ദീര്‍ അവാര്‍ഡ് കമ്മിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിജക്കാം.
ദുബായ് എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയുടെ സാന്നിധ്യത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തഖ്ദീര്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉബൈദിന് പുറമെ, തഖ്ദീര്‍ അവാര്‍ഡ് ടെക്‌നികല്‍ അഡൈ്വസര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുസ്സമദ് ഹുസെന്‍, തഖ്ദീര്‍ അവാര്‍ഡ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ലഫ്റ്റനന്റ് കേണല്‍ ഖാലിദ് ഇസ്മായില്‍, എഞ്ചി.മുഹമ്മദ് കമാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."