ടെലികോം ലൈസൻസും സ്വന്തമാക്കി ; അടക്കിവാഴാൻ അദാനി
ന്യൂഡൽഹി • രാജ്യത്തെ വൈദ്യുതി വിതരണം, വ്യോമയാനം, തുറമുഖം, സിമന്റ് തുടങ്ങിയ മേഖലകളിൽ ആധിപത്യം സ്ഥാപിച്ചതിനു പിന്നാലെ ടെലികോം രംഗത്തേക്കും അദാനി ഗ്രൂപ്പ്. സമ്പൂർണ ടെലികോം സേവനങ്ങൾക്കായി അദാനി ഡേറ്റ നെറ്റ് വർക്കിന് കേന്ദ്ര സർക്കാരിന്റെ ഏകീകൃത ലൈസൻസ് ലഭിച്ചു. നിലവിൽ ടെലികോം രംഗത്തുള്ള കമ്പനികൾക്ക് കനത്ത ഭീഷണിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനായ അദാനിയുടെ വരവ്.
ഇതോടെ ഗൗതം അദാനിക്ക് രാജ്യത്ത് എല്ലാ ടെലികോം സേവനങ്ങളും നൽകാൻ കഴിയും. അടുത്തിടെ നടന്ന 5ജി ലേലത്തിൽ സ്‌പെക്ട്രം വാങ്ങിയാണ് അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചത്.
ടെലികോം സേവനം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്വകാര്യ നെറ്റ് വർക്ക് സ്ഥാപിക്കാനാണ് 5ജി സ്‌പെക്ട്രം വാങ്ങിയതെന്നുമായിരുന്നു നേരത്തെ കമ്പനി പറഞ്ഞിരുന്നത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, രാജസ്ഥാൻ, തമിഴ്‌നാട്, മുംബൈ ഉൾപ്പടെയുള്ള ആറ് സർക്കിളുകളിലെ സേവനത്തിന് മാത്രമാണ് ലൈസൻസ് ലഭിച്ചതെന്നാണ് റിപ്പോർട്ട്. ഈ സർക്കിളുകളിൽനിന്നു തന്നെ അദാനി ഗ്രൂപ്പിന് സ്വന്തം നെറ്റ് വർക്കിൽ ദീർഘദൂര കോളുകൾ നടത്താനും ഇന്റർനെറ്റ് സേവനങ്ങൾ നൽകാനും സാധിക്കുമെന്നും സൂചനകളുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്ര ടെലികോം മന്ത്രാലയമോ അദാനി ഗ്രൂപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ യൂനിറ്റാണ് അദാനി ഡേറ്റ നെറ്റ് വർക്ക് ലിമിറ്റഡ് (എ.ഡി.എൻ.എൽ). അടുത്തിടെ നടന്ന 5 ജി ലേലത്തിൽ 26 ജിഗാ ഹെട്‌സ് മില്ലിമീറ്റർ വേവ് ബാൻഡിൽ പ്രവർത്തിക്കുന്ന 400 മെഗാഹെട്‌സ് സ്‌പെക്ട്രം ഉപയോഗിക്കാനുള്ള കരാറിൽ ഒപ്പിട്ടിരുന്നു. 212 കോടി രൂപ വിലമതിക്കുന്ന കരാറിലാണ് എ.ഡി.എൻ.എൽ പങ്കു ചേർന്നിരിക്കുന്നത്. അദാനി ഡേറ്റ സെന്ററിലെ സ്ഥലം കഴിഞ്ഞ ദിവസം ഗൂഗിൾ പാട്ടത്തിനെടുത്തിരുന്നു. നോയ്ഡയിലെ അദാനി ഡേറ്റ സെന്ററിലെ 4.6 ലക്ഷം ചതുരശ്ര അടിയാണ് വാടകയ്‌ക്കെടുത്തത്.
10 വർഷത്തേക്കാണ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്. 2021 ഫെബ്രുവരിയിലാണ് ഇന്ത്യയിലുടനീളം ഡേറ്റ സെന്ററുകൾ വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി ആഗോള ഡേറ്റ സെന്റർ ഓപറേറ്ററായ എഡ്ജ് കണെക്‌സ് കമ്പനിയുമായി ചേർന്ന് അദാനി എന്റർപ്രൈസസ് സംയുക്ത സംരംഭം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."