മുല്ലപ്പൂ വാടുന്ന തുനീഷ്യ
റഫീഖ് റമദാന്‍
വിശപ്പിനോളം വലുതായി ലോകത്തൊന്നുമില്ല. പട്ടിണി കണ്‍മുന്നിലുണ്ടാവുമ്പോള്‍ അതില്‍ നിന്നുള്ള മോചനം മാത്രമേ ജനങ്ങളുടെ മനസിലുണ്ടാകൂ. കൊവിഡ് മഹാമാരി സമ്പദ്‌വ്യവസ്ഥകളെ തകര്‍ത്തെറിയുകയും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്തതോടെ നിരവധി രാജ്യങ്ങളിലാണ് ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങള്‍ അലയടിക്കുന്നത്. തിരുവായ്ക്ക് എതിര്‍വായില്ലാതിരുന്ന കമ്യൂണിസ്റ്റ് ക്യൂബയില്‍ പോലും ജനം തെരുവിലിറങ്ങിയത് ഇതിനാലാണ്. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ഗ്വാട്ടിമല, പാകിസ്താന്‍ തുടങ്ങി മലേഷ്യ വരെ നീണ്ടുനില്‍ക്കുന്ന ആ പട്ടികയിലാണ് ആഫ്രിക്കന്‍ രാജ്യമായ തുനീഷ്യയും. പട്ടിണിക്കു കാരണം സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അഴിമതിയാണെന്ന് ജനത്തിനു തോന്നിയാല്‍ അവിടെ വിപ്ലവത്തിന്റെ തിരിതെളിയുകയായി. സൈനുദ്ദീന്‍ ബിന്‍ അലിയുടെ ഏകാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് പത്തുവര്‍ഷം മുന്‍പ് തുനീഷ്യയില്‍ നടന്ന മുല്ലപ്പൂവിപ്ലവത്തിന് തിരികൊളുത്തിയതും സര്‍ക്കാരിന്റെ അഴിമതിയും കൊള്ളരുതായ്മകളുമായിരുന്നു. 2011 ജനുവരി നാലിന് മുഹമ്മദ് ബൂ അസീസി എന്ന 26 കാരനായ തെരുവുകച്ചവടക്കാരന്‍ തന്റെ ജീവിതമാര്‍ഗം മുനിസിപ്പല്‍ അധികൃതര്‍ തകര്‍ത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തപ്പോള്‍ ആ തീ രാജ്യമെങ്ങും പടരുകയായിരുന്നു. അത് 23 വര്‍ഷത്തെ ഏകാധിപത്യത്തിനൊടുവില്‍ ബിന്‍ അലി അധികാരമുപേക്ഷിച്ച് സഊദിയിലേക്ക് നാടുവിടുന്നതിലാണ് കലാശിച്ചത്. വിപ്ലവാഗ്നി അയല്‍രാജ്യങ്ങളിലേക്കും പടര്‍ന്നു. 338 പേരുടെ ജീവന്‍ ബലിനല്‍കി തുനീഷ്യന്‍ ജനത സാധിച്ചെടുത്ത വിപ്ലവം വീണ്ടും ഏകാധിപത്യത്തിന് അടിയറപറയുമ്പോള്‍ അതിനു നിമിത്തമാകുന്നതും അഴിമതിക്കഥകളാണെന്ന യാദൃച്ഛികതയുണ്ട്.
2019ലെ തെരഞ്ഞെടുപ്പില്‍ ഭാഗ്യംകൊണ്ട് പ്രസിഡന്റ് പദവിയിലെത്തിയയാളാണ് നിലവിലെ തുനീഷ്യന്‍ പ്രസിഡന്റ് ഖൈസ് സഈദ്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും നേതാവല്ലാത്ത, രാഷ്ട്രീയ അനുഭവസമ്പത്തില്ലാത്ത നിയമാധ്യാപകന്‍ യാദൃച്ഛികമായി രാജ്യത്തിന്റെ അമരത്തെത്തിയ കഥയാണ് ഈ 63 കാരന്റേത്. അഴിമതിവിരുദ്ധനും സാമൂഹ്യനീതിയുടെ വക്താവുമായി സ്വയം പരിചയപ്പെടുത്തിയ ഖൈസ് തുനീഷ്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ അന്നഹ്ദയുടെ പിന്തുണയോടെയാണ് പ്രസിഡന്റായത്. ഇപ്പോള്‍ അതേ അന്നഹ്ദയുടെ തലമുതിര്‍ന്ന നേതാവും സ്പീക്കറുമായ റാഷിദ് ഗനൂഷിയെ പാര്‍ലമെന്റില്‍ കയറാന്‍ പോലും അനുവദിക്കാതെ അധികാരം പൂര്‍ണമായി കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ് ഈ 'റോബോ കോപ്'.
കഴിഞ്ഞ ജൂലൈ 25നാണ് പ്രധാനമന്ത്രി ഹിഷാം മഷീഷിയെ പുറത്താക്കുകയും പാര്‍ലമെന്റ് പിരിച്ചുവിടുകയും ചെയ്ത് ഖൈസ് സഈദ് ലോകത്തെ ഞെട്ടിച്ചത്. രണ്ടു എം.പിമാരെയും ഒരു ജഡ്ജിയെയും വീട്ടുതടങ്കലിലാക്കി അദ്ദേഹം വീണ്ടും ലോകത്തെ അമ്പരപ്പിക്കുമ്പോള്‍ മുല്ലപ്പൂ സൗരഭ്യം ലോകത്തിനു പകര്‍ന്ന എണ്ണസമ്പന്ന രാജ്യത്ത് ചോരയുടെ മണമടിക്കുന്നു. ഭരണഘടനയും നിയമവും കലക്കിക്കുടിച്ച ഖൈസ് സഈദിനെ പ്രകോപിപ്പിച്ചത് അധികാരകേന്ദ്രങ്ങള്‍ മൂന്നായി പകുത്തതാണ്. പ്രസിഡന്റിനും പ്രധാനമന്ത്രിക്കും പാര്‍ലമെന്റ് സ്പീക്കര്‍ക്കും സമാന അധികാരങ്ങള്‍ നല്‍കുന്ന നിയമസംവിധാനത്തെ എതിര്‍ത്ത ഖൈസ് സഈദ് ഭരണഘടനാപരമായി പ്രസിഡന്റിനാണ് സൈന്യത്തിന്റെ നിയന്ത്രണമെന്ന് പറഞ്ഞത് മൂന്നുമാസം മുന്‍പാണ്. അന്നേ അട്ടിമറി മണക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിരോധവും വിദേശകാര്യവും പ്രസിഡന്റിനു കീഴിലാണെങ്കിലും ഭരണനിര്‍വഹണാധികാരം പ്രധാനമന്ത്രിക്കാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ചെറിയ അധികാരങ്ങള്‍ മാത്രം നല്‍കി പ്രസിഡന്റിന് കൂടുതല്‍ അധികാരം വേണമെന്ന് ഖൈസ് സഈദ് ആവശ്യപ്പെടുമ്പോള്‍ ഗനൂഷിയും കൂടെയുള്ളവരും പാര്‍ലമെന്റിനാണ് കൂടുതല്‍ അധികാരം വേണ്ടതെന്ന് വാദിച്ചു. ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഭരണഘടനാ കോടതി രൂപീകരിക്കാനിരിക്കെയാണ് പ്രസിഡന്റ് അധികാരം പിടിച്ചെടുത്തിരിക്കുന്നത്.
ഏകാധിപത്യത്തെ ഏറ്റവും ഇഷ്ടപ്പെടുന്നത് സൈന്യമായിരിക്കും. അവര്‍ക്ക് മനുഷ്യാവകാശത്തിന്റെ ചുവപ്പുനാടകളെ കൂസാതെ വിഹരിക്കാന്‍ അത് അവസരമൊരുക്കും. ഒരുകാലത്ത് ഫ്രഞ്ച് കോളനിയായിരുന്ന തുനീഷ്യയില്‍ ഇതിനു മുന്‍പും അട്ടിമറിശ്രമങ്ങളുണ്ടായിട്ടുണ്ട്. 1962ല്‍ സൈന്യത്തിലെ ഒരുകൂട്ടം ഓഫിസര്‍മാര്‍ അന്നത്തെ പ്രസിഡന്റ് ഹബീബ് ബുര്‍ഖീബയെ അട്ടിമറിക്കാന്‍ ഒരു വിഫലശ്രമം നടത്തി. ബുര്‍ഖീബയുടെ രാഷ്ട്രീയ എതിരാളിയായ സലാഹ് ബിന്‍ യൂസുഫിനെ അനുകൂലിക്കുന്നവരായിരുന്നു അവര്‍. എന്നാല്‍ അട്ടിമറിനീക്കം പരാജയപ്പെട്ടതോടെ ഇവരെ വധശിക്ഷയ്ക്കിരയാക്കി. ഫ്രഞ്ച് ആധിപത്യത്തില്‍ നിന്ന് തുനീഷ്യയെ സ്വതന്ത്രമാക്കാന്‍ നേതൃത്വം കൊടുത്ത് രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റായ ബുര്‍ഖീബ രാജ്യത്തിന്റെ വികസനത്തിനും സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളും ആശുപത്രികളും പടുത്തുയര്‍ത്തുന്നതിനുമാണ് സൈനിക ബജറ്റ് ഉയര്‍ത്തുന്നതിനെക്കാള്‍ പ്രാധാന്യം കൊടുത്തത്. ആയുധങ്ങള്‍ വാങ്ങി പണം പാഴാക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
എന്നാല്‍ ബുര്‍ഖീബയുടെ ആരോഗ്യസ്ഥിതി മോശമായതോടെ അധികാരം പിടിച്ചെടുത്ത അന്നത്തെ പ്രധാനമന്ത്രി സൈനുല്‍ ആബിദീന്‍ ബിന്‍ അലി സൈന്യത്തിന് വേണ്ടതെല്ലാം നല്‍കി ഒപ്പംനിര്‍ത്തുകയായിരുന്നു. എങ്കിലും സൈന്യം അട്ടിമറി നടത്തുമോയെന്ന ഭീതി അദ്ദേഹത്തിനുമുണ്ടായിരുന്നു. അതിനാല്‍ പല സൈനിക ഓഫിസര്‍മാരെയും മാറ്റുകയും ചിലരെ ശിക്ഷിക്കുകയും ചെയ്തു. ഇങ്ങനെ രാഷ്ട്രീയത്തില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ട ചരിത്രമാണ് തുനീഷ്യന്‍ സൈന്യത്തിനുള്ളത്. ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിലും സൈന്യം പങ്കെടുത്തില്ല. പൊലിസാണത് ചെയ്തത്. ബിന്‍ അലിക്കെതിരേ പ്രക്ഷോഭം ശക്തമായപ്പോള്‍ പ്രതിഷേധക്കാര്‍ക്കു നേരെ ബോംബിടാന്‍ അദ്ദേഹം കല്‍പിച്ചെങ്കിലും സൈന്യം തയാറായില്ല. 2011ലെ വിപ്ലവത്തിനു ശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായ ബാജീ ഖാഇദ് അസ്സബ്‌സി 2017ല്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോഴും സൈന്യം തോക്കെടുത്തില്ല. രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായതോടെ എണ്ണ പമ്പിങ് കേന്ദ്രങ്ങളും റോഡുകളും ഉപരോധിച്ച പ്രതിഷേധക്കാര്‍ പൊലിസ് വാഹനങ്ങള്‍ കത്തിക്കുക വരെ ചെയ്‌തെങ്കിലും പ്രതിഷേധക്കാരെ നേരിടുന്നതിനു പകരം സര്‍ക്കാര്‍ സംവിധാനങ്ങളെ സംരക്ഷിക്കുകയാണ് സൈന്യം ചെയ്തത്. ഈജിപ്തിലും അല്‍ജീരിയയിലും കാണുന്ന പോലെ രാഷ്ട്രീയത്തിലിടപെടാന്‍ കൊതിക്കുന്ന സൈന്യമല്ല തുനീഷ്യയിലേതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
എം.പിമാരെയും ജഡ്ജിയെയും വീട്ടുതടങ്കലിലടച്ചപ്പോഴും ഖൈസ് സഈദ് ആണയിട്ടു പറയുന്നത് താന്‍ ഏകാധിപത്യമോ അട്ടിമറിയോ നടത്തുകയല്ല, രാജ്യത്തെ അഴിമതിമുക്തമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നാണ്. അഴിമതിയാരോപണം നേരിട്ട ഇല്‍യാസ് ഫഹ്ഫാഹിനെ ആറുമാസത്തിനകം പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയത് ജനത്തിന്റെ കൈയടി അദ്ദേഹത്തിനു നേടിക്കൊടുത്തു. അവരുടെ വിശ്വാസം തകര്‍ക്കപ്പെടാത്തിടത്തോളം ഖൈസ് സഈദ് അധികാരത്തില്‍ തുടരുമെന്നുറപ്പ്. മറിച്ചെങ്കില്‍ മുല്ലപ്പൂ വിപ്ലവത്തിന്റെ നാട്ടില്‍ വീണ്ടുമൊരു വിപ്ലവത്തിന് നാന്ദികുറിക്കാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല. അതേസമയം സൈന്യത്തെയും പൊലിസിനെയും കൂടെ നിര്‍ത്തി അവരെയും രാഷ്ട്രീയത്തില്‍ പങ്കാളിയാക്കാനുള്ള പ്രസിഡന്റിന്റെ നീക്കം ലോകം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."