എൽദോസ് കുന്നപ്പിള്ളിക്കെതിരേ ബലാത്സംഗക്കുറ്റവും
തിരുവനന്തപുരം • ശാരീരിക ഉപദ്രവത്തിന് പുറമെ പീഡിപ്പിക്കുകയും ചെയ്തുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരേ ബലാത്സംഗക്കുറ്റവും ചുമത്തി. ഇതുസംബന്ധിച്ച് ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര കോടതിയിൽ റിപ്പോർട്ട് നൽകി. എം.എൽ.എക്കെതിരേ കേസെടുത്ത വിവരം പൊലിസ് സ്പീക്കറെ രേഖാമൂലം അറിയിക്കുകയും ചെയ്തു.
എം.എൽ.എ നിയമസഭാ സമുച്ചയത്തിനുള്ളിൽ ഇല്ലാത്തതിനാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് സ്പീക്കറുടെ അനുമതി ആവശ്യമില്ല. സ്പീക്കറെ വിവരം അറിയിക്കുക മാത്രം ചെയ്താൽ മതിയെന്നാണ് ചട്ടം. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികളും അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്. എട്ട് മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിൽ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് പരാതിക്കാരി പൊലിസിനോട് വെളിപ്പെടുത്തിയിരുന്നു. എം.എൽ.എ ധരിച്ചിരുന്ന കുരിശുമാല കഴുത്തിൽ അണിയിച്ച് സംരക്ഷിക്കാമെന്ന് ഉറപ്പുനൽകിയെന്നും മൊഴിയിൽ പറയുന്നു. വീട്ടിൽ അതിക്രമിച്ചുകയറിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും തട്ടിക്കൊണ്ടുപോയതിനുമായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. വിശദമായ മൊഴിയെടുക്കലിന് പിന്നാലെയാണ് അന്വേഷണസംഘം കുരുക്ക് മുറുക്കിയത്. പരാതിക്കാരിയുടെ ഫോൺ ഹാജരാക്കാൻ പൊലിസ് നോട്ടിസ് നൽകിയിട്ടുണ്ട്. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ എ.സി.പി ദിനിലിനാണ് അന്വേഷണച്ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."