സഊദിയിലെ ഇന്ത്യൻ സ്‌കൂളുകൾ ക്ളാസുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി
റിയാദ്: കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച 12 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് പ്രവേശനം നൽകി ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കാമെന്ന സഊദി ആരോഗ്യ മന്ത്രാലത്തിന്‍റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെയും നിർദേശത്തെ തുടർന്ന് രാജ്യത്തെ ഇന്ത്യൻ എംബസി സ്‌കൂളുകൾ പുനഃരാരംഭിക്കാൻ നടപടികൾ ആരംഭിച്ചു. അടുത്ത മാസം സാധാരണ ക്ലാസുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുമായി ജിദ്ദ ഇന്‍റർനാഷനൽ ഇന്ത്യൻ രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച നിർദേശം എംബസി സ്‌കൂൾ അധികൃതർ രക്ഷിതാക്കൾക്ക് നൽകിക്കഴിഞ്ഞു. ഇത് വരെ വാക്‌സിൻ എടുക്കാത്ത 12 വയസ് തികഞ്ഞ ആറ് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ഉടൻ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് എടുക്കാനാവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് സ്‌കൂൾ അധികൃതർ സർക്കുലർ നൽകിക്കഴിഞ്ഞു.
രണ്ട് ഡോസുകൾക്കിടയിലെ കാല ദൈർഘ്യം മൂന്നാഴ്ച്ചയായാണ് സഊദി ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നതെന്നതിനാൽ ഉടൻ ഒന്നാം ഡോസ് എടുക്കുന്നവർക്ക് സെപ്റ്റംബർ ആരംഭിക്കുന്നതിന് മുമ്പ് തന്നെ രണ്ടാം ഡോസും പൂർത്തിയാക്കാൻ സാധിക്കും. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണം എന്നാണ് സർക്കുലർ മുഖേന സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, നിലവിൽ ബഹുഭൂരിപക്ഷം കുടുംബങ്ങളും നാട്ടിലാണുള്ളത്. നാട്ടിൽ നിന്നും തിരിച്ചെത്താൻ സാധിക്കാത്ത ഇവർ നിലവിലെ ഓൺലൈൻ ക്ലാസുകളിൽ നാട്ടിൽ നിന്നുമാണ് പങ്കെടുക്കുന്നത്. ഈ സന്ദർഭത്തിൽ അതിനാൽ അടുത്ത മാസം സാധാരണ ക്ലാസുകൾ ആരംഭിക്കുകയാണെങ്കിൽ നാട്ടിലുള്ള കുട്ടികൾക്ക് അത് തിരിച്ചടിയാവും. നാട്ടിൽ കുട്ടികൾക്ക് വാക്‌സിൻ നൽകിത്തുടങ്ങിയിട്ടുമില്ല എന്നത് ഇവർ തിരിച്ചെത്തിയാലും ഉടൻ ക്ളാസുകളിൽ കയറാൻ സാധിക്കില്ലെന്നതും പ്രതിസന്ധി തീർക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."