മതേതരം, സോഷ്യലിസം ഇത്ര ഭയക്കണോ ഇൗ വാക്കുകളെ!
പ്രൊഫ.റോണി.കെ.ബേബി
പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിനോടനുബന്ധിച്ച് സഭാംഗങ്ങൾക്ക് വിതരണം ചെയ്ത ഭരണഘടനയുടെ പകർപ്പിന്റെ ആമുഖത്തിൽനിന്ന് മതേതരം, സോഷ്യലിസം എന്നീ പദങ്ങൾ കേന്ദ്രസർക്കാർ വെട്ടിമാറ്റിയെന്ന വിമർശനം വിവാദങ്ങൾക്ക് വഴി തുറന്നിരിക്കുകയാണ്. എന്തിലും ഏതിലും തങ്ങളുടെ അജൻഡകൾ മാത്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ബി.ജെ.പി പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള പ്രവേശനവേളയും തങ്ങളുടെ പ്രത്യയശാസ്ത്ര താൽപര്യങ്ങൾ ചർച്ചയാക്കുന്നതിനുള്ള അവസരം ഒരുക്കുകയായിരുന്നു. ഇന്ത്യയുടെ ജനായത്ത ഭരണഘടനയോടും ഭരണഘടന മൂല്യങ്ങളോടും തത്വങ്ങളോടുമുള്ള ബി.ജെ.പിയുടെ താൽപര്യക്കുറവ് വ്യക്തമായ പശ്ചാത്തലത്തിൽ ഇത്തരം തമസ്കരണങ്ങൾക്ക് വലിയ അർഥങ്ങളുണ്ട്.
ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ്, പാർലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, സ്മാരക നാണയം, സ്റ്റാമ്പ് എന്നിവ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിനത്തിൽ പാർലമെന്റ് അംഗങ്ങൾക്ക് സമ്മാനമായി ലഭിച്ചിരുന്നു. ഇങ്ങനെ ലഭിച്ച ഭരണഘടനയുടെ പകർപ്പിൽ നിന്നാണ് മതേതരത്വവും സോഷ്യലിസവും പുറത്തായത്. 'ഭരണഘടനയുടെ കരട് തയാറാക്കിയപ്പോൾ ഇത് ഇങ്ങനെയായിരുന്നു. പിന്നീട് ഭേദഗതി വരുത്തി. ഇതാണ് ഒറിജിനൽ കോപ്പി' എന്ന മുടന്തൻ ന്യായമാണ് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ മുന്നോട്ട് വച്ചത്.
മതനിരപേക്ഷതയും സോഷ്യലിസവും ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ സമന്വയദര്‍ശനവും പ്രാണവായുവുമായിരുന്നു. ഭരണഘടന നിലവിൽ വന്നപ്പോൾ പ്രത്യേകമായി എഴുതിവച്ചിട്ടില്ലെങ്കിലും ആരംഭം മുതൽ സോഷ്യലിസം, മതനിരപേക്ഷത എന്നീ ആശയലക്ഷ്യങ്ങളില്‍ നിലയുറപ്പിച്ചതാണ് നമ്മുടെ ഭരണഘടന. ഇന്ത്യ വിഭജിക്കുകയും വര്‍ഗീയ കലാപങ്ങളുടെ ചോരപ്പുഴ ഒഴുകുകയും രാഷ്ട്രപിതാവിന്റെപോലും ജീവനെടുക്കുകയും ചെയ്ത ഘട്ടത്തിലായിരുന്നു നമ്മുടെ ഭരണഘടന ജന്മംകൊണ്ടത്. മതനിരപേക്ഷത പോകട്ടെ സോഷ്യലിസമെന്ന വാക്കുപോലും ഭരണഘടനയുടെ ആധാരശിലയായ ലക്ഷ്യപ്രഖ്യാപനരേഖയില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ട് എന്ന് ജവഹർലാൽ നെഹ്‌റു ഭരണഘടനാസഭയില്‍ വിശദീകരിച്ചിട്ടുണ്ട്. അന്നത്തെ വിഷമകരമായ സാഹചര്യത്തില്‍ എല്ലാവരും അംഗീകരിക്കുന്ന പ്രമേയം പാസാക്കാന്‍ അത്തരമൊരു ഒഴിവാക്കൽ അന്ന് ആവശ്യവുമായിരുന്നു.
1946 ഡിസംബര്‍ 13ന് ഭരണഘടനാസഭയില്‍ പ്രധാനമന്ത്രി നെഹ്‌റു അവതരിപ്പിച്ച ലക്ഷ്യപ്രഖ്യാപനരേഖ(Objective Resolution ) ഇങ്ങനെ പറയുന്നു; 'ഒരു ഭേദവുമില്ലാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും രാഷ്ട്രീയവും സാമ്പത്തികവുമായ തുല്യതയും പദവിയും അവസരവും നല്‍കും. ആരാധനക്കും വിശ്വാസത്തിനും ചിന്തക്കും അഭിപ്രായപ്രകടനത്തിനും തൊഴിലിനുമുള്ള സ്വാതന്ത്ര്യവും അവകാശവും ഉറപ്പുവരുത്തും'. മതനിരപേക്ഷമെന്നോ സോഷ്യലിസ്റ്റെന്നോ ആമുഖത്തില്‍ പറഞ്ഞാലും ഇല്ലെങ്കിലും ഈ അടിസ്ഥാന ലക്ഷ്യങ്ങളിലൂന്നിയാണ് ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനം കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളിലേറെയായി നിലകൊണ്ടത്.
ആർ.എസ്. എസിന്റെ
അസ്വസ്ഥതകൾ
ഹിന്ദു മഹാസഭയും ആര്‍.എസ്.എസും ഭരണഘടനയുടെ രൂപീകരണംമുതൽ ശക്തമായി എതിർത്ത രണ്ടു വാക്കുകളാണ് മതേതരത്വവും സോഷ്യലിസവും. ഭരണഘടനയുടെ ആമുഖം ഇന്ത്യൻ മൂല്യങ്ങൾക്ക് എതിരാണ് എന്നാണ് ആർ.എസ്.എസ് എല്ലാ കാലത്തും സ്വീകരിച്ച നിലപാട്. എന്തിനാണ് 'മതേതരത്വവും' 'സോഷ്യലിസവും' ഭരണഘടനയിൽ ചേർത്തത് എന്നാണ് അവർ നിരന്തരം ചോദിച്ചത്. 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതുമുതൽ ഭരണഘടനയിലെ സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾക്കെതിരായി ബി.ജെ.പി പലവട്ടം രംഗത്തുവന്നിരുന്നു.
2015ൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തുവിട്ട ഭരണഘടനയുടെ ആമുഖത്തിന്റെ പകർപ്പിലും സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകളുണ്ടായിരുന്നില്ല. ഈ വിഷയത്തിൽ ഒരു സംവാദം ഉയർന്നുവരുന്നതിൽ എന്താണ് പ്രശ്‌നമെന്നായിരുന്നു അന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കൈകാര്യം ചെയ്‌ത രവിശങ്കർ പ്രസാദിന്റെ പ്രതികരണം. ഭരണഘടനാ ശിൽപി ഡോ. ബി.ആര്‍ അംബേദ്കറുടെ 125-ാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്ന ചര്‍ച്ചയില്‍ മറനീക്കി പുറത്തുവന്നതും ഈ രണ്ടു വാക്കുകളോടുമുള്ള ബി.ജെ.പിയുടെ എതിർപ്പായിരുന്നു.
ലോക്സഭയില്‍ ഭരണഘടനാ ചര്‍ച്ചക്കു തുടക്കമിട്ട അന്നത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മതനിരപേക്ഷതയും സോഷ്യലിസവും ഭരണഘടനാ ആമുഖത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പറഞ്ഞത് മോദി ഗവണ്മെന്റിന്റെ കൃത്യമായ നയമാണ്. ഭരണഘടനാ ചര്‍ച്ച തുടങ്ങിവച്ച ആഭ്യന്തരമന്ത്രി വിശദീകരിച്ചത് ഇങ്ങനെയാണ്; '1976ല്‍ 42–ാം ഭരണഘടനാ ഭേദഗതിയിലൂടെ സോഷ്യലിസത്തോടൊപ്പം മതനിരപേക്ഷതയും ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത്. രാജ്യത്ത് ഏറെ ദുരുപയോഗം ചെയ്ത പദമാണ് മതനിരപേക്ഷത. ഈ വാക്കുകള്‍ ഉള്‍ക്കൊള്ളിക്കാന്‍ അംബേദ്കര്‍ ഉദ്ദേശിച്ചിരുന്നില്ല.
സമത്വം, മതേതരത്വം എന്നിവ ഭാരതീയ സംസ്‌കാരത്തില്‍ അന്തര്‍ലീനമാണെന്ന ബോധ്യത്തിലായിരുന്നു അത്'. ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസവും മതനിരപേക്ഷതയും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പി രാകേഷ് സിൻഹ 2020ൽ രാജ്യസഭയിൽ പ്രമേയം കൊണ്ടുവന്നിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഈ വാക്ക് ‘നിരര്‍ഥക’മായെന്നും പകരം ‘ഒരു പ്രത്യേക ആശയവുമില്ലാത്ത സാമ്പത്തിക ചിന്തയ്ക്കുവേണ്ടിയുള്ള ഇടം’ ഒരുക്കണമെന്നുമുള്ള വാദമുയര്‍ത്തിയാണ് രാകേഷ് സിന്‍ഹ പ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയത്.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽനിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. അഭിഭാഷകൻ സത്യ സബർവാളും സമാന ആവശ്യം ഉന്നയിച്ച് നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഭേദഗതി കൊണ്ടുവരാൻ പാർലമെന്റിന് അധികാരമില്ലെന്നാണ് ഹരജിക്കാരുടെ വാദം. കേശവാനന്ദ ഭാരതി കേസിൽ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികൾ കൊണ്ടുവരാൻ പാർലമെന്റിന് അധികാരമില്ലെന്ന് വിധിച്ചിട്ടുണ്ട്. അതിനാൽതന്നെ മതേതരം, സോഷ്യലിസം എന്നീ വാക്കുകൾ ഉൾക്കൊള്ളിച്ച് 42-ാം ഭരണഘടനാ ഭേദഗതി നിയമപരമായി നിലനിൽക്കില്ലെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
ഭരണഘടനയെ
വികൃതമാക്കരുത്
ദേശീയപ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ചയായ കോണ്‍ഗ്രസാണ് മതേതരത്വവും സോഷ്യലിസവും ഭരണഘടനയില്‍ ചേര്‍ത്തത്. 1976ൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇന്ദിരാഗാന്ധി ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, മതേതരം എന്നിവ ഉൾപ്പെടുത്തിയത്. സോഷ്യലിസം എന്ന പദം ഭരണഘടനയില്‍ ചേര്‍ക്കാനുണ്ടായ സാഹചര്യം, മാറുന്ന ലോകക്രമവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. അമേരിക്കന്‍ കേന്ദ്രീകൃത മുതലാളിത്ത സാമ്പത്തിക ആധിപത്യത്തിനു കീഴടങ്ങാന്‍ ഇന്ത്യ തയാറല്ലായിരുന്നു എന്നതാണ് പ്രധാന കാരണം. സോഷ്യലിസ്റ്റ് ആസൂത്രണത്തെക്കുറിച്ചായിരുന്നു നെഹ്റുവിന്റെ കാലം മുതൽ ഇന്ത്യ ആലോചിച്ചത്.
ആവടി കോൺഗ്രസ് സമ്മേളനം അംഗീകരിച്ച ജനാധിപത്യ സോഷ്യലിസം ഈ നയത്തിന്റെ ഭാഗമായിരുന്നു. ഈ ആസൂത്രണ പ്രക്രിയയുടെ ഭാഗമായാണ് ഇന്ത്യയുടെ ഭാവി ജനാധിപത്യത്തിന്റേത് മാത്രമല്ല, സോഷ്യലിസത്തിന്റേത് കൂടിയാണെന്ന് പ്രഖ്യാപിക്കാനും ഭരണഘടനയില്‍ അത് ഉറപ്പുവരുത്തുവാനും ഇന്ദിരാഗാന്ധിയെ പോലുള്ള ഒരു ഭരണാധികാരിക്കു കഴിഞ്ഞത്.
ബാങ്ക് ദേശസാല്‍കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങിവച്ചതും സോഷ്യലിസ്റ്റ് ആശയങ്ങളുടെ ചുവടുപിടിച്ചാണ്. നെഹ്റുവിന്റെ കാലത്തെ പഞ്ചവത്സര പദ്ധതിയുടെ കാഴ്‌ചപ്പാടും സോഷ്യലിസത്തിൽ അധിഷ്‌ഠിതമായിരുന്നു. സോവിയറ്റ് മാതൃകയിലുള്ള ആസൂത്രണപ്രക്രിയ ആരംഭിച്ചത് നെഹ്റുവാണ്. പഞ്ചവത്സര പദ്ധതികളിലൂടെയും ഹരിത വിപ്ലവത്തിലൂടെയും ബാങ്ക് ദേശസാൽക്കരണത്തിലൂടെയും ഈ രാജ്യം മുന്നോട്ട് നടന്നുപോയത് സോഷ്യലിസ്റ്റ് ദർശനങ്ങളിലൂടെയാണ്.
രാജ്യത്ത് ദാരിദ്ര്യ ഉച്ഛാടനത്തിന് ആവേശം കൊടുത്ത "ഗരീബി ഹഠാവോ" എന്ന മുദ്രാവാക്യത്തിന്റെ ആവേശകരമായ തുടർച്ചകൾ സംഭവിച്ചത് സോഷ്യലിസത്തിന്റെ പ്രേരണയിലായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ ദാരിദ്ര്യരേഖയ്ക്ക് മുകളിലേക്ക് ഉയർന്ന മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയിൽ വരെ ഈ ആശയത്തിന്റെ സ്വാധീനം കാണാം.
തങ്ങളുടെ തീവ്ര വലതുപക്ഷ സാമ്പത്തിക നയങ്ങളുടെയും മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും മൂശകളിൽ ഒരിക്കലും ദഹിക്കാൻ കഴിയാത്ത മഹത്തായ രണ്ട് ആശയങ്ങളെ ബോധപൂർവം ഇകഴ്ത്തുന്നതിനും തമസ്കരിക്കുന്നതിനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്.
Content Highlights:Secularism, socialism should be so afraid of these words
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."