ഇരയെ വിവാഹം കഴിക്കാന്‍ കുറ്റവാളിക്ക് അനുമതി നല്‍കില്ലെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയായ മുന്‍ വൈദികന് റോബിന് വടക്കുംചേരിക്ക് ഇരയെ വിവാഹം കഴിക്കാനായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജികള്‍ തള്ളി. റോബിന് വടക്കുംചേരിയും ഇരയും നല്കിയ ഹരജികളാണ് തള്ളിയത്. ഇരയെ വിവാഹംകഴിക്കാന്‍ കുറ്റവാളിക്ക് അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വിനീത് സരണ്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. വിവാഹം കഴിക്കാന്‍ ജാമ്യംനല്കില്ലെന്ന ഹൈക്കോടതി ഉത്തരവ് ഉചിതമാണെന്നും അതില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കിയ സുപ്രിംകോടതി, ജാമ്യത്തില്‍ ഇളവുവേണമെങ്കില് ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.
കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ഹ്രസ്വകാലത്തേക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു വടക്കുംചേരിയുടെ ആവശ്യം. നാലുവയസുള്ള മകനെ സ്കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്നും അതിന് രണ്ടുമാസത്തെ ജാമ്യം അനുവദിക്കണമെന്നുമാണ് പെണ്‍കുട്ടി ആവശ്യപ്പെട്ടത്. കൂടുതല്‍ വാദംകേള്‍ക്കാതെയാണ് ഹരജികള്‍ കോടതി തള്ളിയത്. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജയിലില്‍ വച്ച് വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് വടക്കുംചേരി ആവശ്യപ്പെട്ടെങ്കിലും അതും കോടതി തള്ളി.
വിവാഹം കഴിക്കാനുള്ള മൗലികാവകാശം ഉറപ്പാക്കണമെന്നായിരുന്നു വടക്കുംചേരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ഡോ. അമിത് ജോര്‍ജ് ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ പ്രായം തെറ്റിച്ചുപറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കാനും വടക്കുംചേരിയുടെ അഭിഭാഷകന് ശ്രമിച്ചു. കുറ്റവാളിക്ക് 49ഉം ഇരയ്ക്ക് 25ഉം വയസാണെന്നാണ് അഭിഭാഷകന് പറഞ്ഞത്. 2016ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 20 വര്‍ഷത്തെ ശിക്ഷയാണ് വടക്കുംചേരി അനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."