പൊരുതാം, കൊവിഡനന്തര രോഗങ്ങൾക്കെതിരേ
ലോകത്തെ പിടിച്ചുലച്ച കൊവിഡ് മഹാമാരിയുടെ പാർശ്വഫലങ്ങൾ ജനങ്ങളെ വിടാതെ പിന്തുടരുകയാണ്. കൊവിഡിനു ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളാൽ ദുരിതമനുഭവിക്കുകയാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിനു പേർ. ലോകം കൊവിഡിനു മുൻപും ശേഷവും എന്നതുപോലെ ആരോഗ്യം കൊവിഡിനു മുൻപും പിൻപും എന്നു പറയേണ്ട സാഹചര്യമാണുള്ളത്.
ഗ്ലാസ്‌ഗോ സർവകലാശാലയിലെ വിദഗ്ധസംഘം സ്‌കോട്‌ലന്റിൽ നടത്തിയ പഠനത്തിലും പുറത്തുവന്നത് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ തന്നെയാണ്. കൊവിഡ് ബാധിച്ച 20ൽ ഒരാൾ ദീർഘകാല പാർശ്വഫലങ്ങൾ അനുഭവിക്കുന്നുവെന്നായിരുന്നു ഈ പഠനം. കൊവിഡുമായി ബന്ധപ്പെട്ട തുടർ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. ഇപ്പോഴും പഠനങ്ങൾ നടക്കുന്നു. കൊവിഡ് ബാധയ്ക്കുശേഷം പലരിലും പലവിധ രോഗങ്ങളാണ് കണ്ടുവരുന്നത്. തുടക്കകാലത്ത് മിക്കവരിലും ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നുവെങ്കിൽ ഇപ്പോൾ ശരീരത്തിലെ എല്ലാ അവയവങ്ങളെയും കൊവിഡനന്തര രോഗങ്ങൾ ബാധിക്കുന്നതായാണ് കണ്ടെത്തൽ. പ്രായംചെന്ന സ്ത്രീകളെയാണ് കൊവിഡനന്തര രോഗങ്ങൾ ഏറെയും ബാധിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. മേയ് 2021ന് തുടങ്ങിയ പഠനമാണ് ഇപ്പോൾ പൂർത്തിയായത്. ശ്വാസതടസം, നെഞ്ചുവേദന, ഹൃദയമിടിപ്പ് കൂടുക, ആശയക്കുഴപ്പം തുടങ്ങിയവയാണ് കൊവിഡനന്തര അസുഖങ്ങളായി കണ്ടെത്തിയത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തെയാണ് കൊവിഡ് മുക്തമായ ശേഷവും കൊറോണ വൈറസ് തകർക്കുന്നത്.
കൊവിഡ് സ്ഥിരീകരിച്ചവർക്കും കൊവിഡാണെന്ന് അറിയാതെ അസുഖം വന്നു പോയവർക്കുമാണ് പരക്കെ കൊവിഡനന്തര അസുഖങ്ങൾ കാണുന്നത്. കൊവിഡ് ലാബിൽ സ്ഥിരീകരിച്ച 33,281 പേരെയും ഇത്തരം രോഗലക്ഷണങ്ങളുള്ള കൊവിഡ് ബാധിച്ചെന്ന് അറിയാത്ത 62,957 പേരെയും ആണ് പഠനത്തിന് വിധേയമാക്കിയത്. ഒരു വർഷം കഴിഞ്ഞിട്ടും കൊവിഡിന്റെ പാർശ്വഫലങ്ങളിൽ നിന്ന് 50 ശതമാനം പേരും മുക്തരായിട്ടില്ല.
കൊവിഡിനു ശേഷം നമ്മുടെ നാട്ടിൽ പെട്ടെന്നുള്ള ഹൃദയാഘാതവും മറ്റും സർവസാധാരണമായിട്ടുണ്ട്. കൊവിഡ് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനങ്ങളുണ്ട്. രക്തം കട്ടപിടിക്കാൻ കാരണമാകുമെന്നതിനാൽ ഹൃദയധമനികളിൽ തടസമുള്ളവർക്ക് കൊവിഡ് വില്ലനാണ്. ഇതാകാം ഹൃദയാഘാതങ്ങൾ കൂട്ടിയത്. ഏതായാലും ഹൃദ്രോഗം കൊവിഡിനു ശേഷം കൂടിയിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. ജീവിതശൈലിയുമായി ബന്ധമുള്ള അസുഖമായതിനാൽ കൊവിഡ് കാലത്തെ അനാരോഗ്യകരമായ ജീവിതശൈലി തുടരുന്നതും കാരണമാകാം. കൊവിഡ് വാക്‌സിനുകളാണോ പ്രശ്‌നങ്ങൾക്ക് കാരണമെന്നും ആളുകൾക്കിടയിൽ സംശയമുണ്ട്. ഇതിനെ സാധൂകരിക്കുന്ന പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും അതല്ല കാരണമെന്ന് തീർത്തുപറയാനും ശാസ്ത്രത്തിന് കഴിയുന്നില്ല. കൊവിഡ് വാക്‌സിനുകളുടെ പാർശ്വഫലങ്ങളെ കുറിച്ച് യൂറോപ്പിൽ ഇപ്പോഴും പഠനങ്ങൾ നടക്കുന്നുണ്ട്. കൊവിഡ് കാലത്ത് വീട്ടിലായിരുന്ന കുട്ടികൾ സ്‌കൂളിൽ തിരിച്ചെത്തിയതോടെ പനി ബാധിതരാകുന്നത് പതിവായിട്ടുണ്ട്. തുടർച്ചയായി പനി വന്ന് പഠനം മുടങ്ങുന്ന കുട്ടികളാണ് എല്ലായിടത്തും. സ്‌കൂൾ തുറന്ന ശേഷം പനി, കഫക്കെട്ട്, ജലദോഷം, ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവ ഗണ്യമായി കൂടിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റമാണോ കുട്ടികളിലെ പ്രതിരോധ ശേഷി കുറഞ്ഞതാണോ ഇതിനു കാരണമെന്ന് വ്യക്തമല്ല.
1,22,019 പേർ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പനിയെ തുടർന്ന് ചികിത്സ തേടിയെത്തിയെന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. എന്തുകൊണ്ട് കുട്ടികളിൽ പനി പടരുന്നു എന്നതിനെ കുറിച്ച് ആരോഗ്യവകുപ്പിന് കൃത്യമായ മറുപടിയില്ലെന്നതും ആശങ്കാജനകമാണ്. മൂന്നു മുതൽ ഒൻപതു വയസുവരെയുള്ള കുട്ടികളാണ് അസുഖം ബാധിക്കുന്നവരിൽ കൂടുതലും. പനികളിൽ പലതും ന്യുമോണിയ ആയതിനാൽ ജലദോഷപ്പനിയെന്നു കരുതി തള്ളിക്കളയരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൊവിഡ് വന്നവർ പ്രത്യേകിച്ചും ശ്വാസംമുട്ടൽ, കാലിൽ നീർക്കെട്ട് തുടങ്ങിയ അവസ്ഥയിലേക്ക് പോയവർ വർഷത്തിൽ ഒരിക്കൽ ഹൃദയ പരിശോധന നടത്തണമെന്നാണ് ഹൃദ്രോഗ വിദഗ്ധർ പറയുന്നത്. കൊവിഡ് മൂലം രക്തസമ്മർദം, പ്രമേഹം തുടങ്ങിയ അസുഖങ്ങൾ വർധിക്കുന്നതായും കാണുന്നുണ്ട്.
കൊവിഡ് ബാധിച്ചവർ ആരോഗ്യസ്ഥിതി അവലോകനം ചെയ്യുന്നത് നല്ലതാണ്. കൊവിഡനന്തരമായി വരുന്ന ചെറിയ ആരോഗ്യപ്രശ്‌നങ്ങൾ പിൽക്കാലത്ത് ആന്തരികാവയവങ്ങളെ ബാധിച്ചേക്കാമെന്നതിനാലാണിത്. ജലദോഷം പോലെ ഒരു പകർച്ചവ്യാധി മാത്രമാണ് കൊവിഡ് ബാധയെന്നും ആരോഗ്യമുള്ളവരിൽ അത് കാര്യമായ പ്രയാസങ്ങൾ സൃഷ്ടിക്കുകയില്ലെന്നുമുള്ള ധാരണയിൽ ലാഘവത്തോടെ കണ്ടവരും ഇപ്പോൾ കൊവിഡനന്തര രോഗങ്ങളുടെ പിടിയിലാണ്. തല മുതൽ കാൽപാദം വരെ കൊവിഡനന്തര പ്രശ്‌നങ്ങൾ മനുഷ്യരെ ഒളിഞ്ഞും തെളിഞ്ഞും പിടികൂടുന്നുണ്ടെന്ന് നമ്മൾ മറന്നുകൂടാ.
രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സിക്കുകയാണ് പോംവഴി. കൊവിഡ് മാത്രമല്ല തിരിച്ചറിഞ്ഞതും അല്ലാത്തതുമായ നിരവധി വൈറസുകളുടെ ലോകത്താണ് നാം ജീവിക്കുന്നത്. എല്ലാ വൈറസുകളെയും നേരിടാൻ വ്യക്തിശുചിത്വം പ്രധാനമാണ്. രോഗം വന്നാൽ നിസാരമായി കരുതുകയും അരുത്. മികച്ച ആരോഗ്യശീലം കുട്ടിക്കാലം മുതൽ ഉണ്ടാകണം. അത്തരമൊരു സമൂഹം വളർന്നുവന്നാൽ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാം. മാറിയ ലോകത്ത് അത് അത്യാവശ്യമാണ്. വർഷത്തിൽ പൊതു ആരോഗ്യ പരിശോധനയ്ക്ക് കുറച്ച് പണം ചെലവഴിച്ചാൽ ദീർഘകാല ചികിത്സാ ചെലവിൽ നിന്ന് രക്ഷനേടാം. ആരോഗ്യമാണ് രാജ്യത്തിന്റെയും വ്യക്തിയുടെയും സമ്പത്ത് എന്നത് നാം മറന്നുകൂടാ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."