ഇന്ധനവില കുതിക്കുന്നു; പ്രതിഷേധ സൂചകമായി പാര്‍ലമെന്റിലേക്ക് സൈക്കിള്‍ ചവിട്ടി രാഹുലും സംഘവും
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റിലെത്തിയത് സൈക്കിള്‍ ചവിട്ടി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എം.പിമാരാണ് സൈക്കിളില്‍ പാര്‍ലമെന്റിലെത്തിയത്.
ചൊവ്വാഴ്ച രാവിലെ രാഹുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് ഇത്തരമൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. തൃണമൂല്‍ നേതാവ് മഹുവ മൊയിത്ര, എന്‍.സി.പി നേതാവ് സുപ്രിയ സുലെ, ശിവസേനയുടെ സഞ്ജയ് റാവത്ത്, ഡി.എം.കെയുടെ കനിമൊഴി എന്നവരും ബ്രേക്ക്ഫാസ്റ്റ് മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നു.
തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും നേതൃത്വത്തില്‍ കാര്‍ഷിക നിയമങ്ങള്‍ എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ദീപീന്ദര്‍ സിങ് ഹൂഡ എന്നിവരെ ഡല്‍ഹി പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചതുമുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിവിധ വിഷയങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തികൊണ്ടുവന്നിരുന്നു. പെഗാസസ്, ഇന്ധവില വര്‍ധന, കര്‍ഷക സമരം, കൊവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."