നേതൃമാറ്റം ചർച്ചയായേക്കും ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിന് കൊടിയുയർന്നു
സ്വന്തം ലേഖകൻ
കൊല്ലം • ആർ.എസ്.പി സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയുയർന്നു. കന്റോൺമെന്റ് മൈതാനിയിൽ സംസ്ഥാന സെക്രട്ടറി പതാക ഉയർത്തി. ഇന്ന് വൈകിട്ട് 3ന് റെഡ് വളണ്ടിയർ മാർച്ചും ബഹുജന റാലിയും തുടർന്ന് കന്റോൺമെന്റ് മൈതാനിയിൽ പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം ആർ.എസ്.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും. എൻ.കെ പ്രേമചന്ദ്രൻ എം.പി അധ്യക്ഷനാകും. നാളെ സി. കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുൻ മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. 17ന് രാഷ്ട്രീയ കരട് പ്രമേയം അഡ്വ. ടി.സി വിജയൻ അവതരിപ്പിക്കും.
നീണ്ടനാളത്തെ ഇടവേളയ്ക്കുശേഷം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ നേതൃമാറ്റം ചർച്ചയായേക്കും. മുന്നണിമാറ്റത്തിലെ പോരായ്മകളും ചർച്ചയായേക്കും. കഴിഞ്ഞദിവസം നടന്ന സംസ്ഥാന കമ്മിറ്റിയിൽ ചവറ, കുന്നത്തൂർ മണ്ഡലങ്ങളിലെ പരാജയം സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ ഗൗരവത്തോടെ ഉൾപ്പെടുത്താത്തതിനെച്ചൊല്ലി വാക് വാദങ്ങൾ നടന്നിരുന്നു. തെരഞ്ഞെടുപ്പിൽ വീഴ്ചവരുത്തിയ നേതാക്കളെ റിപ്പോർട്ടിൽ വെള്ളപൂശുകയാണെന്നും ഇവരെ പ്രതിനിധി സമ്മേളനത്തിലെ വിവിധ കമ്മിറ്റികളിലേക്ക് സംസ്ഥാന സെക്രട്ടറി എ.എ അസീസും എൻ.കെ പ്രേമചന്ദ്രനും തിരുകിക്കയറ്റിയെന്നും യോഗത്തിൽ വിമർശനമുയർന്നു.
ഷിബു ബേബിജോണിനെ സെക്രട്ടറിയാക്കാൻ ഒരുവിഭാഗം നീക്കംനടത്തുന്നുണ്ട്. എ.എ അസീസ് തന്നെ തുടരണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. സമവായത്തിലൂടെ സെക്രട്ടറിയെ തെരഞ്ഞെടുക്കാനാണ് സാധ്യത. മുൻ മന്ത്രി ബാബു ദിവാകരന്റെ പേരും സെക്രട്ടറിസ്ഥാനത്തേക്ക് ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."