പെട്രോളിനോട് പറയാം ‘വിഡ’
വീൽ
വിനീഷ്
പെട്രോളിനോട് വിട പറയാൻ ഇതാ ഒരു കാരണം കൂടി, ‘വിഡ’. പുതിയൊരു ഇലക്ട്രിക് സ്കൂട്ടർ കൂടി ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങുകയാണ് വിഡ എന്ന ബ്രാൻഡിൽ. ലോകത്തിലെ തന്നെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ്പ് പുറത്തിറക്കുന്ന ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ കൂടിയാണിത്. ഹീറോ വിഡ V1 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിൻ്റെ രണ്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. വിഡ V1 പ്ലസിന് 1.45 ലക്ഷം രൂപയും വിഡ V1 പ്രോ വേരിയന്റിന് 1.59 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ബുക്കിങ് ഒക്ടോബർ 10 മുതൽ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ രണ്ടാംവാരം മുതൽ ഡെലിവറികൾ ആരംഭിക്കുമെന്നുമാണ് ഹീറോ മോട്ടോകോർപ് അറിയിച്ചിരിക്കുന്നത്. 3.94 കിലോവാട്ട് ബാറ്ററിയുള്ള വിഡ V1 പ്രോയ്ക്ക് 165 കിലോമീറ്റർ റേഞ്ചും3.44 കിലോവാട്ട് ബാറ്ററിയുമായി വരുന്ന V1 പ്ലസിന് 143 കിലോമീറ്റർ റേഞ്ചും ലഭിക്കുമെന്നാണ് ഹീറോ അവകാശപ്പെടുന്നത്.
4
ബംഗളൂരു, ജയ്പൂർ, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് ഹീറോ വിഡ V1 ആദ്യം ഇറങ്ങുന്നത്. ഇലക്ട്രിക് രംഗത്തെ വിചിത്രമായ രൂപകൽപന പിന്തുടരാതെ, പരമ്പരാഗത പെട്രോൾ സ്കൂട്ടറുകളുടെ ശൈലി തന്നെയാണ് വിഡയിൽ ഹീറോ പിന്തുടർന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ബാറ്ററി പായ്ക്ക് പോർട്ടബിൾ ആയതിനാൽ ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് അത് വീട്ടിനകത്ത് കൊണ്ടുപോയി ചാർജ് ചെയ്യാനും സാധിക്കും. 11 കിലോ വീതം ഭാരം വരുന്ന രണ്ട് ബാറ്ററികളാണ് സീറ്റിനടിയിലുള്ളത്. രണ്ട് വേരിയന്റുകൾക്കും മണിക്കൂറിൽ 80 കിലോമീറ്ററിന്റെ പരമാവധി വേഗതയുണ്ടാകും. ഇക്കോ, റൈഡ്, സ്പോർട്ട് എന്നീ റൈഡിങ് മോഡുകളുമായാണ് വിഡ V1 ഇലക്ട്രിക് സ്കൂട്ടറുകൾ വിപണിയിൽ എത്തുന്നത്. ഓവർ-ദി-എയർ അപ്ഡേറ്റുകൾ, 7 ഇഞ്ച് ടച്ച്സ്ക്രീൻ, കീലെസ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഫോളോ-മീ ഹോം ഹെഡ്ലാമ്പുകൾ, ഫൈൻഡ്-മീ ലൈറ്റുകൾ എന്നിവയെല്ലാം ഹീറോ വിഡ ഇ.വിയിൽ ഉൾപ്പെടുന്നുണ്ട്. ഇലക്ട്രിക് സ്കൂട്ടറിന്റെ ലോഞ്ചിനു പുറമേ, വിഡ ചാർജിങ് നെറ്റ്വർക്കും ഹീറോ മോട്ടോകോർപ് ഒരുക്കുന്നുണ്ട്. കൂടാതെ എഥർ ഇലക്ട്രിക് സ്കൂട്ടറുകളുടെ ചാർജിങ് സ്റ്റേഷനുകളിലും വിഡ സ്കൂട്ടറുകൾ ചാർജ് ചെയ്യാം. എഥറിന് നിലവിൽ രാജ്യത്താകമാനം 350 ചാർജിങ് സ്റ്റേഷനുകളുണ്ട്.ബംഗളൂരു ആസ്ഥാനമായുള്ള എഥർ ഇലക്ട്രിക്കിൻ്റെ പ്രമുഖ ഷെയർ ഹോൾഡർ കൂടിയാണ് ഹീറോ മോട്ടോ കോർപ്പ്. ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പ്രത്യേകം ചാർജിങ് പോർട്ടുകളായിരുന്നു ഇതുവരെ കമ്പനികൾ നൽകിയിരുന്നത്. അതുകൊണ്ടു തന്നെ സാധാരണ ചാർജിങ് സ്റ്റേഷനുകളിൽ ഇവ ചാർജ് ചെയ്യാൻ സാധിക്കുമായിരുന്നില്ല. ഇതിനൊരു പരിഹാരം കൂടിയാകും സ്കൂട്ടറുകൾക്ക് ഉപയോഗിക്കാവുന്ന കോമൺ ചാർജിങ് സ്റ്റേഷനുകൾ. ജപ്പാൻ കമ്പനിയായ ഹോണ്ടയുമായി കൂട്ടുകൂടി ഇന്ത്യൻ വിപണിയിൽ ഇരുചക്രവാഹനങ്ങൾ ഇറക്കി ഒടുവിൽ ഹോണ്ടയെക്കാൾ വലുതായ ചരിത്രമാണ് ഹീറോ മോട്ടോ കോർപ്പിനുള്ളത്.അതുകൊണ്ടു തന്നെ ഇലക്ട്രിക് വാഹന രംഗത്തേക്ക് ഇവർ കാലെടുത്തുവയ്ക്കുന്നത് എതിരാളികളെയും തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."