HOME
DETAILS

കാസര്‍കോട് പാക്കേജ് എന്നുവരും?

  
backup
August 04 2021 | 20:08 PM

98653616523-2

 


ടി.കെ ജോഷി

ഒരു അയല്‍സംസ്ഥാനം അതിന്റെ അതിര്‍ത്തികള്‍ കൊട്ടിയടച്ചാല്‍ കേരളത്തില്‍ നിരവധി ജീവനുകള്‍ പൊലിയും. രാജ്യത്തുതന്നെ കേട്ടുകേള്‍വിയില്ലാത്ത ഈ വിരോധാഭാസം കാസര്‍കോട്ടുകാരുടെ ജീവിതദുരിതത്തിന്റെ ഭാഗമാണ്. കഴിഞ്ഞ കൊവിഡ് കാലത്ത് കര്‍ണാടക അവരുടെ അതിര്‍ത്തികള്‍ അടച്ചപ്പോള്‍ കാസര്‍കോട്ട് 20 ലേറെ പേരാണ് ചികിത്സ കിട്ടാതെ മരിച്ചത്. ഇതില്‍ സാധാരണ രോഗം ബാധിച്ചവരാണ് ഏറെയും. അതു നല്‍കാന്‍ പോലും കാസര്‍കോട്ടെ നമ്മുടെ ചികിത്സാ സംവിധാനത്തിന് കഴിഞ്ഞില്ല. സാധാരണ അസുഖങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യത്തിന്റെ കാര്യത്തില്‍ പോലും ജില്ല എത്ര പിന്നോക്കമായിരുന്നുവെന്നാണ് ഈ ഓരോ മരണവും മലയാളികളെ ഓര്‍മിപ്പിച്ചിരുന്നത്. സമാനമായ സാഹചര്യമാണ് ഇപ്പോഴും തുളുനാട്ടില്‍, വീണ്ടും അതിര്‍ത്തിയില്‍ പൂട്ടു വീണതോടെ നിരവധി രോഗികളുടെ തുടര്‍ചികിത്സ മുടങ്ങിയിരിക്കുകയാണ്. അത്യാസന്ന രോഗികള്‍ വിദഗ്ധ ചികിത്സ കിട്ടാതെ മരണവക്കിലും. ജീവന്‍ നിലനിര്‍ത്താനായി ആതുരാലയങ്ങള്‍ തേടിയുള്ള പരക്കംപാച്ചിലിനിടെ വഴിയില്‍ തടയപ്പെടുക, പിന്നെ മരണത്തിനും ജീവിതത്തിനുമിടയില്‍ നിമിഷങ്ങളെണ്ണി കഴിയുക, ഒടുവില്‍ ആംബുലന്‍സില്‍ കിടന്ന് അവസാന ശ്വാസത്തിനായുള്ള പിടച്ചില്‍- ഭീകരമാണവസ്ഥ. ഈ നിമിഷങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവരുന്ന ഉറ്റവരുടെ നിസഹായതയാണ് അതിനേക്കാള്‍ ഹൃദയഭേദകം. ആരാണ് ഇതിനുത്തരവാദി? തലസ്ഥാനത്തെ സെക്രട്ടേറിയറ്റ് പടിക്കല്‍ പാറി നടക്കുന്ന എല്ലാ കൊടികളും കാസര്‍കോടിന്റെ മണ്ണിലും ആഴ്ന്നിറങ്ങിയത് തന്നെയാണ്. എന്നിട്ടും വികസനത്തിന്റെ വീതംവയ്പില്‍ പിന്നോക്ക പട്ടികയില്‍ നിന്നും ഈ ജില്ലയ്ക്ക് ഇതുവരെ പുറത്തുകടക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല എന്നത് ഇനിയെങ്കിലും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.


അസം-മിസോറം അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ വാര്‍ത്ത നമ്മെ ആശങ്കപ്പെടുത്തുന്നതാണ്. ഒരു റിപ്പബ്ലിക്കന്‍ രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളുടെ പൊലിസുകാര്‍ തമ്മില്‍ വെടിയുതിര്‍ക്കുക. ആറ് പൊലിസുകാര്‍ കൊല്ലപ്പെടുക. കേരളം ഉള്‍പ്പെടെ ഇത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യുമ്പോഴാണ് കാസര്‍കോട്ടെ ജനങ്ങളും കര്‍ണാടക പൊലിസും കഴിഞ്ഞ ദിവസം നേര്‍ക്കുനേര്‍ വന്നത്. ഇത് അതിര്‍ത്തിയിലെ ഒരുതരി മണ്ണിനോ ഒരുതുള്ളി വെള്ളത്തിനോ വേണ്ടിയല്ല. തങ്ങള്‍ക്ക് മുന്‍പില്‍ വാതിലുകള്‍ കൊട്ടിയടച്ചാല്‍ നിഷേധിക്കപ്പെടുന്ന ചികിത്സയെക്കുറിച്ചുള്ള ഒരു സാധാരണ ജനതയുടെ ആകുലതയെത്തുടര്‍ന്നായിരുന്നു. എന്നിട്ടും കേരള മോഡല്‍ എന്നഹങ്കരിക്കുന്നവരുടെ തലകള്‍ കുനിയുന്നില്ല എന്നതാണ് ആശ്ചര്യകരം!


എന്തുകൊണ്ടാണ് ഒരു ജില്ലയിലെ ജനങ്ങള്‍ക്ക് സ്വന്തമോ വേണ്ടപ്പെട്ടവരുടെയോ ജീവന്‍ രക്ഷിക്കാന്‍ എപ്പോഴും അയല്‍സംസ്ഥാനത്തെ ആശ്രയിക്കേണ്ടിവരുന്നത്. മികച്ച ആതുരാലയങ്ങള്‍ ഇവിടെ ഉയരാതിരിക്കുന്നതിന് പിന്നില്‍ ആരുടെ അജന്‍ഡകളാണ്. പ്രഖ്യാപിച്ച മെഡിക്കല്‍ കോളജാകട്ടെ ടാറ്റായുടെ കൊവിഡ് അശുപത്രിയാകട്ടെ ജില്ലാ ആശുപത്രിയാകട്ടെ വിവാദങ്ങളുടെയും ബാലാരിഷ്ടതയുടെയും കഥകള്‍ മാത്രം എന്തുകൊണ്ടിങ്ങനെ തുടര്‍ച്ചയായി പറയുന്നു. നിലയ്ക്കാതെ ഉയരുന്ന നിലവിളികള്‍ക്കിടയിലെങ്കിലും ഇത് പരിശോധിക്കപ്പെടേണ്ടതാണ്. ഈ കൊവിഡ് കാലത്ത് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍കോടന്‍ ജനത നേരിടുന്ന ദുരിതം തലസ്ഥാനഗരിയിലെ ആഡംബരജീവിതം നയിക്കുന്ന ഭരണാധികാരികള്‍ക്ക് മനസിലാവില്ലായിരിക്കാം. എന്നാല്‍ അതിന് ജീവന്റെ വിലയുണ്ട് എന്ന് മറന്നുപോകരുത്.


കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് ആര്‍.ടി-പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ണാടക നിര്‍ബന്ധമാക്കിയതോടെയാണ് വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായത്. യാത്രക്കാരെയും വാഹനങ്ങളെയും സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ കഴിഞ്ഞ ദിവസം കര്‍ണാടക പൊലിസ് തടഞ്ഞത് പ്രദേശവാസികളുമായുള്ള പോര്‍വിളിയിലും സംഘര്‍ഷത്തിലുമെത്തിച്ചു. മഞ്ചേശ്വരം സ്വദേശിയെ കര്‍ണാടക പൊലിസ് കസ്റ്റഡിയിലെടുത്തു. കേരള പൊലിസും സ്ഥലത്തെത്തിയിരുന്നു. ദേശീയപാത വഴിയല്ലാതെ കര്‍ണാടകയിലേക്ക് കടക്കാനുള്ള ഇടവഴികള്‍ മണ്ണിട്ട് അടയ്ക്കാനുള്ള ശ്രമവും കഴിഞ്ഞദിവസം കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ട്രെയിന്‍ വഴി എത്തിയ കേരളത്തില്‍ നിന്നുള്ള നിരവധി പേരെ കൊവിഡ് പരിശോധനയുടെ പേരില്‍ മംഗളൂരുവില്‍ ടൗണ്‍ഹാളിലാണ് ബലമായി പാര്‍പ്പിച്ചത്. ഏറെ പേരും ട്രെയിന്‍മാര്‍ഗം എത്തിയത് ചികിത്സാ ആവശ്യങ്ങള്‍ക്കായിരുന്നു. ഒരു നാടിന്റെ ദയനീയതയില്‍ നിന്നു ഉയരുന്ന പ്രശ്‌നമാണ് ഇവിടെ നിഴലിക്കുന്നതെന്ന് ഇകാലത്തും കാണാതെ പോകരുത്.


ആരോഗ്യരംഗത്തു മാത്രം ഒതുങ്ങുന്നതല്ല കാസര്‍കോടിന്റെ പിന്നോക്ക ചിത്രം. അത് വിദ്യാഭ്യാസ, തൊഴില്‍ മേഖലയും കടന്ന് ടൂറിസത്തിലേക്കും കാര്‍ഷികത്തിലേക്കുമെല്ലാം നീളുന്നതാണ്. പി.എസ്.സി ഏത് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചാലും മറ്റ് ജില്ലകളില്‍ നിന്നുള്ള അപേക്ഷകളുടെ എണ്ണം കാസര്‍കോടില്‍ കൂടുതലായിരിക്കും. പൊതുവേ സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂളുകളും കുറവായ കാസര്‍കോട് എന്താണ് ഇത്ര ഒഴിവുകള്‍ എന്നറിയണമെങ്കില്‍ ഇവിടുത്തെ സര്‍ക്കാര്‍ സംവിധാനത്തെ മനസിലാക്കിയാല്‍ മതി. കാസര്‍കോട്ടുകാരുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ മുതലെടുത്ത് ഇവിടെ പരീക്ഷ എഴുതി പി.എസ്.സി ലിസ്റ്റുകളില്‍ കയറിപ്പറ്റി ജോലി നേടുന്നതില്‍ ഏറെ പേരും ഇതര ജില്ലകളില്‍ നിന്നുള്ളവരായിരിക്കും. മത്സരപ്പരീക്ഷയില്‍ കാസര്‍കോട്ടുകാര്‍ക്ക് ഇവരോട് എതിരിട്ട് റാങ്ക് ലിസ്റ്റിന്റെ മുകളിലെത്തുക ദുഷ്‌കരമാണ്. അധ്യാപക തസ്തികയില്‍ ഉള്‍പ്പെടെ ഇങ്ങനെ നിയമനം ലഭിക്കുന്നവര്‍ ഏറെയും മറ്റു ജില്ലകളില്‍ നിന്നുള്ളവരായിരിക്കും. അഞ്ചുവര്‍ഷം നിയമനം ലഭിച്ച ജില്ല എന്ന നിലയില്‍ കാസര്‍കോട് സേവനം ചെയ്ത ശേഷം ഉദ്യോഗസ്ഥര്‍ക്ക് അവരവരുടെ ജില്ലയിലേക്ക് അഭ്യര്‍ഥന പ്രകാരം സ്ഥലംമാറ്റം ലഭിക്കും. ഇങ്ങനെ ഓരോ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുന്നവരും സ്വന്തം ജില്ലയിലേക്കോ ഇഷ്ടജില്ലയിലേക്കോ സ്ഥലം മാറ്റിവാങ്ങി പോകുന്നതിനാല്‍ ഓരോ വര്‍ഷവും കാസര്‍കോട് സര്‍ക്കാര്‍ ഓഫിസുകളിലെ കസേരകള്‍ കാലിയാകും. പിന്നെ അടുത്ത പി.എസ്.സി റാങ്ക് ലിസ്റ്റു വന്നതിനുശേഷം വേണം ഈ ഒഴിവുകള്‍ നികത്താന്‍. ഇത് ഭരണ സംവിധാനത്തെ കുറച്ചൊന്നുമല്ല പിറകോട്ടടിപ്പിക്കുന്നത്. ഇത്തവണ ഓണ്‍ലൈന്‍ ക്ലാസെടുക്കാന്‍ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ ബി.എഡിനും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികളെ കൊണ്ട് ക്ലാസെടുപ്പിക്കാന്‍ അധികൃതര്‍ ശ്രമം നടത്തിയത് കടുത്ത അധ്യാപക ക്ഷാമത്തെ തുടര്‍ന്നാണ്.
ഇപ്പോഴും സര്‍ക്കാര്‍ ഓഫിസുകളില്‍ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും തെക്കന്‍ ജില്ലയില്‍ നിന്നുള്ളവരാണ്. സ്ഥലംമാറ്റം പ്രതീക്ഷിച്ചാണ് അവര്‍ ഓരോ ദിവസവും ഓഫിസുകളില്‍ എത്തുന്നത്. ജീവനക്കാര്‍ ഏറെയും ഇതര ജില്ലകളില്‍ നിന്നുള്ളവരായതിനാല്‍ തിങ്കളാഴ്ചയും ശനിയാഴ്ചയുമൊന്നും മിക്കവാറും പേര്‍ ഓഫിസിലുണ്ടാവില്ല.
ഭാഷയിലുമുണ്ട് പ്രശ്‌നം. കാസര്‍കോട്ടുകാര്‍ മലയാളം പറയുന്നതിന്റെ ശൈലി മാത്രമല്ല പ്രശ്‌നം. ജില്ലയുടെ വടക്കു ഭാഗത്തുള്ളവരില്‍ വലിയൊരു ഭാഗം കന്നഡ സംസാരിക്കുന്നവരാണ്. ഇതൊന്നും സംസ്ഥാനത്തിന്റെ തെക്കുനിന്നെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മനസിലാവില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ പോകുമ്പോള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സാധിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ഭാഷാ ന്യൂനപക്ഷ ജില്ലയായി പ്രഖ്യാപിച്ചിട്ടു പോലും കാസര്‍കോട്ടുകാരുടെ ഭാഷാ അസ്തിത്വത്തെയാണ് ചില ഉദ്യോഗസ്ഥര്‍ അറിയാതെയാണെങ്കിലും ചോദ്യം ചെയ്യുന്നത്.


ടൂറിസത്തിന് വേണ്ടത്ര സാധ്യതകളുണ്ടായിട്ടും എന്തുകൊണ്ട് ജില്ല അവഗണിക്കപ്പെടുന്നുവെന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. ആസൂത്രണം ചെയ്യുന്ന ഉദ്യോഗസ്ഥ മനസിന് ഇതില്‍ ഏറെ പങ്കുണ്ട്. മറ്റു ജില്ലകളിലൊന്നും കണ്ടുവരാത്ത തരത്തില്‍ കോട്ടകളാല്‍ സമ്പന്നമായ ജില്ലയാണ് കാസര്‍കോട്. ബേക്കല്‍ കോട്ടയാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ മുന്‍പന്തിയുള്ളത്. ചന്ദ്രഗിരി കോട്ട, ആരിക്കാടി കോട്ട, ഹൊസ്ദുര്‍ഗ് കോട്ട, പൊവ്വല്‍ കോട്ട തുടങ്ങി വേറെയും കോട്ടകളുണ്ട്. എന്നാല്‍ ശ്രദ്ധ വേണ്ടത്ര ലഭിക്കാതെ കോട്ടമതിലിടിഞ്ഞും കാടുമൂടിയും നശിക്കുകയാണിവ. മലബാറിന്റെ ഊട്ടിയെന്ന് വിശേഷിപ്പിക്കാവുന്ന റാണിപുരം വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ ഇനിയും വളര്‍ന്നിട്ടില്ല. ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന മാടക്കാലും ഇടയിലക്കാടും ടൂറിസം രംഗത്ത് ജില്ലയുടെ മറ്റൊരു സാധ്യതയാണ്. രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലമായിരുന്ന മാടക്കാല്‍ തൂക്കുപാലം ഉദ്ഘാടനം കഴിഞ്ഞതിന്റെ അന്‍പത്തിയെട്ടാം നാള്‍ പൊളിഞ്ഞു വീണ ചരിത്രം പോലുമുണ്ട്. ഉത്തര കാസര്‍കോടിന്റെ പ്രകൃതി രമണീയമായ പ്രദേശങ്ങളാണ് പൊസടി ഗുംപെ മലനിരകള്‍, അച്ചാംതുരുത്തി, നെല്ലിക്കുന്ന് ബീച്ച് തുടങ്ങിയവ. അവയും വികസിക്കുന്നില്ല. ഇതുള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായ പരിഹാരം കാണേണ്ടത് കേരള സര്‍ക്കാര്‍ തന്നെയാണ്.


എന്നാല്‍ യാത്രാസൗകര്യം പുനരാരംഭിക്കാനുള്ള ചീഫ് സെക്രട്ടറി തലത്തിലുള്ള ചര്‍ച്ചയായി മാത്രം കാസര്‍കോടിന്റെ വിഷയത്തെ ചുരുക്കരുത്. അത് ഒരു താല്‍ക്കാലിക പ്രശ്‌നപരിഹാരം മാത്രമാണ്. വേണ്ടത് സമൂലവികസനമാണ്. പുതിയ ഒരു കാസര്‍കോട് പാക്കേജ് തന്നെ വേണം. അതിനുള്ള തുടക്കമാകണം ഈ കൊവിഡ് പ്രതിസന്ധി. വൈവിധ്യ സവിശേഷതകള്‍ പോലെ ഒരുപാട് സങ്കീര്‍ണതകളും അലിഞ്ഞുചേര്‍ന്നിരിക്കുന്നതാണ് തുളുനാട്. ഇവിടെ താമസിക്കുന്നവര്‍ കേരളത്തിന്റെ ഭാഗംതന്നെയാണ്. അവരും നല്‍കുന്ന നികുതിപ്പണം കൊണ്ടാണ് വികസനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. എന്നിട്ടും വികസനം ശതാബ്ദിയും ഇന്റര്‍സിറ്റിയും പോലെ ഒരുപാട് അകലെവന്ന് നില്‍ക്കുന്നു. കാസര്‍കോട്ടുകാരുടെ ശബ്ദത്തിന് അനന്തപുരിയെ ഉലയ്ക്കാനുള്ള ശക്തിയില്ലെങ്കിലും ഇനിയും കാത്തിരിക്കൂവെന്ന് പറയാതിരിക്കാനുള്ള മാന്യതയെങ്കിലും ഭരണാധികാരികള്‍ കാട്ടണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago