നിരോധനം മാറി; യുഎഇയിലേക്ക് 75,000 ടൺ ഇന്ത്യൻ അരിയെത്തുന്നു
നിരോധനം മാറി; യുഎഇയിലേക്ക് 75,000 ടൺ ഇന്ത്യൻ അരിയെത്തുന്നു
ദുബൈ: യുഎഇയിലേക്ക് 75,000 ടൺ ബസ്മതി ഇതര വെള്ള അരി കയറ്റുമതി ചെയ്യാൻ ഇന്ത്യ അനുമതി നൽകി. ജൂലൈ 20 മുതൽ നിർത്തിവെച്ച കയറ്റുമതിയാണ് ഇപ്പോൾ ഭാഗികമായി പുനരാരംഭിക്കുന്നത്. യുഎഇയിലേക്കുള്ള കയറ്റുമതി നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട്‌സ് ലിമിറ്റഡ് വഴിയാണ് അനുവദിച്ചിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) അറിയിച്ചു.
ആഭ്യന്തര വില നിയന്ത്രിക്കുന്നതിന്റെയും ആഭ്യന്തര ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഇന്ത്യ ജൂലൈ 20 മുതൽ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിച്ചത്. അതേസമയം, മറ്റ് രാജ്യങ്ങൾക്ക് അവരുടെ ഭക്ഷ്യസുരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കയറ്റുമതി ആവശ്യമാണ്. യുഎഇക്ക് ലഭിക്കുന്ന വിഹിതത്തിൽ നിന്ന് മറ്റു രാജ്യങ്ങളുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലായിരിക്കും അവിടേക്കുള്ള കയറ്റുമതി അനുവദിക്കുകയെന്ന് ഡി.ജി.എഫ്.ടി അഭിപ്രായപ്പെട്ടു.
സിംഗപ്പൂരിന്റെ ഭക്ഷ്യ സുരക്ഷാ ആവശ്യകതകൾ നിറവേറ്റുന്നതിനായി അരി കയറ്റുമതി അനുവദിക്കാൻ കഴിഞ്ഞ മാസം ഇന്ത്യ തീരുമാനിച്ചിരുന്നു.
ഇന്ത്യയിൽ നിന്ന് ബസ്മതി ഇതര അരി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബെനിൻ. യുഎഇ, നേപ്പാൾ, ബംഗ്ലാദേശ്, ചൈന, കോട്ട് ഡി ഐവയർ, ടോഗോ, സെനഗൽ, ഗിനിയ, വിയറ്റ്നാം, ജിബൂട്ടി, മഡഗാസ്കർ, കാമറൂൺ സൊമാലിയ, മലേഷ്യ, ലൈബീരിയ എന്നിവയാണ് മറ്റ് രാജ്യങ്ങൾ.
2022 സെപ്തംബറിൽ, ഇന്ത്യയിലെ നെൽകൃഷിയുടെ വിസ്തൃതിയിലെ ഇടിവ് മൂലം ഉൽപ്പാദനം കുറഞ്ഞപ്പോൾ ബസ്മതി അരിയുടെ കയറ്റുമതി നിരോധിക്കുകയും ബസ്മതി ഇതര അരിയുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്തുകയും ചെയ്തു. പിന്നീട് നവംബറിൽ ഈ നിരോധനം നീക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."