മൂന്നുവര്‍ഷത്തിനിടെ കേസുകള്‍ 34 മാത്രം; ആരും ശിക്ഷിക്കപ്പെട്ടില്ല
പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം: സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 34 കേസുകള്‍ മാത്രം. ഐ.പി.സി 304 ബി പ്രകാരം 2018, 2019, 2020 വര്‍ഷങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2018 ല്‍ ആകെ 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 16 എണ്ണത്തില്‍ മാത്രമാണ് ചാര്‍ജ് ഷീറ്റ് നല്‍കിയത്. 2019 ല്‍ ആകെ 10 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തപ്പോള്‍ ചാര്‍ജ് ഷീറ്റ് നല്‍കിയത് ഒന്‍പതെണ്ണത്തില്‍ മാത്രം. 2020 ല്‍ രജിസ്റ്റര്‍ ചെയ്ത ആറു കേസുകളില്‍ അഞ്ചെണ്ണത്തിലും ചാര്‍ജ് ഷീറ്റ് നല്‍കി. എന്നാല്‍, ഈ കേസുകളിലൊന്നും ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഈ വര്‍ഷം എട്ടുമാസത്തിനിടെ രണ്ടു കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കൊല്ലം ജില്ലയിലെ വിസ്മയയുടെ മരണമുള്‍പ്പെടെയുള്ള ഈ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അധികൃതരുടെ വിശദീകരണം.
അഞ്ചുവര്‍ഷത്തിനിടെ മരണമടഞ്ഞത്
66 പെണ്‍കുട്ടികള്‍
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 66 പെണ്‍കുട്ടികളാണ് സ്ത്രീധനത്തിന്റെ പേരില്‍ പീഡനമേറ്റ് മരണമടഞ്ഞതെന്നാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. 2016 ല്‍ 25 പേര്‍ മരിച്ചു.
2017 ല്‍ 12 ഉം, 2018 ല്‍ 17 ഉം, 2019 ലും 2020 ലും ആറുവീതം പേര്‍ക്കും ജീവന്‍ നഷ്ടമായി. അതേസമയം യഥാര്‍ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സ്ത്രീധന നിരോധന നിയമത്തിലെ സെക്ഷന്‍ രണ്ട് മാനദണ്ഡമാക്കിയാണ് പൊലിസിന് കേസെടുക്കാനുള്ള അധികാരം നല്‍കിയത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ മരണം സംഭവിച്ചാല്‍ ഏഴുവര്‍ഷം തടവിനു ശിക്ഷിക്കാം. എന്നാല്‍ ഇതുവരെയും ആര്‍ക്കും ശിക്ഷ വാങ്ങി നല്‍കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ലെന്നാണ് വെളിപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."