വ്യവസായ വകുപ്പില്‍ ഇഷ്ടക്കാര്‍ക്ക് ഇരട്ടപ്പദവി 9 പേര്‍ 24 സ്ഥാപനങ്ങളുടെ തലപ്പത്ത്
വിജിലന്‍സ് അന്വേഷണം നേരിടുന്നയാള്‍ തലപ്പത്തിരിക്കുന്നത് മൂന്ന് സ്ഥാപനങ്ങളില്‍
ബാസിത് ഹസന്‍
തൊടുപുഴ: വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാര്‍ക്ക് ഇരട്ടപ്പദവി. ഭരണകക്ഷിയുമായി ഏറ്റവും അടുപ്പമുള്ള ഒമ്പത് പേര്‍ 24 സ്ഥാപനങ്ങളുടെ തലപ്പത്തുണ്ട്. വിജലന്‍സ് അന്വേഷണം നേരിടുന്നവരടക്കം ഇരട്ടപ്പദവി വഹിക്കുന്നുണ്ട്. ഇതില്‍ മൂന്നു പേര്‍ മൂന്ന് സ്ഥാപനങ്ങളുടെ മാനേജിങ് ഡയരക്ടര്‍ സ്ഥാനം വഹിക്കുന്നുണ്ട്.
ഫോറസ്റ്റ് ഇന്റസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ മാനേജിങ് ഡയരക്ടര്‍ സായ്‌ദേവ്. എം, മലപ്പുറം സഹകരണ സ്പ്പിന്നിങ് മില്‍ എം.ഡി എം.കെ സലീം എന്നിവര്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നവരാണ്. മുന്‍ എം.ഡിമാരായ എന്‍.ആര്‍ സുബ്രഹ്മണ്യന്‍ (മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ്), പ്രഭാത്കുമാര്‍ (കെല്‍ടെക്), സജി ബഷീര്‍ (സിഡ്‌കോ ആന്‍ഡ് കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്), കെ.വി മേനോന്‍ (ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടര്‍, ടെക്‌സ്‌റ്റൈല്‍ ഫെഡറേഷന്‍ കേരള ലിമിറ്റഡ്), ടി.സി ഖാലിദ് (തൃശൂര്‍ കോഓപറേറ്റീവ് സ്പിന്നിങ് മില്‍), ഈപ്പന്‍ ജോസഫ് (ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ്), എം. പ്രകാശ് (ഹാന്റെക്‌സ്), കെ. പത്മകുമാര്‍ (മലബാര്‍ സിമന്റ്‌സ്) എന്നിവരും വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്. കഴിഞ്ഞ 29 ന് കെ.പി.എ മജീദ് എം.എല്‍.എ നിയമസഭയില്‍ ഇതുസംബന്ധിച്ച ചോദ്യം ഉന്നയിച്ചിരുന്നു. സ്ഥാപനത്തിന്റെ സ്വഭാവം അനുസരിച്ചാണ് എം.ഡിമാരുടെ യോഗ്യത തീരുമാനിക്കുന്നത് എന്ന വിചിത്രമായ മറുപപടിയാണ് വ്യവസായ മന്ത്രി പി. രാജീവില്‍നിന്നു ലഭിച്ചത്.
എം.ഡി സ്ഥാനത്ത് തുടരുന്നവരില്‍ സര്‍വിസില്‍നിന്നു വിരമിച്ചവരും ഉണ്ട്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലൂടെ താഴ്ന്ന തസ്തികയില്‍നിന്ന് എം.ഡി. തസ്തികയില്‍ എത്തി എട്ടു വര്‍ഷത്തില്‍ കൂടുതലായി തുടരുന്നവരുമുണ്ട്.വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്പിന്നിങ് മില്ലുകളിലും ചട്ടവിരുദ്ധ ഡെപ്യൂട്ടേഷനുകള്‍ വ്യാപകമാണ്.
ഒരോ വര്‍ഷവും രണ്ടു കോടി മുതല്‍ 12 കോടി രൂപ വരെ നഷ്ടം വരുത്തുന്ന സ്ഥാപനങ്ങളാണ് ഇവയില്‍ പലതും. അസംസ്‌കൃത വസ്തുവായ പരുത്തി, ഉല്‍പ്പന്നമായ നൂല്‍ എന്നിവ വില്‍പന നടത്തുന്നതില്‍ ഉന്നതങ്ങളില്‍ നടക്കുന്ന വ്യാപക അഴിമതിയും ക്രമക്കേടും കാരണമാണ് മില്ലുകളില്‍ ഒരോ വര്‍ഷവും കോടികള്‍ നഷ്ടമുണ്ടാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."