പ്രവാചകന്റെ ചെരുപ്പിന്റെ മാതൃക സഊദിയിൽ പ്രദർശനത്തിന്
റിയാദ്: പ്രവാചകന്റെ ചെരുപ്പിന്റെ മാതൃക ശ്രദ്ധേയമാകുന്നു. സഊദിയിലെ ദഹ്റാനിലാണ് പ്രവാചകന്റെ ചെരുപ്പിന്റെ മാതൃക പ്രദർശിപ്പിക്കുന്നത്. ദഹ്റാനിൽ കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ “ഇത്റ”യിൽ നടത്തി വരുന്ന എക്സിബിഷനിലാണ് അന്ത്യ ദൂതരായ മുഹമ്മദ് നബിയുടെ ചെരിപ്പിന്റെ പകർപ്പ് ഏവരുടെയും ശ്രദ്ധ കവരുന്നത്. “പ്രവാചകന്റെ കാൽചുവടുകളിലെ കുടിയേറ്റം” എന്ന് തലവാചകത്തിലാണ് എക്സിബിഷൻ നടത്തുന്നത്.
അൻഡലൂഷ്യയിൽ നിന്നുള്ള കരകൗശല വിദഗ്ധർ നിർമ്മിച്ചതാണ് ഈ മാതൃകയെന്നാണ് ചരിത്രം. മൊറോക്കൻ ഹദീസ് പണ്ഡിതനായ ഇബ്നു അസാകിറിന്റെ റിപ്പോർട്ട് അനുസരിച്ച് 13 ആം നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ഒറിജിനൽ ചെരുപ്പിന്റെ പകർപ്പാണിത്.
അസാധാരണവും അഭൂതപൂർവവുമായ രീതിയിലുള്ള ആഗോള പ്രദർശനത്തിലൂടെ അവതരിപ്പിക്കപ്പെട്ട ഗുണപരമായ പദ്ധതിയാണ് പ്രവാചകന്റെ കാൽചുവടുകളിലെ കുടിയേറ്റമെന്ന് ഇത്റ ഡയറക്ടർ അബ്ദുല്ല അൽ റഷീദ് പറഞ്ഞു. പ്രാദേശികവും അന്തർദേശീയവുമായ വിദഗ്ധർ സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത പുരാവസ്തു ശകലങ്ങളുടെയും ശേഖരണങ്ങളുടെയും ഒരു കൂട്ടം ഇവിടെ പ്രദർശനത്തിലുണ്ട്.
ഇസ്‌ലാമിക നാഗരികതയുടെ സമ്പന്നത പ്രതിഫലിപ്പിക്കുന്ന തുണിത്തരങ്ങൾ, കൈയെഴുത്തു പ്രതികൾ, ശേഖരണങ്ങൾ എന്നിവയുൾപ്പെടെയുള്ള പുരാവസ്തുക്കളുടെ വൻ ശേഖരം തന്നെ എക്‌സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 70 ഓളം ഗവേഷകരുടേയും കലാകാരന്മാരുടേയും സഹായത്തോടെയാണ് എക്സിബിഷൻ അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."