മധ്യപ്രദേശിലും പ്രളയം; 1,200 ഗ്രാമങ്ങള്‍ വെള്ളത്തില്‍; പാലങ്ങള്‍ തകര്‍ന്നു
6,000 പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി
ഭോപ്പാല്‍: പശ്ചിമബംഗാളിനു പിന്നാലെ മധ്യപ്രദേശിലും പ്രളയം. ഗ്വാളിയോര്‍- ചമ്പല്‍ മേഖലയിലുണ്ടായ കനത്ത മഴയിലും പ്രളയത്തിലും ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുപോയതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി കരസേനയേയും വ്യോമസേനയേയും വിന്യസിച്ചു.
1,200 ഗ്രാമങ്ങളെ പ്രളയം കാര്യമായി ബാധിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. ശിവപുരി, ശിയോപൂര്‍, ഡാറ്റിയ, ഗ്വാളിയോര്‍, ഗുണ, ഭിന്ദ്, മൊറേന ജില്ലകളെയാണ് പ്രളയം ബാധിച്ചത്.
240 ഗ്രാമങ്ങളില്‍നിന്നായി 6000ത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. ഇതുവരെ മൂന്നു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗ്വാളിയോറില്‍ കുത്തൊഴുക്കില്‍ നിരവധി പാലങ്ങള്‍ തകര്‍ന്നു.
സിന്ധ് നദിക്കു കുറുകെയുണ്ടായിരുന്ന ലഞ്ച്-പിച്ചൂര്‍ പാലവും തകര്‍ന്നവയിലുള്‍പ്പെടും. അതേസമയം പശ്ചിമബംഗാള്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദാമോദര്‍ വാലി കോര്‍പറേഷന്‍ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ടതാണ് ദുരന്തത്തിനു കാരണമെന്നും അണക്കെട്ടുകള്‍ നവീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തെഴുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."