സായിബാബയുടെ 'വിധി' തീരുമാനിക്കപ്പെടുമ്പോൾ
എൻ.കെ ഭൂപേഷ്
ജി.എൻ സായിബാബയെ ബോംബെ ഹൈക്കോടതി മോചിതനാക്കിയതും 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് സുപ്രിംകോടതി ആ ഉത്തരവ് മരവിപ്പിച്ചതും വലിയ വാർത്തയായിരിക്കുകയാണ്. പതിവിൽനിന്ന് വിരുദ്ധമായി ശനിയാഴ്ച ചേർന്നാണ് സുപ്രിംകോടതി ബോംബെ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയത്. ഇതോടെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഏഴു വർഷത്തിലധികമായി തടവിൽ കഴിയുന്നു, ഡൽഹി യൂനിവേഴ്‌സിറ്റി മുൻ അധ്യാപകൻ തടവറയിൽ തുടരേണ്ടിവരുമെന്ന് വ്യക്തമായിരിക്കുകയാണ്. 90 ശതമാനം ശാരീരിക പരിമിതികളുള്ള ഒരു അധ്യാപകനെ, മനുഷ്യാവാകാശ പ്രവർത്തകനെ, ഭരണകൂടം ഇത്രമേൽ ഭയക്കുന്നതെന്തിനെന്ന ചോദ്യത്തോടൊപ്പം മറ്റു ചില കാര്യങ്ങളും കോടതി വിധികൾ മുന്നോട്ടുവയ്ക്കുന്നുണ്ട്
നിയമത്തിന്റെ നടത്തിപ്പ് എങ്ങനെയായിരിക്കണമെന്നതുമുതൽ വിവിധ വിഷയങ്ങളിൽ പലപ്പോഴായി സുപ്രിംകോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളും അഭിപ്രായപ്രകടനങ്ങളും എങ്ങനെയാണ് നിയമവ്യവസ്ഥയുടെ ഭാഗമാകുകയോ അല്ലാതാകുകയോ ചെയ്യുന്നതെന്നതാണ് പ്രധാന പ്രശ്‌നം.
ബോംബെ ഹൈക്കോടതി സായിബാബയെ കുറ്റവിമുക്തനാക്കി പറഞ്ഞ ചില കാര്യങ്ങളുണ്ട്. തീർച്ചയായും അവ സാങ്കേതിക സ്വഭാവമുള്ളതാണെന്ന് പറയാവുന്നതാണ്. സായിബാബയുടെയും അഞ്ചു പേരുടെയും വിചാരണ നടപടിക്രമം പാലിച്ചല്ലെന്നാണ് കോടതി കണ്ടെത്തിയത്. യു.എ.പി.എ നിയമത്തിന്റെ 45 ാം വകുപ്പ് പ്രകാരം വിചാരണ തുടങ്ങുന്നതിന് അനുമതി ആവശ്യമുണ്ട്. എന്നാൽ ഈ കേസിൽ അത് യഥാസമയമല്ല ലഭിച്ചത്. അതുകൊണ്ട് വിചാരണ തന്നെ അസാധുവാകുകയാണെന്നാണ് കോടതി കണ്ടെത്തിയത്. നിയമം നടപ്പാക്കുന്നതിന് ചില പ്രക്രിയകൾ ഏർപ്പെടുത്തിയിരിക്കുന്നത് അമിതപ്രയോഗത്തിൽനിന്നുള്ള സംരക്ഷണം ഉദ്ദേശിച്ചാണ്. ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത ആർക്കെതിരേയും പ്രയോഗിക്കാവുന്ന നിയമം എന്ന നിലയിൽ ഇതിനകം കുപ്രസിദ്ധി നേടിയിട്ടുള്ളതാണ് യു.എ.പി.എ. അതിൽ ആകെയുള്ള ഒരു സംരക്ഷണം എന്നത് കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ അനുമതിയില്ലാതെ വിചാരണ തുടങ്ങാൻ പാടില്ലെന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിച്ച തെളിവുകൾ ഇതിനായി നിയുക്തമായ സമിതി പരിശോധിച്ച് സർക്കാരിന് നിർദേശം നൽകേണ്ടതുണ്ട്. ശേഷം സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയാണ് വേണ്ടത്. ഇതിനായി നിയുക്തമായ സമിതി സ്വതന്ത്രമായ പരിശോധന നടത്തിയാണ് സർക്കാരിന് റിപ്പോർട്ട് നൽകേണ്ടത്. ഈ റിപ്പോർട്ട് കിട്ടാതെയാണ് വിചാരണ തുടങ്ങിയതെന്നാണ് ബോംബെ ഹൈക്കോടതി കണ്ടെത്തിയതും സായിബാബയെയും മറ്റുള്ളവരെയും ജയിൽ മോചിതരാക്കിയതും. കുറ്റാരോപിതനുള്ള പരിരക്ഷയാണ് ഈ പരിശോധനയെന്നും ജഡ്ജിമാരായ റോഹിത് ദിയോവും അനിൽ പൻസാരെയും അഭിപ്രായപ്പെടുകയും ചെയ്തു.
'ഭീകരത വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. യാതൊരു വിട്ടുവീഴചയുമില്ലാതെ നേരിടണം. നിയമപ്രകാരമുള്ള എല്ലാ സന്നാഹങ്ങളും അതിനായി ഉപയോഗിക്കണം. എന്നാൽ നിയമവാഴ്ചയുള്ള ഒരു സമൂഹത്തിന് നിയമം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേണ്ടെന്ന് വെയ്ക്കാൻ കഴിയില്ല. ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നുവെന്ന് പറഞ്ഞ് നടപടിക്രമങ്ങൾക്ക് നിയമം നടപ്പാക്കേണ്ട പ്രാധാന്യം ഇല്ലെന്ന് പറയുന്നതിനെ നിയമ സംവിധാനം ചെറുക്കേണ്ടതുണ്ടെന്നുമാണ്' കോടതി പറഞ്ഞത്. നിയമം യഥാവിധി നടപ്പാക്കിയില്ലെങ്കിൽ അത് ഭീകരതയെ വളർത്തുമെന്നും ചില പ്രത്യേക വ്യാഖ്യാനങ്ങൾ മാത്രം പ്രചരിപ്പിക്കുന്ന സ്ഥാപിത താൽപര്യക്കാർക്ക് സഹായകമാകുമെന്നും കോടതി അിഭിപ്രയപ്പെട്ടു.
എന്നാൽ ഈ നിലപാടുകൾ സ്വാഭാവികമായും മഹാരാഷ്ട്ര സർക്കാരിനോ അവരെ നയിക്കുന്ന പ്രത്യയശാസ്ത്രത്തിനോ സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടുതന്നെ തിടുക്കത്തിൽ സുപ്രിംകോടതിയിൽ പോയി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നു. സുപ്രിംകോടതി ഗൗരവത്തിൽ ഇക്കാര്യമെടുക്കുകയും ശനിയാഴ്ച തന്നെ കേസ് പരിഗണിക്കുകയും ചെയ്തു.
കേസിന്റെ സൂക്ഷ്മാംശങ്ങളിലക്ക് പോകാതെ നടപടിക്രമങ്ങളെ മാത്രം ആശ്രയിച്ചുള്ള വിധി ശരിയായില്ലെന്നാണ് പരമോന്നത കോടതിയുടെ നിലപാട്. അതേത്തുടർന്ന് വിധി മരവിപ്പിക്കുകയും ചെയ്തു. അതായാത് നിയമം നടപ്പാക്കുന്നതിലെ നടപടിക്രമങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതില്ലെന്ന വ്യാഖ്യാനത്തിന് ഇട നൽകുന്നതാണ് കോടതിയുടെ ഉത്തരവ്. ഇത്തരത്തിലുള്ള നിഗമനങ്ങളിലേക്ക് എത്തുന്നതിന് കാരണമായിട്ടുണ്ടാകാവുന്ന ചില നിരീക്ഷണങ്ങളും കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ജസ്റ്റിസ് ഷാ നിരീക്ഷിച്ചത് ഇങ്ങനെയാണ് 'ഭീകരരെയും മാവോയിസ്റ്റുകളെയും സംബന്ധിച്ച് ബുദ്ധികേന്ദ്രമാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. നേരിട്ടുള്ള പങ്കാളിത്തം വേണമെന്നില്ല. ഞാൻ പൊതുവിൽ പറയുന്നതാണ്, അല്ലാതെ ഈ കേസുമായി പ്രത്യേകമായി ചേർത്തുപറഞ്ഞതല്ല'. അതായത് ഈ നിലപാടിന്റെ അടിസ്ഥാനത്തിൽ ഇനി ആരെയും ഭീകരരെന്നോ മാവോയിസ്‌റ്റെന്നോ മുദ്രകുത്തുക എളുപ്പമാണ്. നേരത്തെ ബിനായക് സെൻ കേസിലും ശ്യാം ബാലകൃഷ്ണൻ കേസിലും സുപ്രിംകോടതി പറഞ്ഞ കാര്യങ്ങളുമായി യോജിച്ച് പോകുന്ന വസ്തുതകളല്ല ഇത്. മാവോയിസത്തിൽ വിശ്വസിക്കുന്നതോ മാവോയിസ്റ്റ് സാഹിത്യം കൈയിൽ വയ്ക്കുന്നതോ കുറ്റകരമല്ലെന്നായിരുന്നു നേരത്തെ കോടതി പറഞ്ഞത്. ജസ്റ്റിസ് ഷായുടെ അഭിപ്രായത്തിൽ ഇനി ആരെയും മാവോയിസ്റ്റായോ ഭീകരനായോ മുദ്രകുത്തി ജയിലിലിടക്കുന്നതിന് അദ്ദേഹം എന്തെങ്കിലും അക്രമ പ്രവർത്തനങ്ങളിൽ ഭാഗമാകേണ്ടതില്ല. ചിന്ത തന്നെ അപകടകരമായി കണ്ട് ഭരണകൂടത്തിന് താൽപര്യമില്ലാത്ത ആരെയും തടവറയിലിടാവുന്നതാണ്.
യു.എ.പി.എ പ്രകാരം മൂന്ന് വർഷത്തിനിടയിൽ 4690 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചത്. ഇതിൽ ശിക്ഷിക്കപ്പെട്ടത് 149 പേരാണ്. മൂന്ന് ശതമാനം പേർ. ബാക്കി ആളുകളെ കോടതി വിട്ടയച്ചുവെങ്കിലും വിചാരണ കാലയളവ് തന്നെ ശിക്ഷയായി അനുഭവിക്കേണ്ടിവന്നവരാണ് അവർ.
വിമതത്വത്തെ ഭയക്കുന്ന ഒരു സർക്കാരിന് ആശ്വാസകരമാണ് സുപ്രിംകോടതിയുടെ തീരുമാനം. എന്തായാലും സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിൽ പ്രതിയായി പിന്നീട് വിട്ടയച്ച അസീമാനന്ദയ്‌ക്കെതിരേയോ ഭീകരപ്രവർത്തന കേസിൽ ഉൾപ്പെട്ടിരുന്ന ഹിന്ദുത്വത്തിന്റെ വിവിധ രൂപത്തിലുള്ള പ്രചാരകരെയോ മോചിപ്പിച്ചതിനെതിരേ ഒരിക്കലും ആരും സുപ്രിംകോടതിയിൽ പോകില്ല. അവരുടെ പ്രവർത്തനമാണോ തലച്ചോറാണോ കൂടുതൽ പ്രസക്തം എന്ന രൂപത്തിലുള്ള അഭിപ്രായപ്രകടനങ്ങളും ആരും നടത്തുകയും ചെയ്യില്ല. നീതിയുടെ നടത്തിപ്പ് ഇപ്പോൾ ഇങ്ങനെയൊക്കെയോ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."