സെൻസസിനെ ഭയപ്പെടുന്നതാര്?
ആർ.കെ.ബി
ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ഔദ്യോഗികമായി ജനസംഖ്യ കണക്കുകൾ ലഭ്യമല്ലാത്ത ഒരു പതിറ്റാണ്ടാണ് നമ്മൾ പിന്നിടാൻ പോകുന്നത്. കൊവിഡിന്റെ പേര് പറഞ്ഞുകൊണ്ട് 2021ലെ സെൻസസ് നടപടികളിൽനിന്ന് കേന്ദ്രസർക്കാർ ബോധപൂർവം ഒഴിഞ്ഞുമാറുകയാണെന്ന വിമർശനം അക്കാദമിക സമൂഹത്തിൽനിന്നും പൗരാവകാശപ്രവർത്തകരിൽനിന്നുമൊക്കെ ഉയരുന്നുണ്ട്. ചില ഹിഡൻ അജൻഡകളുടെ ഭാഗമായി കേന്ദ്രസർക്കാർ സെൻസസ് നടപടികൾ അട്ടിമറിക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. ജനാധിപത്യത്തിൻ്റെ വലിയ സ്ഥാപനത്തെക്കൂടെ ഇല്ലാതാക്കാനുള്ള ശ്രമ ഭാഗമായിട്ടാണ് സെൻസസ് നടത്താതിരിക്കുന്നതെന്ന വിമർശനവും ശക്തിപ്പെട്ടുവരികയാണ്.
ഇന്ത്യയിൽ ഇതിനു മുൻപ് സെൻസസ് നടന്നത് മാർച്ച് 2011ലാണ്. ഇതിൻ്റെ തുടർച്ചയായി 2021 മാർച്ചിൽ നടക്കേണ്ട സെൻസസാണ് ഒന്നര വർഷമായിട്ടും പ്രാരംഭ നടപടികൾ പോലും ആരംഭിക്കാതെ അനന്തമായി നീണ്ടുപോകുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പ്രകാരം രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ സെൻസസ് നടപടികൾ 2022 ഡിസംബർ 31വരെ മരവിപ്പിച്ചിരിക്കുകയാണ്. 1990 ലെ സെൻസസ് ചട്ടങ്ങൾ പ്രകാരം ഇന്ത്യയിലെ സെൻസസ് നടപടിക്രമങ്ങൾ സെൻസസ് നടക്കുന്നതിന് ഒരു വർഷത്തിനുള്ളിൽ മരവിപ്പിക്കാൻ പാടുള്ളതല്ല. ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത് 2024ൽ പുതിയ സെൻസസ് നടക്കുമെന്നും അത് ഇ സർവേ ആയിരിക്കുമെന്നുമാണ്. ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ സെൻസസ് നടക്കാൻ പോവുകയാണെന്നാണ് അമിത് ഷാ പറയുന്നത്
സെൻസസിന്റെ ചരിത്രം
1881ലാണ് ഇന്ത്യയിൽ സെൻസസ് ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യയ്ക്ക് ഭരണഘടന രൂപീകരിക്കപ്പെട്ടപ്പോൾ ഏഴാം പട്ടികയിൽ യൂനിയൻ ലിസ്റ്റിലാണ് സെൻസസ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1948 ലെ സെൻസസ് ആക്ട് നിലവിൽ വരികയും സെൻസസ് നടപടിക്രമങ്ങൾക്ക് വേണ്ടി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ എന്ന പദവി ആഭ്യന്തരമന്ത്രാലയത്തിന് കീഴിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ 150 വർഷത്തെ സെൻസസ് ചരിത്രത്തിൽ ആദ്യമായിട്ടാണ് സെൻസസ് നടപടികൾ തടസപ്പെടുന്നത്. 1961ൽ ചൈനയുമായി നടന്ന യുദ്ധത്തിനിടയിലും 1971 ബംഗ്ലാദേശ് വിമോചന യുദ്ധത്തിനിടയിലും ഇന്ത്യയിൽ കൃത്യമായി തന്നെ സെൻസസ് നടപടികൾ നടന്നിരുന്നു. 1921ലെ സെൻസസ് നടന്നത് ഒന്നരക്കോടിയോളം ആളുകൾ മരിച്ചുവീണ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ആയിരുന്നു. പത്ത് വർഷത്തിലൊരിക്കലാണ് കേന്ദ്രസർക്കാർ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്. രാജ്യത്തെ പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പും സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത് ജനസംഖ്യാ കണക്കെടുപ്പുമാണ് 2021ൽ ആരംഭിക്കേണ്ടിയിരുന്നത്.
സർക്കാരിന്റെ വാദങ്ങൾ
എന്തുകൊണ്ടാണ് ഇന്ത്യയിൽ സമയബന്ധിതമായി സെൻസസ് നടക്കാത്തതെന്ന ചോദ്യം രാജ്യസഭയിൽ ഉയർന്നപ്പോൾ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ നിത്യാനന്ദ റായി പറഞ്ഞത് 2021ൽ നടക്കേണ്ട സെൻസസിന് മുന്നൊരുക്കമായി വിജ്ഞാപനം 2019 മാർച്ച് 28 ലെ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഇതിനായി 8754 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾ സ്തംഭിച്ചെന്നുമാണ്. എന്നാൽ ഇന്ത്യക്ക് മുൻപേ കൊവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ സമയബന്ധിതമായി സെൻസസ് നടപടികൾ പൂർത്തീകരിച്ചിരുന്നു. കൊവിഡ് അതിൻ്റെ പാരമ്യത്തിൽ നിന്നപ്പോഴാണ് അമേരിക്ക, ബ്രിട്ടൻ, സ്‌കോട്ട്‌ലൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ സെൻസസ് നടന്നത്. ഇന്ത്യയിൽ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷമാണ് ബിഹാർ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കേരളം, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്നത് ഇതിൽ നിന്ന് മനസ്സിലാകുന്നത് ഇന്ത്യയിൽ സെൻസസ് നടപടികൾ അട്ടിമറിക്കുന്നതിന് വളരെ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ്.
തിരിച്ചടിച്ച പൗരത്വ നിയമം
രണ്ടു ഘട്ടങ്ങളിലായി ഇത്തവണ സെൻസസ് നടത്താൻ നേരത്തെ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിങ് ഓപറേഷൻ 2020 ഏപ്രിൽ-മെയ് കാലയളവിലും രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2020 ഫെബ്രുവരി ഒൻപത് മുതൽ 28 വരെയുമാണ് നടത്താൻ തീരുമാനിച്ചിരുന്നത് . എന്നാൽ പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തി പ്രാപിച്ചതോടെ സെൻസസ് നടപടിക്രമങ്ങൾ കൊവിഡിനെ പഴിചാരി കേന്ദ്ര സർക്കാർ നീട്ടിവയ്ക്കുകയായിരുന്നു. ഇത്തവണ ഒന്നാംഘട്ട സെൻസസ് പ്രവർത്തനങ്ങളോടൊപ്പം നാഷനൽ പോപ്പുലേഷൻ രജിസ്റ്ററിന്റെ (എൻ.പി.ആർ) പുതുക്കലും നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കോൺഗ്രസ് സർക്കാരുകൾ ഉൾപ്പെടെ ബി.ജെ.പി ഇതര പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തിൽ നാഷനൽ പോപ്പുലേഷൻ രജിസ്റ്ററിനോട് സഹകരിക്കണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തങ്ങളുടെ വർഗീയ അജൻഡകൾ നടപ്പാക്കാൻ കഴിയുന്നില്ലെന്ന് മനസ്സിലാക്കിയ കേന്ദ്ര സർക്കാർ ഇപ്പോൾ സെൻസസ് തന്നെ അട്ടിമറിക്കുകയാണ്.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ഈ രാജ്യത്തുനിന്ന് പുറത്താക്കുന്നതിനുള്ള ആസൂത്രിതമായ അജൻഡകൾ അരങ്ങേറുന്നതായി ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നു. നാഷനൽ പോപ്പുലേഷൻ രജിസ്റ്റർ ഈ അജൻഡയുടെ ഭാഗമാണെന്നാണ് വലിയ വിഭാഗം ജനങ്ങളും വിശ്വസിക്കുന്നത്.
ബി.ജെ.പിയെ
അലോസരപ്പെടുത്തുന്ന ജാതിവാദം
സെൻസസിന്റെ ഭാഗമായിട്ടുള്ള ചോദ്യാവലിയിൽ ജാതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഉൾപ്പെടുത്തണമെന്ന ആവശ്യം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ഇത് ബി.ജെ.പിയെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. ജാതി സെൻസസുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയുടെ പരിഗണനയിൽ വന്നപ്പോൾ കേന്ദ്രസർക്കാർ നൽകിയ മറുപടി ജാതിയടിസ്ഥാനത്തിലുള്ള സെൻസസ് പ്രായോഗികമല്ല എന്നാണ്. 1951നു ശേഷം എസ്.സി, എസ്.ടി വിഭാഗങ്ങൾ ഒഴികെയുള്ള ജാതി സെൻസസ് നടത്തേണ്ടതില്ലെന്ന നയപരമായ തീരുമാനമാണ് വിവിധ സർക്കാരുകൾ ഇന്ത്യയിൽ പിന്തുടർന്ന് വന്നത്. ഇതിൽ മാറ്റം വരുത്താൻ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് വാജ്‌പേയ് സർക്കാർ ഇതു വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിൽ ബിഹാർ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങൾ നിയമസഭ പാസാക്കിയ പ്രമേയങ്ങൾ വഴിയും അല്ലാതെയും ജാതി സെൻസസ് ആവശ്യപ്പെടുകയുണ്ടായി. ബിഹാറിൽ എൻ.ഡി.എ സഖ്യം പൊളിയാനുള്ള പ്രധാന കാരണം ജാതി സെൻസസിനെ ചുറ്റിപ്പറ്റിയുണ്ടായ തർക്കങ്ങളാണ്. മറ്റു പിന്നോക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകൾ കേന്ദ്രസർക്കാരിൽ ലഭ്യമല്ലാതിരിക്കുന്ന പശ്ചാത്തലത്തിലാണ് ജാതി സെൻസസ് എന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. ഒ.ബി.സി സംഘടനകൾ ഈ ആവശ്യം ശക്തമായി ഉയർത്തുകയാണ്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാൽ മറ്റു മുന്നോക്ക, പിന്നോക്ക വിഭാഗങ്ങൾ തങ്ങളെ കൈവിടുമോ എന്നാണ് ബി.ജെ.പി ഭയക്കുന്നത്. തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് കൃത്യമായി മനസ്സിലാക്കിയാണ് ബി.ജെ.പി ജാതി പരാമർശങ്ങൾ ഉൾപ്പെടുന്ന സെൻസസിനെ എതിർക്കുന്നത്.
ക്ഷേമപദ്ധതികളെ ബാധിക്കും
സെൻസസ് നടക്കാതിരുന്നാൽ അതുകൊണ്ടുണ്ടാകാൻ പോകുന്ന ഏറ്റവും വലിയ അസൗകര്യം 2011ലെ കണക്കുകൾ പ്രകാരം മാത്രമേ സർക്കാരിന് നയങ്ങളും പദ്ധതികളും രൂപീകരിക്കാൻ കഴിയുകയുള്ളൂ എന്നതാണ്. മറ്റൊരു പ്രായോഗിക ബുദ്ധിമുട്ട്, കൃത്യമായ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ധനകാര്യ കമ്മിഷന് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകുന്ന ഗ്രാൻഡുകളുടെ പരിധികൾ നിശ്ചയിക്കാൻ കഴിയുള്ളൂ. 2017ൽ നിലവിൽ വന്ന പതിനഞ്ചാം ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങൾക്കുള്ള വിഹിതം തീരുമാനിച്ചത് 2011ലെ സെൻസസിനെ ആധാരമാക്കിയാണ്. പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ നിർദേശങ്ങൾക്ക് 2025 വരെ മാത്രമേ സാധുതയുള്ളു. 2025ൽ പുതുതായി രൂപീകരിക്കാൻ പോകുന്ന ധനകാര്യ കമ്മിഷന് കൃത്യമായ സെൻസസ് വിവരങ്ങൾ ലഭ്യമാകുന്നില്ലെങ്കിൽ അത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ തന്നെ വളരെ ഗുരുതരമായി ബാധിക്കും. രാജ്യത്ത് നടപ്പാക്കിവരുന്ന വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളെ എല്ലാം തീരുമാനിക്കുന്നത് സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിലായതുകൊണ്ട് സമയബന്ധിതമായി ഇത് നടക്കാതിരുന്നാൽ ഭാവിയിൽ ഈ ക്ഷേമപദ്ധതികളെല്ലാം അട്ടിമറിക്കപ്പെടുവാനുള്ള സാഹചര്യവുമുണ്ടാവും. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങളുടെ പിൻപറ്റി വളരെ അപകടകരമായ സ്ഥിതിവിശേഷമാണ് ഇന്ത്യയിൽ സംജാതമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."