'അഖില്‍ മാത്യു ബന്ധുവല്ല,ഓഫിസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല'; കൈക്കൂലി ആരോപണത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി
കൈക്കൂലി ആരോപണത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: എന്‍എച്ച്എം ഡോക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് പേഴ്‌സണല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍ നിയമനത്തിന് പണം വാങ്ങിയെന്ന പരാതി വസ്തുതാവിരുദ്ധമെന്നും ആരോപണ വിധേയനോട് വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞു. തന്റെ ഓഫിസും സ്റ്റാഫ് അംഗവും പൊലീസില്‍ പരാതി നല്‍കി. ഡിജിപിക്കാണ് പരാതി നല്‍കിയത്. പേഴ്‌സണല്‍ അസിസ്റ്റന്റ് അഖില്‍ മാത്യു തന്റെ ബന്ധുവല്ല. ആര്‍ക്കും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ അഴിമതി രഹിതമായി തന്നെ പരിഹരിക്കും.പണം വാങ്ങിച്ചിട്ടുണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കണം. തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കാര്യങ്ങള്‍ പരിശോധിക്കും. എവിടുന്നാണ് മെയില്‍ പോയത് എന്നിവയുള്‍പ്പെടെ പരിശോധിക്കും. സത്യം മാത്രമേ വിജയിക്കൂ സത്യം പുറത്ത് വരുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ സ്റ്റാഫ് അഖില്‍ മാത്യുവിനെതിരെയാണ് കൈക്കൂലി ആരോപണം വന്നത്. താത്കാലിക നിയമനത്തിന് അഖില്‍ മാത്യു 5 ലക്ഷം ആവശ്യപ്പെട്ടു. മുന്‍കൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി.
ഇടനിലക്കാരനും പണം വാങ്ങിയതായി പരാതിയിലുണ്ട്. എന്‍എച്ച്എം ഡോക്ടര്‍ നിയമനത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയിരിക്കുന്നത്.പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ മെഡിക്കല്‍ ഓഫീസറയി ഹോമിയോ വിഭാഗത്തിലാണ് നിയമനം വാഗ്ദാനം ചെയ്തത്.
മകന്റെ ഭാര്യക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനാണ് പണം നല്‍കിയതെന്ന് പരാതിക്കാരനായ ഹരിദാസന്‍ വ്യക്തമാക്കി. 5 ലക്ഷം രൂപ ഗഡുക്കളായി നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും ഇയാള്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണം അഖില്‍ മാത്യു നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."