രാമായണ കഥ പറഞ്ഞ് തെക്കൻകേരളത്തെ ഇകഴ്ത്തി കെ.സുധാകരൻ ; വിവാദമായപ്പോൾ ക്ഷമപറഞ്ഞ് തടിയൂരി
കുട്ടിക്കാലത്ത് കേട്ട കഥ ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്ന് വിശദീകരണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം • രാമായണത്തെ വ്യാഖ്യാനിച്ച് തെക്കൻകേരളത്തെ ഇകഴ്ത്തി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെ നടത്തിയ തെക്ക്, വടക്ക് വിഭാഗീയ പരാമർശം വൻ വിവാദത്തിന് തിരികൊളുത്തിയതോടെ, പരാമർശം പിൻവലിച്ച് ക്ഷമാപണം നടത്തി കെ.പി.സി.സി പ്രസിഡന്റ് തടിയൂരി.
കഴിഞ്ഞ ദിവസം കെ.സുധാകരനുമായി നടത്തിയ അഭിമുഖം ഇന്നലെയാണ് ദേശീയ മാധ്യമം പ്രസിദ്ധീകരിച്ചത്. അഭിമുഖത്തിനിടെ തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വ്യത്യാസം എന്താണെന്ന ചോദ്യത്തിനാണ് രാമായണത്തെ ഉദ്ധരിച്ച് വിവാദ പരമാർശം നടത്തിയത്.
ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ 'അതെ, അതിൽ ചരിത്രപരമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു കഥ പറയാം. രാവണനെ വധിച്ച് ശ്രീരാമൻ ലങ്കയിൽ നിന്ന് ലക്ഷ്മണനും സീതയ്ക്കുമൊപ്പം പുഷ്പക വിമാനത്തിൽ തിരികെ വരികയായിരുന്നു. വിമാനം ദക്ഷിണ കേരളത്തിന് മുകളിലെത്തിയപ്പോൾ തന്റെ സഹോദരനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി പോകാൻ ലക്ഷ്മണൻ ആലോചിച്ചു. എന്നാൽ തൃശൂരിലെത്തിയപ്പോൾ ലക്ഷ്മണന് മനംമാറ്റമുണ്ടായി. അദ്ദേഹത്തിന് പശ്ചാത്താപമുണ്ടായി.
എന്നാൽ രാമൻ അദ്ദേഹത്തിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു, 'ഞാൻ നിന്റെ മനസ് വായിച്ചു. അത് നിന്റെ തെറ്റല്ല. നമ്മൾ കടന്നുവന്ന ഭൂമിയുടെ പ്രശ്‌നമാണ്'. ഇത് പറഞ്ഞ് കഴിഞ്ഞ് കെ സുധാകരൻ പൊട്ടിച്ചിരിച്ചുവെന്നും അഭിമുഖത്തിൽ ഈ ഉത്തരത്തോടൊപ്പം പറയുന്നുണ്ട്.ആത്മാർഥതയുള്ളവരും നേരേവാ നേരേ പോ ശൈലിയുള്ളവരും ധൈര്യമുള്ളവരുമായത് കൊണ്ടാണ് കോൺഗ്രസിലും സി.പി.എമ്മിലും ബി.ജെ.പിയിലും കൂടുതലും മലബാർ ഭാഗത്ത് നിന്നുള്ള നേതാക്കൾ നേതൃസ്ഥാനത്ത് ഇരിക്കുന്നതെന്നും സുധാകരൻ മറുപടി നൽകിയിട്ടുണ്ട്. ഇതിനു ശേഷവും സുധാകരൻ പൊട്ടിച്ചിരിച്ചുവെന്ന് അഭിമുഖത്തിൽ പറയുന്നു.
അഭിമുഖം പ്രസിദ്ധീകരിച്ചതിനു പിന്നാലെ വിവിധ കോണുകളിൽ നിന്ന് അതിരൂക്ഷ വിമർശനമുയർന്നു. സി.പി.എമ്മും ബി.ജെ.പിയും കൂടി വിവാദം ഏറ്റുപിടിച്ചതോടെ മാധ്യമങ്ങളെ കണ്ട കെ.സുധാകരൻ പരാമർശം പിൻവലിച്ച് ക്ഷമാപണം നടത്തുകയായിരുന്നു. 'നാട്ടിൽ പ്രചാരത്തിലുള്ള പഴയ കഥ പറയുക മാത്രമാണ് ചെയ്തത്. കുട്ടിക്കാലത്ത് കേട്ട കഥയാണത്. അതിൽ ദുരുദ്ദേശ്യമൊന്നുമില്ല. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ആ പരമാർശം പിൻവലിക്കുകയാണ് ' സുധാകരൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."