തരൂരിന്റെ ശ്രമം ട്രെയിനി ജീവനക്കാരൻ ഫാക്ടറി ചുമതല ഏറ്റെടുക്കുന്നതുപോലെ:സുധാകരൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം • വിവാദ അഭിമുഖത്തിൽ ശശി തരൂരിനെതിരായ പരാമർശങ്ങളുമായി കെ.സുധാകരൻ. ട്രെയിനി ജീവനക്കാരൻ ഒരു ഫാക്ടറിയുടെ ചുമതല ഏറ്റെടുക്കുന്നതുപോലെയാണ് ശശി തരൂരിന്റെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരമെന്ന് കെ. സുധാകരൻ. തരൂർ ഒരു നല്ല മനുഷ്യനാണ്. പാണ്ഡിത്യമുള്ള വ്യക്തിയാണ്. എന്നാൽ സംഘടനാ കാര്യങ്ങളിൽ തരൂരിന് പ്രവർത്തന പാരമ്പര്യമില്ല. അദ്ദേഹം ചിട്ടയായ പ്രവർത്തനത്തിലൂടെ മുകളിലേക്ക് എത്തിയ ആളല്ല.
അങ്ങനെയൊരാൾക്കു സംഘടനയെ നയിക്കാൻ കഴിയില്ല. ഒരു ജനാധിപത്യ പാർട്ടിയിൽ, നയിക്കാനുള്ള കഴിവ് മാത്രമാണ് മാനദണ്ഡം. തരൂർ ബുദ്ധിമാനും കഴിവുള്ളയാളുമാണ് എന്നതിൽ സംശയമില്ല. എന്നാൽ രാഷ്ട്രീയത്തിൽ വേണ്ടത് അനുഭവപരിചയമാണ്.
ഒരു ബൂത്ത് പ്രസിഡന്റിന്റെ ചുമതല പോലും തരൂർ വഹിച്ചിട്ടില്ലെന്നും സുധാകരൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ പരാമർശം ചർച്ചയായപ്പോൾ,ട്രെയിനി എന്ന വാക്ക് താൻ അഭിമുഖത്തിൽ പ്രയോഗിച്ചിട്ടില്ലെന്ന വിശദീകരണവുമായി കെ.സുധാകരൻ രംഗത്തെത്തി.മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വഭാവ ഗുണങ്ങളും ദൂഷ്യങ്ങളും അഭിമുഖത്തിൽ സുധാകരൻ വിശദീകരിക്കുന്നുണ്ട്.
പിണറായി വിജയൻ തീരുമാനത്തിൽ സ്ഥിരതയുള്ളയാളും കുശാഗ്രബുദ്ധിയുള്ളയാളും കഠിനാധ്വാനിയുമാണെന്നതാണ് സ്വഭാവ ഗുണമായി സുധാകരൻ പറയുന്നത്. ക്രൂരനും കരുണയുടെ അംശം പോലുമില്ലാത്തയാളുമെന്നാണ് പിണറായി വിജയന്റെ സ്വഭാവ ദൂഷ്യമായി കെ.പി.സി.സി പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."