ബാലന് ദ്യോര്‍ പുരസ്കാരം കരീം ബെന്‍സേമയ്ക്ക്; വനിതകളില്‍ അലക്സിയ പുറ്റെലസ്
ആരാധകരുടെ പ്രതീക്ഷകള്‍ പിഴച്ചില്ല. ഈ വര്‍ഷത്തെ ബാവന് ദ്യോര്‍ പുരസ്കാരം റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരീം ബെന്‍സേമയ്ക്ക് തന്നെ. വനിതകളില്‍ ഈ നേട്ടം സ്പാനിഷ് താരം അലക്സിയ പുറ്റെലസിനാണ്.
റയലിനായി 46 മത്സരങ്ങളില്‍ 44 ഗോളും 15 അസിസ്റ്റും നേടിയ പ്രകടനമാണ് ബെന്‍സേമയെ ലോക ഫുട്ബാളര്‍മാരുടെ രാജാവാക്കിയത്. ചാമ്പ്യന്‍സ് ലീഗും ലാലിഗയും റയല്‍ സ്വന്തമാക്കിയപ്പോള്‍ ബെന്‍സേമയായിരുന്നു പടനയിച്ചത്. പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഫ്രഞ്ചുകാരനാണ് ബെന്‍സേമ.
ബെത്ത് മീഡ്, സാം കെര്‍ തുടങ്ങിയവരെ പിന്നിലാക്കിയാണ് പുറ്റെലസ് തുടര്‍ച്ചയായ രണ്ടാം തവണയും മികച്ച വനിത താരമായത്. ചാമ്പ്യന്‍സ് ലീഗിലെ 10 മത്സരങ്ങളില്‍ 11 ഗോളുകളാണ് ബാഴ്സ ക്യാപ്റ്റന്‍ അടിച്ചു കൂട്ടിയത്.
ബയേണ്‍ മ്യൂണിക്കിന്റെ സെനഗല്‍ താരം സാദിയോ മാനെ രണ്ടാമതും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയന്‍ താരം കെവിന് ഡിബ്രൂയിന് മൂന്നാമതുമായി ഇടം പിടിച്ചു. നിലവിലെ ജേതാവും ഏഴുവട്ടം ബാലന് ഡി ഓര് നേടുകയും ചെയ്ത ലയണല്‍ മെസി അവസാന പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇരുപതാമതായി. 2005നുശേഷം ആദ്യമായാണിത്. 16 വര്‍ഷത്തിനുശേഷമാണ് ഇരുവരും ആദ്യ മൂന്നില്‍ എത്താതിരുന്നത്.
യുവതാരത്തിനുള്ള ബഹുമതി ബാഴ്സലോണയുടെ സ്പാനിഷ് താരം ഗാവിക്കാണ്. റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ എഡ്വാര്‍ഡൊ കമവിംഗ, ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ജമാല്‍ മുസിയാല എന്നിവരെ പിറകിലാക്കിയാണ് സ്പെയിനില്‍നിന്നുള്ള 18കാരന് ജേതാവായത്.
മികച്ച സ്ട്രൈക്കര്‍ക്കുള്ള ഗേര്‍ഡ് മുള്ളര്‍ പുരസ്കാരം തുടര്‍ച്ചയായ രണ്ടാം തവണയും റോബര്‍ട്ട് ലെവന്‍ഡോസ്കി സ്വന്തമാക്കിയപ്പോള്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന് പുരസ്കാരത്തിന് റയല്‍ മാഡ്രിഡിന്റെ ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍ തിബോ കുര്‍ട്ടോ അര്‍ഹനായി. ബ്രസീല്‍ ഗോള്‍കീപ്പര്‍മാരായ ലിവര്‍പൂളിന്റെ അലിസണ് ബെക്കറിനെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഡേഴ്സണെയും പിന്തള്ളിയാണ് കുര്‍ട്ടോയുടെ നേട്ടം. മികച്ച ക്ലബിനുള്ള പുരസ്കാരം ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ലിവര്‍പൂള്‍ രണ്ടാമതും റയല്‍ മാഡ്രിഡ് മൂന്നാമതുമെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."