നായ്ക്കളുടെ കാവലില്‍ കഞ്ചാവ് വില്‍പന: പ്രതി റോബിന്‍ പിടിയില്‍
നായ്ക്കളുടെ കാവലില്‍ കഞ്ചാവ് വില്‍പന: പ്രതി റോബിന്‍ പിടിയില്‍
കോട്ടയം: കുമാരനെല്ലൂരില്‍ നായ്ക്കളുടെ കാവലില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ പ്രതി റോബിന്‍ ജോര്‍ജ് കസ്റ്റഡിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് റോബിനെ പിടികൂടിയത്. കുമാരനെല്ലൂരിലെ റോബിന്റെ വീട്ടില്‍ നിന്നും 18 കിലോ കഞ്ചാവാണ് പൊലിസ് പിടിച്ചെടുത്തിരുന്നത്.
കഴിഞ്ഞ ദിവസം പൊലിസിനെ കണ്ട് മീനച്ചിലാറ്റിലേക്ക് ചാടി നീന്തി റോബിന്‍ രക്ഷപ്പെട്ടിരുന്നു. കൊശമറ്റം കോളനി ഭാഗത്തു നിന്നും ആറ്റില്‍ ചാടിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. റോബിന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലിസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തന്റെ അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതായാണ് ഓട്ടോ ഡ്രൈവര്‍ പൊലിസിന് മൊഴി നല്‍കിയത്.
പിടികൂടിയ കഞ്ചാവ് എവിടെ നിന്നും വാങ്ങി എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലിസ് അന്വേഷിക്കുന്നുണ്ട്. കോട്ടയം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
കുമാരനെല്ലൂരിലെ വീടും പുരയിടവും വാടകയ്‌ക്കെടുത്ത റോബിന്‍ ജോര്‍ജ്, കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവിടെ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രം നടത്തിവരികയാണ്. മുന്തിയ ഇനങ്ങളില്‍പ്പെട്ട 13ഓളം നായ്ക്കളാണ് കഴിഞ്ഞദിവസം കേന്ദ്രത്തിലുണ്ടായിരുന്നത്. ഈ നായ്ക്കളുടെ സംരക്ഷണത്തിലാണ് റോബിന്റെ ലഹരിക്കച്ചവടവും നടന്നിരുന്നത്. കാക്കി വസ്ത്രം ധരിച്ചവരെ കണ്ടാല്‍ കടിക്കാന്‍ ഉള്‍പ്പെടെ ഇയാള്‍ നായ്ക്കളെ പരിശീലിപ്പിച്ചിരുന്നു.
അതേസമയം, റോബിന്‍ ജോര്‍ജിനെ സുഹൃത്തുക്കള്‍ കുടുക്കിയതാണെന്നാണ് ഭാര്യ പറയുന്നത്. അനന്ദുവെന്ന സുഹൃത്താണ് ബാഗ് കൊണ്ടു വെച്ചതെന്ന് റോബിന്‍ പറഞ്ഞിരുന്നതായും ഭാര്യ പറഞ്ഞു. ബാഗില്‍ തുണിയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതിലെന്തോ പ്രശ്‌നമുണ്ടെന്ന് പിന്നീട് വിളിച്ചപ്പോള്‍ പറഞ്ഞു. റോബിന്റെ കൂടെ സഹായി ആയിരുന്ന ആളെയും കാണാതായിട്ടുണ്ടെന്നും ഭാര്യ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."