കടയില്‍ കയറാന്‍ രേഖ വേണമെന്ന് ആരോഗ്യ മന്ത്രി; പിണറായി സര്‍ക്കാര്‍ പെറ്റി സര്‍ക്കാരെന്ന് പ്രതിപക്ഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആരോഗ്യ മന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയ്ക്കു വിരുദ്ധമായി ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച മാനദണ്ഡങ്ങളെ ചോദ്യം ചെയ്ത് അടിയന്തരപ്രമേയവുമായി പ്രതിപക്ഷം നിയമസഭയില്‍. കെ. ബാബുവാണ് ഇന്നലെ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.;
വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ട രോഗിക്ക് പനിയുടെ മരുന്നു കൊടുക്കുന്നതുപോലെയാണ് സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങളെന്ന് പ്രമേയ നോട്ടിസ് അവതരിപ്പിച്ച ബാബു പറഞ്ഞു. നിയന്ത്രണങ്ങളുടെ പേരില്‍ പൊലിസിനെ ഉപയോഗിച്ച് കൊള്ള നടത്തുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിച്ചു വേണം ഇളവുകള്‍ നല്‍കേണ്ടതെന്നാണ് സുപ്രിംകോടതി പറഞ്ഞതെന്നും ഇതു മനസിലാക്കാതെയുള്ള ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ബാബു പറഞ്ഞു.
കടയില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മറുപടി പറഞ്ഞു.
നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അതു തടയാനുള്ള അധികാരം പൊലിസിനുണ്ട്. ഈ തീരുമാനം സര്‍ക്കാര്‍ ആലോചിച്ചെടുത്തതാണ്. കൊവിഡ് വ്യാപനം തടയാന്‍ ജനങ്ങളുടെ പിന്തുണയോടെ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമ്പോള്‍ അതിനെതിരേ നിഷേധാത്മക നടപടി സ്വീകരിച്ച് എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
കാണുന്നവരെയെല്ലാം ഓടിച്ചിട്ടു പിടിച്ച് പെറ്റിയടിക്കലാണ് ഇപ്പോള്‍ പൊലിസിന്റെ ജോലിയെന്നും സര്‍ക്കാര്‍ ജനങ്ങളെ കളിയാക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ 'പെറ്റി സര്‍ക്കാര്‍' ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പൂര്‍ണമായി മാറി എന്ന തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംവിധാനം നിലവിലില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നിബന്ധനകളില്‍ അതും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു. കൊവിഡിന്റെ പേരില്‍ സംസ്ഥാനത്ത് പൊലിസ് രാജാണ് നടക്കുന്നതെന്നും മുനീര്‍ കുറ്റപ്പെടുത്തി.
രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കുമ്പോള്‍ അത് തടയാന്‍ ശ്രമിക്കേണ്ടത് പൊലിസിന്റെ ഉത്തരവാദിത്തമാണെന്നും അത് അവരത് നിര്‍വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തിന്റ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."