ഓണമല്ല, അരികെ മൂന്നാം തരംഗം
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം ഓണനാളുകള്‍ക്ക് അരികെയെന്ന സൂചനയുമായി നിയമസഭയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
കേരളത്തില്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം നിലവിലുള്ളതിനേക്കാള്‍ ഇരട്ടിയോ അതിലധികമോ ആകാം. നാം ഓരോരുത്തരും അതീവ ജാഗ്രതപാലിച്ചേ മതിയാകൂവെന്നും മന്ത്രി പറഞ്ഞു. ഓണം അരികിലെത്തിയ ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ ഇല്ലാതെ മുന്നോട്ടു പോയാല്‍ ജനങ്ങളുടെ ജീവനായിരിക്കും നല്‍കേണ്ടിവരുന്ന വില.
അതുവേണമോയെന്ന് പ്രതിപക്ഷം ചിന്തിക്കണം. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ചു നിന്ന് കൊവിഡ് വ്യാപനത്തെ തടഞ്ഞും ജനങ്ങളുടെ ജീവനോപാധി സംരക്ഷിച്ചും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും പ്രതിപക്ഷത്തോട് മന്ത്രി അഭ്യര്‍ഥിച്ചു.
കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനം നില്‍ക്കുന്ന ഗുരുതര സാഹചര്യത്തിനിടെയും ജനങ്ങളുടെ ജീവനോപാധികള്‍ നിശ്ചലമാകാതിരിക്കാനാണ് നിയന്ത്രണങ്ങളോടെ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ജനങ്ങളുടെ ജീവനും ജീവനോപാധിയും ഒരുപോലെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്ന് സുപ്രിംകോടതി പരാമര്‍ശവും ഉണ്ടായിട്ടുണ്ട്.
അതുകൊണ്ടുതന്നെ നിലവിലെ നിയന്ത്രണങ്ങളില്‍ നിന്ന് പെട്ടെന്ന് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."