നൈജീരിയയിലും ഒരു കൊടിഞ്ഞി; ഇവിടെ ട്വിന്‍സ് ടൗണ്‍ എന്ന് ഗ്രാമത്തിന് പേര്, അവിടെ ട്വിന്‍സ് ഫെസ്റ്റിവല്‍
ഇരട്ടപ്പെരുമ കൊണ്ട് ലോകശ്രദ്ധ നേടിയ നാടാണ് കൊടിഞ്ഞി. ഒരു നാട്ടിലെ ഭൂരിഭാഗം പേരും ഇരട്ടകളായാല്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതെങ്ങനെയാണ്. ഇപ്പോള്‍ കൊടിഞ്ഞി പോലെ തന്നെ ഇരട്ടകളാല്‍ ലോക ശ്രദ്ധ നേടുന്ന മറ്റോരിടമാണ് നൈജീരിയയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഇഗ്‌ബോ-ഓറ.
ഈ നഗരത്തിലെ മിക്കവാറും എല്ലാ കുടുംബങ്ങളിലും ഇരട്ടകളുണ്ട്. അല്ലെങ്കില്‍ ഒരു പ്രസവത്തില്‍ മൂന്നിലധികം കുട്ടികളുമുണ്ടാകാറുമുണ്ട്. ഇരട്ടകളാല്‍ പ്രസിദ്ധമായ ഈ നാട്ടില്‍ ഇരട്ടകള്‍ക്ക് വേണ്ടി പ്രത്യേകമായി നടത്തുന്ന ഉത്സവമാണ് ട്വിന്‍സ് ഫെസ്റ്റിവല്‍ അഥവാ ഇരട്ടകളുടെ ഉത്സവം.ഇവിടുത്തെ ഒരു പ്രത്യേക വിഭാഗമാണ് ഈ ഉത്സവം സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം നടന്ന ട്വിന്‍സ് ഫെസ്റ്റിവലില്‍ 1,000 ജോഡി ഇരട്ടകളാണ് വാര്‍ഷിക ഉത്സവത്തില്‍ പങ്കെടുത്തത്. ഇഗ്‌ബോ-ഓറയിലെ സ്ത്രീകളുടെ ഭക്ഷണക്രമമാണ് ഇരട്ടകളുടെ ജനനത്തിന് കാരണമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം.
നമ്മുടെ നാട്ടില്‍ ഇരട്ടി മധുരം കൊണ്ട് ശ്രദ്ധിക്കപ്പെട്ട കൊടിഞ്ഞി എന്ന കുഞ്ഞ് ഗ്രാമം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്താണ്. ഒരു സ്‌കൂളിലെ ഭൂരിഭാഗം കുട്ടികളും ഇരട്ടകളായതോടെയാണ് കൊടിഞ്ഞിയിലെ ഈ ഇരട്ടപ്പെരുമ ആളുകളുടെ ശ്രദ്ധയില്‍ പെടുന്നത്. ഇവിടെ മൂന്ന് തലമുറകള്‍ മുന്‍പ് ഇരട്ടകള്‍ ജനിക്കുന്നുണ്ടെങ്കിലും രണ്ടായിരത്തിന് ശേഷമാണ് ഇത് കൂടിയത്. 2016ലെ കണക്കനുസരിച്ച് ഈ ഗ്രാമത്തിലെ ഇരട്ടക്കുട്ടികളുടെ എണ്ണം ആയിരത്തോളമായിരുന്നു. എന്നാല്‍ ഇന്ന് അതിലും കൂടുതലാണ് കണക്ക്. ഇന്ത്യയില്‍ 1000 പ്രസവങ്ങള്‍ നടക്കുമ്പോള്‍ 4 ഇരട്ടകള്‍ എന്ന കണക്കാണെങ്കില്‍ കൊടിഞ്ഞിയില്‍ 1000 പ്രസവങ്ങള്‍ നടക്കുന്നതില്‍ 45 ഉം ഇരട്ടകളാണ്. എന്നാല്‍ കൊടിഞ്ഞിയിലെ ഈ ഇരട്ടസത്യത്തിന്റെ രഹസ്യമറിയാന്‍ പലരും ശ്രമിച്ചെങ്കിലും വിശ്വാസയോഗ്യമായ ഒരു ഉത്തരവും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിന് പിന്നിലെ രഹസ്യം കണ്ടെത്തിയിട്ടില്ലെങ്കിലും കൊടിഞ്ഞിയ്ക്ക് ഗിന്നസ് ബുക്ക് റെക്കോര്‍ഡുകള്‍ സ്വന്തമാണ്. ''ഗോഡ്‌സ് ഓണ്‍ ട്വിന്‍സ് ഠൗണ്‍'' എന്ന പേരില്‍ ഒരു സംഘടന തന്നെ കൊടിഞ്ഞി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."