ബൽകിസ് ബാനു: തടവുകാര്‍ക്ക് അനുവദിച്ചത് 1000 ദിവസം പരോള്‍
മോചിപ്പിച്ചത് സി.ബി.ഐയുടെയും പ്രത്യേക കോടതിയുടെയും എതിര്‍പ്പ് മറികടന്ന്
ന്യൂഡല്‍ഹി • ബല്‍കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി കുടുംബാംഗങ്ങളെ വധിച്ച കേസിലെ 11 പ്രതികൾക്ക് ജയില്‍ ശിക്ഷാകാലത്ത് 1000 ദിവസം പരോള്‍ അനുവദിച്ചിരുന്നതായി രേഖകൾ.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷ ഇളവ് നൽകി വിട്ടയച്ചത്.
പ്രതികളില്‍ മിക്കവര്‍ക്കും 1000 ദിവസം പരോള്‍ ലഭിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ഗൃഹപ്രവേശം, മകന്റെ വിവാഹം, അമ്മയുടെ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ പരോളിലിറങ്ങിയിരുന്നത്. മുമ്പ് പരോള്‍ ലഭിച്ച കാരണത്താല്‍ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടപ്പോള്‍ ഗോധ്ര സബ്ജയില്‍ അധികൃതര്‍ മുഖേന പ്രദേശിക ഭരണകൂടത്തിന് അപ്പീല്‍ നല്‍കിയ വിവരങ്ങളും പുറത്തുവന്നു.
പ്രതികളെ വിട്ടയക്കുന്നതിനെ സി.ബി.ഐയും പ്രത്യേക കോടതിയും എതിര്‍ത്തിരുന്നു.
കേന്ദ്രാനുമതിയോടെയാണ് വിട്ടയച്ചതെന്നും ശിക്ഷ കാലയളവിലെ പ്രതികളുടെ നല്ല പെരുമാറ്റം കൂടി കണക്കിലെടുത്താണ് നടപടിയെന്നും ഗുജറാത്ത് സുപ്രിംകോടതിയെ അറിയിച്ചു.
കഴിഞ്ഞ ജൂലൈ 11നായിരുന്നു ജയില്‍മോചനം. അനുമതി തേടി ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ രണ്ടാഴ്ചയ്ക്കുള്ളിലാണ് കേന്ദ്രസര്‍ക്കാരിന്റെ അനുകൂല നടപടി. 14 വര്‍ഷം കുറ്റക്കാര്‍ തടവില്‍ കഴിഞ്ഞതായി ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയെ ബോധിപ്പിച്ചു.
എന്നാല്‍ അങ്ങേയറ്റം നിന്ദ്യവും ക്രൂരവുമായ കുറ്റകൃത്യം ചെയ്തവരെ ശിക്ഷ പൂര്‍ത്തിയാക്കാതെ വിട്ടയക്കരുതെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. ഇരകള്‍ ഒരു പ്രത്യേക മതത്തില്‍ പെട്ടുവെന്ന ഒറ്റക്കാരണത്താലാണ് ബല്‍കിസ് ബാനുവും കുടുംബവും ആക്രമിക്കപ്പെട്ടതെന്നും കുട്ടികളെ പോലും വെറുതെവിട്ടില്ലെന്നും പ്രത്യേക കോടതി ജഡ്ജി അഭിപ്രായപ്പെട്ടിരുന്നു.
നിന്ദ്യവും വെറുക്കപ്പെട്ടതുമായ കുറ്റകൃത്യമാണ് ചെയ്തതെന്നും മനുഷ്യത്വത്തിനു നേരെയുള്ള പാതകമാണെന്നും പ്രതികളെ വിട്ടയക്കുന്നതിനെ എതിര്‍ത്ത് ഗോധ്ര സബ്ജയില്‍ സൂപ്രണ്ടിന് അയച്ച കത്തില്‍ പ്രത്യേക കോടതി ജഡ്ജി ആനന്ദ് എല്‍ യവാല്‍കര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികളെ വെറുതെ വിട്ട സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് സി.പി.എം അംഗം സുഭാഷിണി അലി, മാധ്യമപ്രവര്‍ത്തക രേവതി ലൗള്‍, പ്രൊഫ. രൂപ് രേഖ വര്‍മ എന്നിവരാണ് സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നത്. തുടര്‍ന്ന് സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിന് നോട്ടിസ് അയച്ചു.
ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ശിക്ഷാ ഇളവ് നിയമാനുസൃതമായാണോയെന്ന് പരിശോധിച്ചത്. കുറ്റക്കാരെ വിട്ടയച്ചതിനെതിരേ വിരമിച്ച 134 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."