HOME
DETAILS
MAL
കാതങ്ങള്‍ താണ്ടുന്ന എഴുത്തുകുത്തുകള്‍
backup
August 07 2021 | 17:08 PM
എന്‍.സി ഷെരീഫ്
ഫോട്ടോ: പി.പി അഫ്താബ്
മലനാടിന്റെ മക്കള്‍ നാടും വീടും വിട്ട് ജീവനോപാധി തേടി കടല്‍ കടന്നു ഗള്‍ഫില്‍ ചേക്കേറിയ കാലത്തിന്റെ വിരഹവേദനകള്‍ അടക്കിപ്പിടിച്ചത് കത്തുകളിലൂടെയായിരുന്നു. എഴുതി അന്വേഷിച്ച സുഖവിവരങ്ങളെല്ലാം ഇന്ന് പഴയ കഥ. നിമിഷാര്‍ധംകൊണ്ട് ഭൂഖണ്ഡങ്ങള്‍ കടന്നെത്തുന്ന ഫോണ്‍കോളുകളും നൂതന ആശയവിനിമയ സംവിധാനങ്ങളും ലഭ്യമായ കാലത്ത് പോസ്റ്റോഫീസിന്റെ ചുമരില്‍ തൂങ്ങിക്കിടക്കുന്ന ചുവന്ന ചായം പൂശിയ പെട്ടിയെ ആരും തേടിപ്പോകാറില്ല. എന്നാല്‍ കത്തെഴുത്തിന്റെ പുതുമ ചോരാതെ പുതിയ സൗഹൃദങ്ങളെ തേടിപ്പിടിക്കുകയാണ് അരീക്കോട് വടക്കുമുറി സ്വദേശിനി റസ്ബിന്‍ അബ്ബാസ്. ഹൃദയങ്ങള്‍ കീഴടക്കാന്‍ ശേഷിയുള്ള വരികള്‍ തപാല്‍ പെട്ടിയിലൂടെ കൈമാറി മറുപടിക്കത്തുകള്‍ക്കായി കാത്തിരിക്കുകയാണവള്‍.
മറക്കാന്‍ കൊതിക്കുന്ന ദിനം
ആറാം തരം പരീക്ഷയില്‍ ഫുള്‍മാര്‍ക്ക് നേടിയതിന് ടീച്ചര്‍ അഭിനന്ദിച്ച ദിനമായിരുന്നു അത്. ഇന്നും മറക്കാന്‍ കൊതിക്കുന്ന ദിവസം. കുഞ്ഞനിയനെ മാറോടണച്ച് തേങ്ങിക്കരയുന്ന ഉമ്മച്ചിയെയാണ് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ അവള്‍ കണ്ടത്. ഉപ്പയുടെ തണല്‍ നഷ്ടമാവുകയായിരുന്നു. ആരുടെയൊക്കെയോ പ്രേരണക്കടിപ്പെട്ട ഉപ്പയുടെ ആജ്ഞപ്രകാരം അവരുടെ വീട്ടില്‍ നിന്ന് ഉമ്മയോടൊപ്പമുള്ള നിര്‍ബന്ധിത പടിയിറക്കം. സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണു. ഉമ്മച്ചിയുടെ കണ്ണീരിന് ചോദിക്കാന്‍ ഒത്തിരി ചോദ്യങ്ങളുണ്ടായിരുന്നു. ഈ പൈതങ്ങളെക്കൊണ്ട് ഞാന്‍ എങ്ങോട്ടുപോകും തമ്പുരാനേ..?. ഉമ്മച്ചിയുടെ ഉള്ളം പിടഞ്ഞു. കരച്ചിലിന് ശക്തിയേറി. ഉമ്മച്ചിയുടെ കൈവിരലില്‍ തൂങ്ങി പാടവരമ്പിലൂടെ ഉമ്മയുടെ തറവാട്ട് വീട്ടിലേക്ക് നടന്നുനീങ്ങിയത് റസ്ബിന്‍ ഇപ്പോഴും മറന്നിട്ടില്ല. ഉപ്പയുടെ വീട്ടില്‍ നിന്ന് ഉമ്മച്ചിയുടെ വീട്ടിലേക്ക് സാധാരണ പോലെ വിരുന്നുപോകുകയാണെന്നാണ് അന്ന് വിശ്വസിച്ചത്. പക്ഷേ, പിന്നീടൊരിക്കലും ഉപ്പയവരെ തിരിച്ചുവിളിച്ചില്ല. വടക്കുമുറിയിലെ നാലുമൂല കൂരയില്‍ ഉമ്മയുടെ തണലിലായി പിന്നീടുള്ള കാലം അവള്‍ തള്ളിനീക്കി. ഉമ്മച്ചി അനുഭവിച്ച വേദനകള്‍ ഹൃദയത്തില്‍ ഒരു വിങ്ങലായി നീറിപ്പുകഞ്ഞു. ഉപ്പയില്‍ നിന്ന് പിരിഞ്ഞ് കഴിയുന്നതിന്റെ കാരണം അന്വേഷിക്കുന്നവരുടെ എണ്ണം കൂടിവന്നു. കുത്തുവാക്കുകളാല്‍ മുറിവേറ്റ കുഞ്ഞുഹൃദയം പതിയെ ഏകാന്തതയെ പ്രണയിച്ച് തുടങ്ങി. ചോദ്യങ്ങളെ ഭയന്ന് അവള്‍ മൗനത്തിന്റെ മഹാഗുഹയില്‍ ഒളിച്ചു. ബന്ധുക്കളെപ്പോലും കാണാന്‍ ഭയം. അവരെങ്ങാനും ഉപ്പയെക്കുറിച്ച് അന്വേഷിച്ചാലോ എന്ന വേവലാതി. മിടുക്കിയായിരുന്ന റസ്ബിന്‍ പതിയെ പഠനത്തില്‍ പിറകോട്ടുപോയി.
അതിജീവനം
പൊന്നുമകള്‍ക്ക് നഷ്ടപ്പെട്ട സന്തോഷങ്ങളുടെ വീണ്ടെടുപ്പായിരുന്നു ഉമ്മ റഹീനയുടെ ലക്ഷ്യം. അവളുടെ ചിരിയും കളിതമാശകളും തിരികെയെത്തണം. സ്‌നേഹ ചുംബനം നല്‍കി സ്‌കൂളിലേക്ക് പോയിരുന്ന പഴയ നല്ല പുലരികള്‍ പുനര്‍ജനിക്കണം. അതിനായി അവര്‍ ദിവാനിശം പ്രയത്‌നിച്ചു. ഉള്ളകം നീറിപ്പുകയുമ്പോഴും മക്കള്‍ക്ക് മുന്നില്‍ അവര്‍ ചിരിച്ചുകാണിച്ചു. ആവോളം സ്‌നേഹം നല്‍കി. നാലു വര്‍ഷക്കാലം വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണം. പുതിയ കൂട്ടുകാരും അധ്യാപകരും അവളെ ചേര്‍ത്തുപിടിച്ചു. പതിയെ അവള്‍ പുതിയ ജീവിതത്തിലേക്ക് നടന്നുകയറി. നവമാധ്യമങ്ങളിലൂടെ ഉപ്പയുടെ ബന്ധുക്കളെ അടുത്തറിയാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ചിത്രങ്ങള്‍ വരച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. പക്ഷേ, തേടിപ്പിടിച്ച് എത്തിയത് ഉപ്പയുടെ ബന്ധുക്കളായിരുന്നില്ല. ലോക രാജ്യങ്ങളിലെ സൗഹൃദങ്ങളായിരുന്നു. ഒരിക്കലും ആട്ടിയിറക്കാത്ത സ്‌നേഹബന്ധങ്ങള്‍.
കത്തുമൈത്രിയുടെ കഥ
ഇന്‍സ്റ്റഗ്രാമില്‍ നിന്ന് കത്തുകളിലേക്ക് വളര്‍ന്ന സൗഹൃദങ്ങളുടെ കഥ അവള്‍ സ്വന്തം വാക്കുകളില്‍ കോറിയിടുന്നതിങ്ങനെ: 'ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചാല്‍ ഒത്തിരിപേര്‍ നല്ലത് പറയും. ചിലരൊക്കെ വിമര്‍ശിക്കും. ഒരു ദിവസം എനിക്കൊരു സന്ദേശം ലഭിച്ചു. നിങ്ങളുടെ വരകള്‍ ഇഷ്ടപ്പെട്ടു. വിലാസം തന്നാല്‍ ഒരു ഗിഫ്റ്റ് അയക്കാം എന്നായിരുന്നു അത്. മെക്‌സിക്കോയില്‍ നിന്ന് സാറ എന്ന യുവതിയുടെ സന്ദേശമാണ്. എനിക്ക് വല്ലാത്ത സന്തോഷം തോന്നി. ഇന്‍സ്റ്റഗ്രാമിലെ സൗഹൃദങ്ങളില്‍ നിന്ന് കത്തെഴുത്തിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ളവരുമായി ചങ്ങാത്തം കൂടിയതിന്റെ തുടക്കക്കാരിയാണ് സാറ. എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ് അവര്‍. ഞാന്‍ എന്റെ വിലാസം അയച്ചുകൊടുത്തു. ഞങ്ങള്‍ ഫോണ്‍ മുഖേനയുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ചു. സാറയുടെ കത്തിനായുള്ള കാത്തിരിപ്പായിരുന്നു പിന്നീട്. പലതവണ തപാല്‍ ഓഫീസില്‍ കയറിയിറങ്ങി. സാറയുടെ കത്ത് എത്തിയിട്ടില്ല. നിരാശയായിരുന്നു ഫലം. എങ്കിലും കത്തിനായുള്ള കാത്തിരിപ്പിന്റെ സുഖം ഞാന്‍ ആസ്വദിച്ചുകൊണ്ടിരുന്നു. ഒരു ദിവസം പോസ്റ്റ്മാന്‍ വീട്ടിലെത്തി മെക്‌സിക്കോയില്‍ നിന്ന് ഒരു കത്ത് ഉണ്ടെന്ന് അറിയിച്ചപ്പോള്‍ വീട്ടുകാര്‍ക്ക് അന്ധാളിപ്പ്. ജീവിതത്തില്‍ ഏറെ സന്തോഷിച്ച നിമിഷമായിരുന്നു അത്. ഇത്തരത്തില്‍ അഭിനന്ദനവും കുശലവുമായി നവമാധ്യങ്ങളില്‍ വന്ന പലര്‍ക്കും മേല്‍വിലാസം കൈമാറി പരസ്പരം കത്തിലൂടെ സൗഹൃദങ്ങള്‍ തുടര്‍ന്നു'.
അതിര്‍ത്തികള്‍ കടന്നെത്തുന്ന
കത്തുകള്‍
തുര്‍ക്കി, അമേരിക്ക, ബ്രസീല്‍, ഇറ്റലി, കാനഡ, സ്‌പെയിന്‍, സഊദി അറേബ്യ, ബള്‍ഗേറിയ, ജപ്പാന്‍, ശ്രീലങ്ക... റസ്ബിന്‍ അബ്ബാസിനെ തേടി അരീക്കോട്ടെ വടക്കുമുറിയെന്ന കൊച്ചുഗ്രാമത്തിലേക്ക് കത്തുകള്‍ വരുന്ന രാജ്യങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല. 43 രാജ്യങ്ങളില്‍ നിന്നായി അന്‍പതിലേറെ സുഹൃത്തുക്കളാണ് കത്തയക്കുന്നത്. അവര്‍ക്കെല്ലാം മുടങ്ങാതെ അവള്‍ മറുപടിക്കത്തുകള്‍ എഴുതും. 'ഞാന്‍ എന്റെ നാടിനെക്കുറിച്ച് കത്തില്‍ വിവരിക്കും. എന്റെ നാട്ടിലെ സൗഹാര്‍ദ അന്തരീക്ഷവും ഒത്തൊരുമയും ലോകത്ത് ഒരിടത്തും ഇല്ലെന്ന് ഞാന്‍ അഹങ്കരിക്കും. ഇവിടുത്തെ കൃഷിരീതികളും ഉത്സവങ്ങളും ഫുട്‌ബോള്‍പെരുമയും പരിചയപ്പെടുത്തും. അവര്‍ തിരിച്ചും അങ്ങനെയാണ് കത്ത് അയക്കുക. ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യര്‍, അവരവരുടെ കൈപ്പടയില്‍ തയ്യാറാക്കിയ കത്തുകള്‍ അരികിലെത്തുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ്. എന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അത് മനസിലാകില്ല. അവര്‍ വാട്‌സ്ആപ്പില്‍ മെസേജ് അയച്ച് നിമിഷങ്ങള്‍ക്കകം മറുപടി ലഭിച്ചില്ലെങ്കില്‍ വേവലാതിപ്പെടുന്നവരാണ്. ഞാന്‍ മറുപടിക്കത്തിനായി കാത്തിരിക്കുന്നത് മാസങ്ങളാണ്'.
കത്തുകള്‍ക്കൊപ്പം സമ്മാനങ്ങളും
നാരങ്ങമിഠായി, പുസ്തകത്തിന്റെ നടുപ്പേജില്‍വച്ച് ഉണക്കിയെടുത്ത പ്ലാവില, കൊന്നപൂക്കള്‍... കൊച്ചു കൊച്ചു സമ്മാനങ്ങളും കത്തുകള്‍ക്കൊപ്പം പുതിയ സൗഹൃദങ്ങള്‍ക്കായി അതിര്‍ത്തി കടന്നു. കൊളപ്പൊര വയലില്‍ വിളഞ്ഞ നെല്‍ക്കതിര്‍ അമേരിക്കയിലെ സുഹൃത്തിന് കൈമാറിയതും കത്തിലൂടെ തന്നെ. തിരിച്ചിങ്ങോട്ടുമെത്തി, കത്തുകള്‍ക്കൊപ്പം സമ്മാനങ്ങള്‍. കരവിരുതുകൊണ്ട് നൂലില്‍ തീര്‍ത്ത മനോഹരമായ കൈച്ചെയിന്‍ റസ്ബിനെ തേടിയെത്തിയത് ബ്രസീലില്‍ നിന്നാണ്. ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ ഇരുന്ന് പരസ്പരം വിശേഷങ്ങള്‍ തിരക്കുക മാത്രമായിരുന്നില്ല. നാട്ടുവിളകളും നാട്ടുനടപ്പും ജീവിതരീതിയും പരിചയപ്പെടുത്തുക കൂടിയായിരുന്നു അവര്‍.
ഉമ്മയെന്ന ബലം
അതിര്‍ത്തികള്‍ കടന്നെത്തുന്ന സൗഹൃദങ്ങള്‍ വിലപ്പെട്ടതാണ് റസ്ബിന്. പക്ഷേ, അതിലേറെ വാചാലയാണവള്‍ ഉമ്മയെക്കുറിച്ച് പറയുമ്പോള്‍. ജീവിതം ഇരുള്‍ഗര്‍ത്തത്തിലേക്ക് പതിച്ച നേരത്തും സ്വയം മറന്ന് മക്കള്‍ക്ക് വെളിച്ചം പകരാനായി എരിഞ്ഞുകൊണ്ടേയിരുന്ന ഉമ്മയെക്കുറിച്ച് പറയുമ്പോള്‍ അവളുടെ നയനങ്ങള്‍ സജലങ്ങളാകുന്നു. ഏകാന്തതയുടെയും വിഷാദത്തിന്റെയും ഇരുള്‍ക്കയങ്ങളില്‍ നിന്ന് താന്‍ മോചനം നേടാന്‍ ഉമ്മ സഹിച്ച ത്യാഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ വാക്കുകള്‍ അവളുടെ തൊണ്ടയില്‍ ചിറകുനീര്‍ത്താനാവാതെ പിടയുന്നു. അനേകം മനുഷ്യരുമായി പരിചയം സ്ഥാപിച്ചിട്ടും ഉമ്മയെക്കാള്‍ കരുത്തുറ്റ ഒരു സ്ത്രീയെ തനിക്കറിയില്ലെന്ന് അവള്‍ ഉള്ളുതുറന്ന് പറയുന്നു. ഇന്നും ഉമ്മയാണ് ബലം. എന്നും അവരാണ് മാതൃക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."