കർഷകരുടെഹൃദയംതൊട്ട ശാസ്ത്രജ്ഞൻ
ഡോ.എ.കെ.അബ്ദുസലാം
രാജ്യത്തിൻ്റെ സുസ്ഥിരമായ ഭക്ഷ്യോൽപാദനം സ്വപ്നം കണ്ട് നിത്യഹരിത വിപ്ലവം എന്ന ആശയം ഓരോ പൗരനെയും പഠിപ്പിക്കാൻ ശ്രമിക്കുകയും അത് പ്രാവർത്തികമാക്കാൻ നിരവധി ഗവേഷണ നിലയം വരെ സ്ഥാപിക്കുകയും ചെയ്ത പ്രതിഭാധനനായ മനുഷ്യ സ്നേഹിയാണ് പ്രൊഫ. എം.എസ് സ്വാമിനാഥൻ. നിത്യഹരിത വിപ്ലവത്തിന്റെ വക്താവായ അദ്ദേഹത്തെ വിശപ്പുരഹിത ലോകത്തിന്റെ അമരക്കാരനായാണ് അറിയപ്പെട്ടത്. വിളകളുടെ ജനിതക ശാസ്ത്രം മനസിലാക്കി പുതിയ സാധ്യതകൾ ഉൾക്കൊണ്ട് വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ വിശപ്പിനെതിരേ പ്രതിരോധം തീർത്ത ജനകീയ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു അദ്ദേഹം. നൊബേൽ പുരസ്കാര ജേതാവായ വിഖ്യാത ശാസ്ത്രജ്ഞൻ ഡോ. നോർമൻ ബൊർ ലോഗിനൊടൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
1966ൽ മെക്സിക്കൻ ഗോതമ്പിന്റെ ഇനങ്ങൾ ഇന്ത്യയിൽ വളരുന്നതിനായി ചില മാറ്റങ്ങൾ വരുത്തി പഞ്ചാബിലെ പാട ശേഖരങ്ങളിൽ നൂറുമേനി വിളവെടുത്തു. ഈ പ്രവർത്തിയാണ് അദ്ദേഹത്തെ ഇന്ത്യയുടെ ഹരിത വിപ്ലവത്തിന്റെ പിതാവാക്കി മാറ്റിയത്. രാജ്യത്ത് പട്ടിണി കിടക്കുന്നവർ ഉണ്ടാവരുതെന്ന് സ്വപ്നം കാണുകയും അതിനായി നിരന്തരം പ്രവർത്തിക്കുകയും ചെയ്ത കർമ നിരതനായ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ഗോതമ്പിനെ പരിഷ്കരിക്കാൻ വിവിധ വഴികൾ തേടി അദ്ദേഹം ബൊർലോഗിലേക്കെത്തിച്ചേരുകയായിരുന്നു. ഇന്ത്യയിൽ ബൊർലോഗിന്റെ സഹായത്തോടെ ഹരിത വിപ്ലവം ആരംഭിക്കാൻ സ്വാമിനാഥന് കഴിഞ്ഞു എന്നത് കാർഷിക ചരിത്രത്തിലെ നിർണായക അധ്യയമാണ്.
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി തിരുവിതാംകൂർ സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരം മഹാരാജാസ് കോളജിൽനിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദമെടുത്തു. 1947ൽ ഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജനറ്റിക്സ് ആൻഡ് പ്ലാൻ്റ് ബ്രീഡിങ്ങിൽ മാസ്റ്റർ ബിരുദവും നേടി. 1949ൽ നെതർലാൻഡ്സിലെ ജനിതക ഇൻസ്റ്റിറ്റ്യൂട്ടിൽ ഉരുളക്കിഴങ്ങിലെ ജനിതക പഠനത്തിനായി യുനെസ്കോ ഫെലോഷിപ്പ് സ്വീകരിച്ചു. 1950ൽ കേംബ്രിഡ്ജിൽ ഗവേഷണത്തിന് ചേർന്നു. 1952ൽ പിഎച്ച്.ഡി നേടി. അമേരിക്കയിലെ വിസ്കോൺസിൻ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് ചേരുകയും അമേരിക്കൻ കാർഷിക വകുപ്പിനു കീഴിൽ ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം തുടങ്ങാൻ സഹായിക്കുകയും ചെയ്തു.
1949ൽ ഐ.പി.എസും ഉരുളക്കിഴങ്ങിന്റെ ജനിതക ശാസ്ത്രത്തിൽ ഗവേഷണം നടത്താൻ യുനെസ്കോ ഫെലോഷിപ്പും ഒരുമിച്ചു കൈയിൽ വന്നപ്പോൾ, സ്വാമിനാഥൻ സ്വീകരിച്ചത് ഗവേഷണത്തിനുള്ള അവസരമായിരുന്നു. പരീക്ഷണ ശാലകളോടായിരുന്നു എം.എസ് സ്വാമിനാഥന് എന്നും പ്രിയം. അദ്ദേഹത്തെ നിർവചിക്കുക അത്ര എളുപ്പമല്ല. ശാസ്ത്രജ്ഞൻ, ഭരണാധികാരി, പൊതുപ്രവർത്തകൻ, ദാർശനികൻ, തത്വചിന്തകൻ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിത രേഖ.
തമിഴ്നാട്ടിലും കേരളത്തിലുമായി ബാല്യം പകുത്തു വളർന്ന ഒരു കുട്ടനാട്ടുകാരൻ ബാലന് തഞ്ചാവൂരിലെയും കുട്ടനാട്ടിലെയും വയൽ കാഴ്ചകൾ ഒരുപോലെ സമ്മാനിച്ചത് ഉത്തരംകിട്ടാത്ത ചോദ്യം മാത്രമായിരുന്നു. ലോകത്തെ എല്ലാ മനുഷ്യരെയും ഊട്ടുന്നത് പാടത്തു പണിയെടുക്കുന്ന കറുത്ത കൈകളാണ്. എന്നിട്ടും ആ ഒട്ടിയ വയറുകൾക്ക് ഒരിക്കലും നിറച്ചുണ്ണാനാകാത്തതും അവർ എന്നും ദരിദ്രരായി തുടരുന്നതും എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരം മാത്രമല്ല പരിഹാരവും കണ്ടെത്തിയ ഡോ. എം.എസ് സ്വാമിനാഥനിലൂടെ നഷ്ടമായത് ഭാരതത്തിന്റെ പത്തായം നിറച്ച ഹരിതവിപ്ലവ നായകനെയാണ്.
കാര്‍ഷിക മേഖലയിലും ഭക്ഷ്യസുരക്ഷയിലും സ്വാമിനാഥന്‍ നടത്തിയ സംഭാവനകൾ മുൻ നിർത്തി അദ്ദേഹത്തിന് ആദ്യത്തെ ലോക ഫുഡ്പ്രൈസ് (1987) അവാര്‍ഡ് ലഭിച്ചു. ഈ അവാര്‍ഡ് തുക ഉപയോഗിച്ചാണ് 1988ല്‍ എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഭക്ഷ്യപോഷക സുരക്ഷയും കാര്‍ഷിക ജെവവൈവിധ്യ സംരക്ഷണവും ലക്ഷ്യമാക്കി 1997ല്‍ വയനാട്ടിലെ കൽപ്പറ്റയിൽ സാമൂഹിക കാര്‍ഷിക ജൈവ വൈവിധ്യ കേന്ദ്രം ആരംഭിച്ചു.
ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ്, ലോകമാന്യ തിലക് അവാർഡ്, മിലേനിയം അവാർഡ്, റമോൺ മാഗ്സസേ അവാർഡ്, ആൽബർട്ട് ഐൻസ്റ്റീൻ ലോക ശാസ്ത്ര അവാർഡ്, ലോക ഭക്ഷ്യ സമ്മാനം, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഇന്ദിരാഗാന്ധി സമാധാന സമ്മാനം തുടങ്ങിയ നിരവധി രാജ്യാന്തര അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
ഇന്ത്യയിൽ നാമാവശേഷമായി കൊണ്ടിരിക്കുന്ന 80 സസ്യങ്ങളെ സംരക്ഷിക്കുകയും അതിനായി 80 യുവ ശാസ്ത്രജ്ഞരെ കണ്ടെത്തുകയും അവരെ പ്രസ്തുത ഗവേഷണത്തെ ഏൽപിച്ചായിരുന്നു തൻ്റെ 80ാം പിറന്നാൾ ആഘോഷം. ഇന്ത്യയിലെ 33ലധികം സർവകലാശാലകൾ അദ്ദേഹത്തിന് ഹോണററി ബിരുദം നൽകിയിട്ടുണ്ട്. 11 വിദേശ സർവകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. അമേരിക്കയിലെ ടൈം മാഗസിൻ ലോകത്തെ സ്വാധീനിച്ച 20 ഏഷ്യക്കാരെ തെരഞ്ഞെടുത്തപ്പോൾ ഇന്ത്യയിൽ നിന്ന് മൂന്നാം സ്ഥാനം നേടിയത് സ്വാമിനാഥനായിരുന്നു. മഹാത്മാ ഗാന്ധിയും രവീന്ദ്ര നാഥ ടാഗോറുമായിരുന്നു ഒന്നും രണ്ടും സ്ഥാനക്കാർ. സ്വാമിനാഥൻ ഒരു വഴിവിളക്കാണ്. പുതിയ ശാസ്ത്രജ്ഞർക്ക് വഴികാണിക്കുന്ന സ്നേഹ വിളക്ക്.
(എം.എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ റിസർച്ച് അസോസിയേറ്റായിരുന്നു ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."