ഖാര്‍ഗെയോ, തരൂരോ? വോട്ടെണ്ണല്‍ അല്‍പസമയത്തിനകം
ന്യൂഡല്‍ഹി: രണ്ട് പതിറ്റാണ്ടിനു ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന രഹസ്യ വോട്ടെടുപ്പിന്റെ ഫലം ഇന്നറിയാം. നേതൃത്വത്തിന്റെ പിന്തുണയുള്ള അപ്രഖ്യാപിത ഔദ്യോഗിക സ്ഥാനാര്‍ത്ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തിരുത്തല്‍ ശക്തിയായി സ്വയം പ്രഖ്യാപിച്ച് രംഗത്തെത്തിയ ശശി തരൂരും തമ്മിലുള്ള മല്‍സരത്തിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ 10 മണിക്ക് ഡല്‍ഹിയില്‍ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷമാണ് ഫലപ്രഖ്യാപനം. താല്‍ക്കാലിക പ്രസിഡന്റായ സോണിയാ ഗാന്ധിയുടെ പിന്‍ഗാമിയായി 24 വര്‍ഷങ്ങള്‍ക്കു ശേഷം ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ള ഒരാള്‍ അവരോധിക്കപ്പെടുന്നുവെന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.
രാജ്യത്തുടനീളം നടന്ന ആവേശകരമായ വോട്ടെടുപ്പില്‍ 9500ലേറെ പ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്തിയത്. ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്തും സംസ്ഥാന പി.സി.സി ആസ്ഥാനങ്ങളിലുമായി 9915 പേര്‍ക്കാണ് തിങ്കളാഴ്ച വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കിയിരുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. എണ്ണുന്നതിന് മുമ്പായി എല്ലാ ബാലറ്റുകളും കൂട്ടിക്കലര്‍ത്തുമെന്ന് തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചു. സ്ഥാനാര്‍ത്ഥി ശശി തരൂര്‍ നേരത്തേ ഈ ആവശ്യമുന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മധുസൂദന്‍ മിസ്ത്രി പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി.
എന്നാല്‍ യു.പി, പഞ്ചാബ്, തെലങ്കാന പി.സി.സികളിലെ വോട്ടുകളില്‍ ക്രമക്കേടുണ്ടെന്ന് തരൂര്‍ പക്ഷം ആരോപിച്ചു. യു.പിയിലെ വോട്ടുകള്‍ എണ്ണരുതെന്ന് തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് ഇല്ലാതിരുന്ന പലരുടെയും പേരുകളില്‍ മറ്റുള്ളവര്‍ വോട്ട്‌ചെയ്‌തെന്നാണ് പരാതി. സീരിയല്‍ നമ്പറില്ലാത്ത സീല്‍ ഉപയോഗിച്ചാണ് ബാലറ്റ് പെട്ടി സീല്‍ ചെയ്തതെന്നും വോട്ടിങ് ഏജന്റുമാര്‍ ചൂണ്ടിക്കാണിച്ചിട്ടും ഇക്കാര്യം അവഗണിച്ചതായും പരാതിയില്‍ പറയുന്നു.
ഈ ദിവസത്തിനായി ദീര്‍ഘനാളായി കാത്തിരിക്കുകയായിരുന്നുവെന്ന് എ.ഐ.സി.സി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം സോണിയാ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 1998 മുതല്‍ 2017 വരെ പാര്‍ട്ടി പ്രസിഡന്റായിരുന്ന സോണിയ 2019ല്‍ രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതോടെ താര്‍ക്കാലിക പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഔദ്യോഗികപക്ഷത്തിന്റെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഖാര്‍ഗെയുടെ വിജയം സുനിശ്ചിതമാണെന്ന് ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസില്‍ മാറ്റമാഗ്രഹിക്കുന്നവരും യുവാക്കളില്‍ നല്ലൊരു പങ്കും തനിക്ക് വോട്ട് ചെയ്യുമെന്ന് തരൂര്‍ പ്രതീക്ഷിക്കുന്നു. ചില യുദ്ധങ്ങള്‍ നാം പോരാടുന്നത് ഇന്ന് നാം നിശ്ശബ്ദമായിരുന്നില്ലെന്ന് ചരിത്രത്തെ ബോധ്യപ്പെടുത്താനാണെന്ന് വോട്ടെടുപ്പ് ദിവസം തരൂര്‍ അഭിപ്രായപ്പെട്ടത് വിജയപ്രതീക്ഷ അദ്ദേഹം ഉപേക്ഷിച്ചതിന്റെ സൂചനയായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."