പറന്നിറങ്ങിയ ദുരന്തഭൂമിയില്‍ വേദനകള്‍ മറന്ന് പ്രാര്‍ഥനയുമായി അവര്‍...
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: ഉമ്മാ...വിമാനം...തലക്ക് മുകളിലൂടെ റണ്‍വേയിലേക്ക് പറന്നിങ്ങാന്‍ പോകുന്ന വിമാനം ചൂണ്ടി ലൈബ ഫത്തൂം എന്ന രണ്ടര വയസുകാരി പറഞ്ഞു. അവള്‍ക്കറിയില്ല, ഒരുവര്‍ഷം മുന്‍പ് ലൈബയും ഉമ്മ സലീഖ നസ്‌റിനും ഉള്‍പ്പെടെയുള്ളവരുമായി കരിപ്പൂരിലിറങ്ങിയ വിമാനം അപകടത്തില്‍ പെട്ടത് അവിടെവച്ചായിരുന്നുവെന്ന്. കാരണം കുഞ്ഞു ലൈബയ്ക്ക് അന്ന് ഒന്നരവയസ് മാത്രമാണ് പ്രായം. കരിപ്പൂര്‍ വിമാന അപകടത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം സംഘടിപ്പിച്ച കരിപ്പൂര്‍ ഓര്‍മ ദിനത്തിനാലാണ് വേദനകള്‍ പരസ്പരം പങ്കുവെച്ച് യാത്രക്കാര്‍ അപകടം നടന്ന പരിസരത്ത് സംഗമിച്ചത്.
അപകടത്തില്‍ തനിച്ചായിപ്പോയ മകള്‍ക്ക് ഏറെക്കാലം ഭയം തന്നെയായിരുന്നുവെന്ന് കോഴിക്കോട് പേരാമ്പ്ര നൊച്ചാട് പാറച്ചുവട്ടില്‍ മുഹമ്മദ് അഫ്‌സലിന്റെ ഭാര്യ സലീഖ നസ്‌റിന്‍ പറഞ്ഞു. ദുബൈയിലുള്ള ഭര്‍ത്താവിന്റെ അടുത്തുനിന്നും സലീഖ മകളുമായി തിരിച്ചുവരുന്നതിനിടയിലായിരുന്നു അപകടം. ദുരന്ത സ്ഥലത്തുനിന്ന് സലീഖയെയും മകളെയും രണ്ട് ആശുപത്രികളിലേക്കാണ് കൊണ്ടുപോയത്. ഉമ്മയെ കാണാതെ വാവിട്ടുകരഞ്ഞ ലൈബയെ പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ മാതാവിന്റെ അടുത്തെത്തിക്കുകയായിരുന്നു. ശാരീരിക പ്രശ്‌നങ്ങള്‍ അലട്ടുന്ന സലീഖയ്ക്ക് ഇപ്പോഴും ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല. അര്‍ഹമായ ആനുകൂല്യം വിമാന കമ്പനി നല്‍കിയിട്ടുമില്ല.
ഒരുവര്‍ഷമായി അനുഭവിച്ച വേദനയാണ് വയനാട് ചീരാല്‍ സ്വദേശി നൗഫല്‍ പങ്കുവെച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ നൗഫലിന് 15 ശസ്ത്രക്രിയകളാണ് ഇതിനകം നടത്തിയത്.
വാക്കറിന്റെ സഹായത്തോടെയാണ് നടത്തം. അപകടത്തില്‍ ഇടതുകാലിനേറ്റ പരുക്ക് മൂലം പൊന്നാനി സ്വദേശി ഷെരീഫിന് ഇപ്പോഴും പരസഹായമില്ലാതെ നില്‍ക്കാനാവില്ല. വിമാന അപകടത്തില്‍ പരുക്കേറ്റവരും അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുമായി കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്ന് 70 പേരാണ് കരിപ്പൂരില്‍ സംഗമിച്ചത്. തങ്ങളെ രക്ഷപ്പെടുത്തിയ നാട്ടുകാരെ കണ്ടപ്പോള്‍ പലരുടേയും കണ്ണ് നനഞ്ഞു.
അപകടത്തില്‍ മരിച്ച സഹയാത്രികര്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചും പരസ്പരം വേദനകള്‍ പങ്കുവച്ചുമാണ് അവര്‍ പിരിഞ്ഞത്.
മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ സമര പരിപാടികളടക്കം ആസൂത്രണം ചെയ്യാനുള്ള ഒരുക്കത്തിലാണ് യാത്രക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."