ചെലവഴിക്കാതെ ഫണ്ട് ത്രിതല പഞ്ചായത്ത് അക്കൗണ്ടുകളിൽ കെട്ടിക്കിടക്കുന്നത് 70.93 കോടി
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം • സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ അകൗണ്ടുകളിൽ ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നത് 70.93 കോടി.
നിർത്തലാക്കപ്പെട്ട ഭവന ഫണ്ട് ഉൾപ്പടെയുള്ള സ്‌കീമുകളിൽ ഇനി ചെലവഴിക്കാൻ കഴിയാത്ത 709,342,889 രൂപയാണ് അകൗണ്ടുകളിൽ കെട്ടിക്കിടക്കുന്നത്.
സംസ്ഥാന സർക്കാർ ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതി ആരംഭിച്ചതോടെ ഐ.എ.വൈ, ഇ.എം.എസ് തുടങ്ങിയ ഭവന നിർമാണങ്ങൾക്ക് ഫണ്ട് നൽകുന്നില്ല. ഇവയടക്കമുള്ള തുകയാണിത്. ചെലവഴിക്കാത്ത തുക സംബന്ധിച്ച് ഗ്രാമവികസന കമ്മിഷണറോട് സർക്കാർ വിശദീകരണം തേടിയിരുന്നു.
ഇതിനുള്ള മറുപടിയിലാണ് ത്രിതല പഞ്ചായത്തുകളിൽ 70.93 കോടി ചെലവഴിക്കാതെ കെട്ടിക്കിടക്കുന്നുണ്ടെന്ന് അറിയിച്ചത്. ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതൽ തുക കെട്ടിക്കിടക്കുന്നത്. 42,78,71,361 രൂപയാണ് സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ചെലവഴിക്കാതെ കിടക്കുന്നത്.
സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളാണിള്ളത്.
ജില്ലാപഞ്ചായത്തുകളിൽ 24,66,95,088 രൂപയും 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 3,47,76,440 രൂപയും ചെലവഴിച്ചിട്ടില്ല.സംസ്ഥാനത്തെ നഗരസഭ, കോർപറേഷൻ എന്നിവടങ്ങളിൽ ചെലവഴിക്കാത്ത തുകയുടെ വിവരം നഗരകാര്യ ഡയറക്ടറോട് ശേഖരിച്ച് നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നൽകിയിട്ടില്ല. ചെലവഴിക്കാത്ത തുക ലൈഫ് മിഷനടക്കമുള്ള പദ്ധതികളിലേക്ക് മാറ്റാനാണ് നിർദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."