സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍; ടി.പി.ആര്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ വെര്‍ച്വല്‍ സമ്മേളനം
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ തന്നെ ആതിഥ്യമരുളും. ഡല്‍ഹിയില്‍ ചേര്‍ന്ന മൂന്നുദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏപ്രിലിലായിരിക്കും സമ്മേളനം. സംസ്ഥാന സമ്മേളനങ്ങള്‍ ഒക്ടോബര്‍ മുതല്‍ തുടങ്ങും. അതിനു മുന്നോടിയായി ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയാക്കും. ടി.പി.ആര്‍ കണക്കാക്കി താഴെത്തട്ടിലെ സമ്മേളനങ്ങള്‍ നടത്തണം. ടി.പി.ആര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ വിര്‍ച്വല്‍ ആയി നടത്തണം. ഇതേക്കുറിച്ച് തീരുമാനിക്കാന്‍ സംസ്ഥാന ഘടകങ്ങളെ ചുമതലപ്പെടുത്തി.
ഈ വര്‍ഷം ഏപ്രിലിലായിരുന്നു 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം, കേരളത്തിലെയും ബംഗാളിലെയും തെരഞ്ഞെടുപ്പ് അടക്കമുള്ള സാഹചര്യം പരിഗണിച്ച് അടുത്തവര്‍ഷത്തേക്ക് നീട്ടുകയായിരുന്നു. 2012ലെ കോഴിക്കോട് സമ്മേളനമാണ് ഇതിന് മുന്‍പ് കേരളത്തില്‍ അവസാനമായി നടന്ന പാര്‍ട്ടി കോണ്‍ഗ്രസ്. 2018ലെ പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ ആയിരുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യവും ബംഗാളിലേയും കേരളത്തിലേയും തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രകമ്മിറ്റി വിശദമായി പരിശോധിച്ചു. വരാനിരിക്കുന്ന ത്രിപുര തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും ധാരണയായി. തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കേരളാഘടകത്തെ യോഗം പ്രശംസിച്ചു. മന്ത്രിമാരടക്കം മുതിര്‍ന്ന അംഗങ്ങള്‍ക്ക് സീറ്റ് നല്‍കാതിരുന്നതും കേരള കോണ്‍ഗ്രസ് (എം) മുന്നണിയിലെത്തിയതും നന്നായെന്ന് യോഗം വിലയിരുത്തി.
ബംഗാളിലെ രാഷ്ട്രീയനയങ്ങളിലും തീരുമാനങ്ങളിലും സംസ്ഥാന ഘടകത്തിനെതിരേ വലിയ വിമര്‍ശനമുണ്ടായി. കോണ്‍ഗ്രസുമായി സഖ്യം വേണ്ടായിരുന്നുവെന്ന നിലപാടുകള്‍ യോഗത്തില്‍ ഉയര്‍ന്നു. ബി.ജെ.പിയെയും തൃണമൂലിനെയും ഒരുപോലെ ശത്രുവായി കണ്ടത് തിരിച്ചടിയായെന്ന കേരളാഘടകത്തിന്റെ വിമര്‍ശനം ബംഗാള്‍ ഘടകത്തെ ചൊടിപ്പിച്ചു. ബംഗാളില്‍ തിരിച്ചുവരാന്‍ എന്തുചെയ്യണമെന്നത് സംബന്ധിച്ച് പാര്‍ട്ടി സമ്മേളനങ്ങളില്‍ കാര്യമായി ചര്‍ച്ചചെയ്യണമെന്ന നിര്‍ദേശവും യോഗത്തിലുയര്‍ന്നു.
ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കത്തോട് എന്തുനിലപാട് എടുക്കണമെന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യം പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ചയാവും. സമ്മേളന കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാളെ വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."