ജീവിതം തുലക്കുമെന്ന് ഭീഷണി,12 ദിവസത്തെ ജയില്‍ വാസം,നേരിടേണ്ടി വന്ന മര്‍ദനം; കിളികൊല്ലൂരിലെ പോലിസിന്റെ ക്രൂരതക്കിരയാകേണ്ടി വന്ന രണ്ട് സഹോദരങ്ങള്‍
കൊല്ലം: കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനും സഹോദരനും കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന വാര്‍ത്തയാണ് പൊലിസ് പുറത്ത് വിട്ടത്. അതിന് പുറമെ പൊലിസ് തന്നെ കെട്ടിചമച്ച കുറെ കഥകളും ഉണ്ടായിരുന്നു. കേസില്‍ 12 ദിവസം സൈനികനായ വിഷ്ണുവും അനിയന്‍ വിഘ്‌നേഷും ജയിലില്‍ കഴിഞ്ഞു. ജാമ്യത്തിലിറങ്ങിയ യുവാക്കള്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചും ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തിയത്. സ്റ്റേഷനിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലിസിന്റെ നാടകം പുറത്തുവന്നത്.
ഏഴ് വര്‍ഷത്തെ പ്രണയസാക്ഷാത്ക്കാരത്തിനായാണ് സൈനികനായ വിഷ്ണു നാട്ടില്‍ എത്തുന്നത്. എം.ഡി.എം.എയുമായി നാലുപേര്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് വിഷ്ണുവിന്റെ സഹോദരന്‍ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യം നില്‍ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്നേഷും ഒരു പൊലിസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തി. ആ സമയത്ത് രണ്ടുപേരെയും പൊലിസുകാര്‍ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. പ്രതിരോധത്തിനിടയില്‍ വിഷ്ണു നല്‍കിയ ഒരു അടിയേറ്റ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളില്‍ പരിക്കേറ്റു. ഇതില്‍ നിന്നാണ് പൊലിസിന്റെ തിരക്കഥ ഒരുങ്ങിയത്.
എം.ഡി.എം.എ കേസിലെ പ്രതികള്‍ക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ പൊലിസിനെ ആക്രമിച്ചെന്നും എ.എസ.്ഐ യെ പരുക്കേല്‍പ്പിച്ചെന്നുമായി സംഭവം. ഇത് സംബന്ധിച്ച വാര്‍ത്താ കുറിപ്പും പൊലിസ് പുറത്തിറക്കി. മജിസ്‌ട്രേറ്റിനോട് വിവരം തുറന്നുപറഞ്ഞാല്‍ ജീവിതം തുലച്ചുകളയുമെന്നായിരുന്നു പൊലീസുകാരുടെ ഭീഷണി. 12 ദിവസമാണ് വിഷ്ണുവിനും വിഘ്നേഷിനും കൊല്ലം ജില്ലാ ജയിലില്‍ കഴിയേണ്ടിവന്നത്.അതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹവും മുടങ്ങി. ജാമ്യത്തില്‍ ഇറങ്ങിയ ഇരുവരും മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് യാഥാര്‍ത്ഥ്യം പുറത്തുവന്നത്. സംഭവത്തില്‍ കിളികൊല്ലൂര്‍ എസ്.ഐ എ.പി. അനീഷ്, സീനിയര്‍ സി.പി.ഒമാരായ ആര്‍. പ്രകാശ് ചന്ദ്രന്‍, വി.ആര്‍.ദിലീപ് എന്നിവരെ കമ്മിഷണര്‍ ഇടപെട്ട് സ്ഥലം മാറ്റി. സി.ഐക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."