ഗ്രോ വാസു എന്ന വിപ്ലവകാരി
ഗ്രോ വാസു എന്ന വിപ്ലവകാരി
ഗ്രോ വാസു / മനോഹരന്‍ ആയക്കുറുശ്ശി
''എന്നെക്കുറിച്ച് ഞാനൊട്ടും അസ്വസ്ഥനല്ല. മറ്റുള്ളവരെ കുറിച്ചോര്‍ത്തിട്ടാണ് എനിക്ക് ഉറക്കം നഷ്ടപ്പെടുന്നത്.
'ആരാണച്ഛാ ഈ മറ്റുള്ളവര്‍?
അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും…!'
എം. സുകുമാരന്‍ (പിതൃദര്‍പ്പണം)
ഇത് ഗ്രോ വാസു. തീവ്ര ഇടതുപക്ഷത്തിനു കോഴിക്കോടിന്റെ സംഭാവന! എന്റെ രാഷ്ട്രീയമാണ് എന്റെ ജീവിതമെന്നു പറയുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്ത വാസുവേട്ടന്‍ തൊണ്ണൂറ്റിനാലാം വയസിന്റെ നിറവിലും പൊതുജീവിതത്തില്‍ കര്‍മനിരതനാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ ജീവിതം ഇളക്കിമറിച്ച നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി വരെയായ വാസുവിന്റെ ജീവിതം സമാനതകളില്ലാത്ത ജനകീയ പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്. മധ്യവര്‍ഗ ജീവിതത്തിന്റെ പുറന്തോടിനുള്ളില്‍ സ്വന്തം ജീവിതം സുരക്ഷിതമാക്കിയ ശേഷം വിപ്ലവപ്രവര്‍ത്തനത്തെ സമീപിക്കുന്ന പെറ്റിബൂര്‍ഷ്വാ സമീപനമായിരുന്നില്ല വാസുവിന്റേത്. ത്യാഗപൂര്‍ണമായ ഒരു ഭൂതകാലമുള്ള രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ഭാഗമായി നടത്തിയ നിഷ്‌കാമ കര്‍മത്തിന്റെ കര്‍മധീരതയായിരുന്നു അത്.
കോഴിക്കോട് പൊറ്റമ്മല്‍ ചേലാട്ട്കുന്ന് കോട്ടൂളി അംശം ദേശം അയിനൂര്‍ വീട്ടില്‍ അപ്പുആച്ചക്കുട്ടി ദമ്പതികളുടെ മകനായി 1929ല്‍ ജനനം. പതിനാറാം വയസില്‍ കോമണ്‍വെല്‍ത്തില്‍ നെയ്ത്ത് തൊഴിലാളി. സി.പി.ഐ കാന്റിഡേറ്റ് മെംബര്‍. പതിനേഴാം വയസില്‍ ഫുള്‍ പെയ്ഡ് മെംബര്‍. 1964ല്‍ സി.പി.എം പൊറ്റമ്മല്‍ ബ്രാഞ്ച് കമ്മറ്റി അംഗം. ഏരിയാ മെംബര്‍. കോഴിക്കോട് നെയ്ത്ത് തൊഴിലാളി യൂനിയന്‍ താലൂക്ക് സെക്രട്ടറി.
1967ല്‍ 'പുല്‍പ്പള്ളി തലശ്ശേരി' കാലത്ത് സി.പി.എമ്മില്‍നിന്ന് രാജിവച്ചു. 68ല്‍ കുന്നിക്കലുമായി ചേര്‍ന്ന് നക്‌സല്‍ അനുഭാവിയായി. 69ല്‍ നാല്‍പതാം വയസില്‍ കോമണ്‍വെല്‍ത്തില്‍നിന്ന് രാജിവച്ചു. ആദിവാസികളുടെ അടിമജീവിതം അവസാനിപ്പിക്കാന്‍ വര്‍ഗീസുമൊത്ത് സായുധവിപ്ലവത്തിനു വയനാട് ചുരംകയറി. തുടര്‍ന്ന് ഏഴര വര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍, ഒറ്റമുറിയിലെ ഏകാന്തതടവ്! തിരുനെല്ലി തൃശ്ശലേരി കേസില്‍ 27 പ്രതികളില്‍ ഒന്നാം പ്രതിയായ വാസുവേട്ടന്റെ പേരില്‍ മാത്രമാണ് ഇന്ത്യന്‍ ശിക്ഷാ നിയമം302 വകുപ്പ് പ്രകാരം കൊലക്കുറ്റം ചുമത്തിയത്. വധശിക്ഷ ലഭിക്കാവുന്ന കുറ്റത്തിനെതിരേ പാര്‍ട്ടി നിര്‍ദേശമനുസരിച്ച് വക്കീലിനെ വച്ച് വാദിക്കുകയോ മറ്റോ ചെയ്തില്ല. ഏഴു പേജ് വരുന്ന ഒരു സ്റ്റേറ്റ്‌മെന്റ് മാത്രമാണ് വാസു കോടതിയില്‍ സമര്‍പ്പിച്ചത്.
ഐതിഹാസികമായ ഗ്വാളിയാര്‍ സമരമാണ് വാസുവിനെ ഗ്രോ വാസുവെന്ന പേരുകാരനാക്കിയത്. ഈ തൊണ്ണൂറ്റിനാലാം വയസിലും വാസുവേട്ടന്‍ വിശ്രമത്തിലല്ല. പോരാട്ടത്തിലാണ്. മര്‍ദിതരുടെ നെഞ്ചിലെ തീപ്പൊരി കേരളീയ ഗ്രാമങ്ങളിലേയ്ക്ക് വലിച്ചെറിഞ്ഞ ഉശിരാര്‍ന്ന രാഷ്ട്രീയ ഇച്ഛാശക്തി! പശ്ചിമഘട്ടത്ത് നിയമ വിരുദ്ധവും പൈശാചികവുമായി എട്ട് മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന ഭരണകൂട ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടത്തിലാണ് വാസുവേട്ടനിപ്പോള്‍. അതിന്റെ ഭാഗമായി പൊലിസ് അന്യായമായി ചുമത്തിയ കേസില്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹവുമായി നടത്തിയ അഭിമുഖം.
പശ്ചിമഘട്ടത്തു നടന്ന മാവോയിസ്റ്റ് വേട്ടയില്‍ പ്രതിഷേധിച്ചതിനാണല്ലോ വാസുവേട്ടനെ 47 ദിവസം ജയിലില്‍ അടച്ചത്. യഥാര്‍ഥത്തില്‍ പശ്ചിമഘട്ട സംഭവത്തില്‍ ഈ സര്‍ക്കാരിനുള്ള പങ്ക് എന്താണ്.
റിവിഷനിസ്റ്റായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫാസിസ്റ്റായ നേതാവാണ് പിണറായി വിജയന്‍. മാവോയിസ്റ്റ് വേട്ടയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച മുന്നൂറു കോടി രൂപയ്ക്കു വേണ്ടിയാണ് അതിക്രൂരവും പൈശാചികവുമായി എട്ടു കൊലപാതകങ്ങള്‍ നിയമവിരുദ്ധമായി നടത്തിയത്. കണക്കു കാണിക്കേണ്ടതില്ലാത്ത കേന്ദ്ര ഫണ്ടാണിത്. മാവോയിസ്റ്റ് വേട്ടയില്‍ സംഘ്പരിവാര്‍ ഫാസിസവും കമ്മ്യൂണിസ്റ്റ് ഫാസിസവും സഖ്യത്തിലാണ്.
ചെഗുവേരയുടെ കൊടിയും പിടിച്ചു നടക്കുന്ന പുതിയ തലമുറയ്ക്ക് മാര്‍ക്‌സിസമോ, മാര്‍ക്‌സ് എന്താണ് പറഞ്ഞതെന്നോ അറിയില്ല. അതുകൊണ്ടാണ് ഈ റിവിഷനിസ്റ്റ് നേതാക്കള്‍ക്ക് അവര്‍ ജയ് വിളിക്കുന്നത്. അവര്‍ കാര്യങ്ങള്‍ മനസിലാക്കുന്ന കാലം വരികതന്നെ ചെയ്യും. 2016 മുതല്‍ 2020 വരെ കേരളത്തില്‍ പൊലിസ് വെടിവച്ചുകൊന്നത് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരെയാണ്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സുപ്രിംകോടതിയുടെ ചില മാര്‍ഗനിര്‍ദേശങ്ങളുണ്ട്. അതനുസരിച്ച് കാലിനു താഴെയാണ് വെടിവയ്‌ക്കേണ്ടത്. അതു ലംഘിച്ച് കൊല്ലണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് നെഞ്ചിലേയ്ക്കു വെടിവച്ചിട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സംഘടിത തട്ടിപ്പ് പുറത്തുവരണം.
പശ്ചിമഘട്ടത്തു നടന്ന കൂട്ടക്കൊലപാതകത്തിന് കൂട്ടുനിന്ന ഇവരാണോ കമ്മ്യൂണിസ്റ്റുകാര്‍? ഇതിനെതിരേ കേരളജനത ഉണരണം. വ്യാജ ഏറ്റുമുട്ടലില്‍ എട്ടുപേരെ കൊന്ന സംഭവം ഏഴു വര്‍ഷമായി ഇരുട്ടിലാണ്ടു കിടക്കുകയായിരുന്നു. അതിലേയ്ക്കു വെളിച്ചംവീശാന്‍ എന്റെ ജയില്‍വാസത്തിനു സാധിച്ചു. ജനാധിപത്യവിരുദ്ധ നടപടി ജനങ്ങളിലേയ്ക്ക് എത്തിക്കാനാണു ജാമ്യം എടുക്കാതെ ജയിലില്‍പോയത്. വെടിയേറ്റു മരിച്ച അജിതയുടെ ജഡം ഞാന്‍ കണ്ടതാണ്. ആ മുഖത്തെ ശാന്തഭാവം എന്നെ അശാന്തനാക്കി. രാജ്യത്തെ അനീതിക്കെതിരേ പോരാടാനാണ് ആ കുട്ടി രംഗത്തിറങ്ങിയത്. മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകയായിരുന്നു. അവരെയാണ് വെടിവച്ചുകൊന്നത്. വെടിയേറ്റു മരിച്ചുകിടന്ന ഓരോ മാവോവാദിയുടെയും മുഖം എന്നെ പോരാട്ടത്തിനു പ്രേരിപ്പിക്കുന്നുണ്ട്.
വാസുവേട്ടന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുവന്നവരുടെ കൂട്ടത്തില്‍ എസ്.ഡി.പി.ഐ തൊഴിലാളി സംഘടനയുടെ സാന്നിധ്യം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതേക്കുറിച്ച്…
മാര്‍ക്‌സിയന്‍ ദര്‍ശനങ്ങളാണ് എന്റെ ചിന്താധാര. ആ നിലയ്ക്കുള്ളതാണ് എന്റെ രാഷ്ട്രീയപ്രവര്‍ത്തനവും ജീവിതവും. മാര്‍ക്‌സ് ആഹ്വാനം ചെയ്തത്, സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവീന്‍ എന്നാണ്. അല്ലാതെ ഹിന്ദു തൊഴിലാളികളെ, മുസ്‌ലിം തൊഴിലാളികളെ, ക്രൈസ്തവ തൊഴിലാളികളെ സംഘടിക്കുവീന്‍ എന്നല്ല. അന്നും ഇന്നും എന്റെ മനസ് തൊഴിലാളികള്‍ക്കും കീഴാളര്‍ക്കുമൊപ്പമാണ്. ഞാനാരുമായി സഹകരിക്കുന്നു എന്നതല്ല, എന്തിനു വേണ്ടി സഹകരിക്കുന്നു എന്നതാണു പ്രധാനം.
മുസ്‌ലിം സംഘടനകളുമായുള്ള വാസുവേട്ടന്റെ സഹകരണം എന്നും ചര്‍ച്ചയായിട്ടുണ്ടല്ലോ…
ഇന്ത്യയിലെ മുഖ്യ ന്യൂനപക്ഷമതം ഇസ്‌ലാമാണ്. വിശ്വാസികളായ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസ്റ്റുകാരുമായി ഒരു വൈരുധ്യമുണ്ട്. മുസ്‌ലിംകള്‍ ദൈവവിശ്വാസികളാണ്. മാര്‍ക്‌സിസം അതിന്റെ ഓപ്പോസിറ്റ് പ്രത്യയശാസ്ത്രവും. മുസ്‌ലിംകള്‍ക്ക് വിശ്വാസത്തെ സംരക്ഷിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ ഭൗതികവാദികളായ കമ്മ്യൂണിസ്റ്റുകാരുമായി എങ്ങനെ ഒന്നിച്ചുപോകും? പോകില്ല. പക്ഷേ, കമ്മ്യൂണിസ്റ്റുകാര്‍ക്ക് അതിനു കഴിയും. കാരണം കമ്മ്യൂണിസ്റ്റുകാര്‍ ഇസ്‌ലാമിക ചിന്തയെയല്ല പ്രധാനമായി കാണുന്നത്. ലോക വൈരുധ്യത്തെ കുറിച്ചാണ് പഠിക്കുന്നത്. രാജ്യത്തെ മുഖ്യവൈരുധ്യം നിര്‍ണയിച്ച് എങ്ങനെ വിപ്ലവം നടത്താം, എങ്ങനെ മുഖ്യശത്രുവിനെ തകര്‍ക്കാം എന്നതിനെ കുറിച്ചാണ് കമ്മ്യൂണിസ്റ്റുകാരന്റെ ചിന്ത; എന്റെ ചിന്ത, എന്നെപ്പോലെയുള്ളവരുടെ ചിന്ത. ഇന്ത്യയിലെ മുഖ്യ വര്‍ഗശത്രു മുസ്‌ലിമാണോ ? മുസ്‌ലിം വിശ്വാസവും ദൈവിക ചിന്തയുമാണോ ഇന്ത്യയിലെ മുഖ്യവൈരുധ്യം? അതോ, സവര്‍ണ പ്രത്യയശാസ്ത്രവും സവര്‍ണ ജാതിസമ്പ്രദായവുമാണോ മുഖ്യവൈരുധ്യം? യോജിക്കേണ്ടവര്‍ യോജിക്കാതിരുന്നതാണ് ലോകത്തിലെ അധഃസ്ഥിത വര്‍ഗ പോരാട്ടത്തിന്റെ പരാജയ കാരണമെന്നാണ് മാര്‍ക്‌സിസ്റ്റ് ആചാര്യന്മാരുടെ പരാമര്‍ശം.
മാര്‍ക്‌സിസ്റ്റ് വൈരുധ്യ ശാസ്ത്രത്തിന്റെ മുന അവിടെയാണ്. ഇവിടുത്തെ മുഖ്യവൈരുധ്യവും മുഖ്യശത്രുവും ബ്രാഹ്മണ പ്രത്യയ ശാസ്ത്രവും ബ്രാഹ്മണ ദൈവങ്ങളും ജാതിസമ്പ്രദായവുമാണ്. ഈ ശക്തിയാണ് ആര്‍.എസ്.എസുകാരന്റെ ശക്തി. ഈ സവര്‍ണ പ്രത്യയശാസ്ത്രത്തിന്റെയും ജാതി സിസ്റ്റത്തിന്റെയും ശക്തിയാണ് സംഘ്പരിവാറിന്റെ ശക്തി. ഇതിനെതിരേ കിട്ടാവുന്ന മുഴുവന്‍ ശക്തിയും ഉപയോഗിക്കുക എന്നുള്ളതാണ് കമ്മ്യൂണിസ്റ്റുകാരന്റെ തത്വം. കാരണം മാര്‍ക്‌സിസം പഠിച്ചവനാണ് രാജ്യത്തെ മുഖ്യ വൈരുധ്യത്തെയും മുഖ്യശത്രുവിനെയും അന്വേഷിക്കുന്നത്. ഇസ്‌ലാം വാസ്തവത്തില്‍ പാവപ്പെട്ടവര്‍ക്ക് എതിരാണോ? ഖുര്‍ആനില്‍ പരാമര്‍ശിച്ച തൊണ്ണൂറു ശതമാനം കാര്യങ്ങളും സാഹോദര്യത്തിന്റെ, മനുഷ്യദയയുടെ കാര്യങ്ങളാണ്, വിഭാഗീയതയുടേതല്ല. ഈ രാജ്യത്തെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്നവരാണ് മുസ്‌ലിംകള്‍. അവരെയാണ് സംഘ്പരിവാര്‍ മുഖ്യശത്രുവായി പ്രതീകവല്‍ക്കരിച്ച് വേട്ടയാടുന്നത്.
നക്‌സല്‍ പ്രസ്ഥാനത്തിലുള്ളപ്പോള്‍ കേരളത്തില്‍ ഉടനീളവും 82ല്‍ പ്രസ്ഥാനം വിട്ടശേഷം സ്വതന്ത്രമായി കോഴിക്കോട് ജില്ലയില്‍ ഉടനീളം ചെറുതും വലതുമായി നൂറുകണക്കിന് പ്രശ്‌നങ്ങളില്‍ ഞാന്‍ മുസ്‌ലിം സംഘടനകളുമായി ഇടപെട്ടിട്ടുണ്ട്. വിജയത്തിന് ആവശ്യമായി സഹകരിപ്പിക്കാവുന്ന മുഴുവന്‍ ആളുകളെയും സഹകരിപ്പിച്ചിട്ടുമുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മറ്റും വര്‍ഗീയവാദികളെന്ന് വിശേഷിപ്പിക്കുന്നവരും ഇതിലുണ്ടാകാം. അവരുടെ കണ്ണിലൂടെയല്ല ഞാന്‍ പ്രശ്‌നങ്ങളെ കാണുന്നത്. ഹിന്ദുത്വ ഫാസിസം വിഷംചീറ്റുന്ന ഇന്നത്തെ അവസ്ഥയില്‍ എന്തു ചെയ്യണമെന്ന് മുസ്‌ലിംകള്‍ തന്നെ ചിന്തിക്കണം.
മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരേ പ്രതിഷേധിച്ചുള്ള വാസുവേട്ടന്റെ ജയില്‍സമരം 'ഏറ്റുമുട്ടല്‍' എന്ന ഭരണകൂട ഭാഷ്യത്തിന് തിരിച്ചടിയായിട്ടുണ്ട്. എന്തു പറയുന്നു…
പൊലിസുമായുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭരണകൂടവും പൊലിസും കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാല്‍ പൊലിസ് ഭാഷ്യത്തിലെ യുക്തിരാഹിത്യം അവരുടെ പൊള്ളത്തരത്തെ തുറന്നു കാണിക്കുകയുണ്ടായി. വിശദീകരണങ്ങളിലെ വൈരുധ്യം സാധാരണക്കാര്‍ക്കു പോലും ബോധ്യപ്പെട്ടു. നിലമ്പൂരിലേതുള്‍പ്പെടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളായിരുന്നുവെന്ന് ഇന്ന് കേരളത്തിലെ നല്ലൊരു വിഭാഗം ജനങ്ങള്‍ക്കും ബോധ്യമായിട്ടുണ്ട്. പൊലിസ് ഭാഷ്യം അനുസരിച്ച് ഏറ്റവും ആധുനികമായ യുദ്ധോപകരണങ്ങളും ആധുനിക ഇലക്ട്രോണിക് സാങ്കേതികവിദ്യയും കൈവശമുള്ള ഗറില്ലാ സ്‌ക്വാഡുമായിട്ടാണത്രെ പൊലിസ് ഏറ്റുമുട്ടിയത്.
എന്നിട്ടും പൊലിസിന് ഒരു പോറല്‍പോലും ഏറ്റില്ല! സാമാന്യബുദ്ധിയുള്ള ആര്‍ക്കും തന്നെ വസ്തുതകള്‍ എന്താണെന്ന് മനസിലാക്കാന്‍ ഇത്തരം പ്രസ്താവനകള്‍കൊണ്ട് സാധിക്കും. നിലമ്പൂരിലും അട്ടപ്പാടിയിലും നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന കാര്യം നൂറുശതമാനം ഉറപ്പാണ്. വെടിയേറ്റു മരിച്ചവര്‍ക്കെതിരേ ഒരു പെറ്റിക്കേസുപോലും കേരളത്തിലില്ല. സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിനു ഭീഷണി ഉയര്‍ത്തുന്ന വിധത്തില്‍ എന്തെങ്കിലും നടപടികള്‍ മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. എന്നിട്ടും ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ ഇങ്ങനെയൊരു നടപടിക്ക് തയാറായത് മൂന്നു കോടിയുടെ കേന്ദ്ര ഫണ്ടിന് വേണ്ടിയായിരുന്നു എന്നത് വ്യക്തമാണ്. ഏറെ വിചിത്രം, ഇത്തരം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്കെതിരേ അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഭരിക്കുന്ന കേരളത്തിലെ ഗവണ്‍മെന്റാണ് ഇവിടെ ഇതു ഭംഗിയായി നടപ്പാക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തരഭീഷണിയെന്ന് ഭരണകൂടം പറയുന്ന മാവോയിസ്റ്റ് പ്രശ്‌നത്തെ എങ്ങനെ വിലയിരുത്തുന്നു…
നമുക്കു സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപത്തഞ്ച് വര്‍ഷം പിന്നിട്ടു. ഈ കാലയളവില്‍ രാഷ്ട്രം കൈവരിച്ച നേട്ടങ്ങളെല്ലാം സ്വന്തമാക്കുന്നത് രാജ്യത്തെ ചെറിയൊരു ന്യൂനപക്ഷമാണ്. ഭൂരിപക്ഷം വരുന്ന ദരിദ്രജനത കൂടുതല്‍ പാപ്പ രാവുകയാണ്. ശതകോടീശ്വരന്മാര്‍ തടിച്ചുകൊഴുക്കുന്ന കാഴ്ചയാണുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പരിശ്രമിച്ചത്. എന്നിട്ടും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയല്ലാതെ ഭൂരിപക്ഷജനതയുടെ കഷ്ടപ്പാടിന് അറുതിവരുത്താന്‍ ഭരിച്ചവര്‍ക്കു സാധിച്ചിട്ടില്ല. പോഷകാഹാരക്കുറവു കൊണ്ടു മാത്രം രാജ്യത്തു മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ എണ്ണം മുവ്വായിരത്തിലധികമാണ്. ഇന്ത്യയിലെ ഗ്രാമാന്തരങ്ങളില്‍ ആദിവാസി ജനത അഭയാര്‍ഥികളായി അലയേണ്ടി വരുന്ന വികസന പദ്ധതികളാണ് ഭരണകൂടങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇത്തരമൊരു സാമൂഹിക രാഷ്ട്രീയ സാഹചര്യമാണ് മാവോയിസ്റ്റ് പ്രശ്‌നത്തിന്റെ കാരണം. നാല്‍പതു വര്‍ഷത്തിലേറെയായി ഭരണകൂട വേട്ടയാടലിനെ ചെറുത്ത് മാവോയിസ്റ്റുകള്‍ക്കു നിലയുറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനു കാരണം മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന രാഷ്ട്രീയമാണ്. കേവലം ക്രമസമാധാന പ്രശ്‌നം എന്നതിലുപരി രാഷ്ട്രീയപരിഹാരം ആവശ്യപ്പെടുന്ന വിഷയങ്ങളാണ് മാവോയിസ്റ്റുകളുടേത്.
ഇന്ത്യയിലെ സാമൂഹിക പരിവര്‍ത്തനത്തിന്റെ മൗലികപ്രശ്‌നം കിടക്കുന്നത് ഭൂമിയുടെ പുനര്‍വിതരണവുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. ഇപ്പോഴും ഭൂമിയുടെ 92 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് സവര്‍ണ ബ്രാഹ്മണ ഭൂസ്വാമിമാരാണ്. അവരില്‍നിന്നുതന്നെയാണ് ശതകോടീശ്വരന്മാരായ ബഹുഭൂരിപക്ഷവും ഉയര്‍ന്നുവന്നിട്ടുള്ളതും. നിയമ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍ ഭൂമിയുടെ പുനര്‍വിതരണം സാധ്യമാകുമെന്നു സാമാന്യബുദ്ധിയുള്ളവര്‍ക്കൊന്നും വിശ്വസിക്കാന്‍ കഴിയില്ല. ജാതിയും ജാതിയെ അരക്കിട്ടുറപ്പിച്ചു നിര്‍ത്തുന്ന ബ്രാഹ്മണ പ്രത്യയശാസ്ത്രവും സവര്‍ണ ദൈവങ്ങളും ഇവിടെ നിലനില്‍ക്കുന്ന കാലത്തോളം ഇന്ത്യയിലെ കൊടിയ ചൂഷണവും ജാതിമര്‍ദനവും ദാരിദ്ര്യവും അവസാനിക്കാന്‍ പോകുന്നില്ല. ഇതാണ് ഇന്ത്യയില്‍ ജനങ്ങളെ സായുധസമരത്തിനു നിര്‍ബന്ധിക്കുന്ന സാഹചര്യം.
ഭരണകൂട ശക്തികളും കുത്തക മാധ്യമങ്ങളുമാണ് മാവോയിസ്റ്റുകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ശക്തമായ ജനകീയ പോരാട്ടത്തിലൂടെ മാത്രമേ സവര്‍ണ ഫ്യൂഡലിസ്റ്റ് ശക്തികളെയും കോര്‍പറേറ്റുകളെയും കീഴ്‌പ്പെടുത്താന്‍ കഴിയുകയുള്ളൂ. അങ്ങനെ വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ഇവിടെയുണ്ട്. ഈ മണ്ണിലാണ് മാവോയിസ്റ്റുകള്‍ വേരുറപ്പിച്ചു നില്‍ക്കുന്നത്. നീണ്ട പോരാട്ടത്തിലൂടെ മാത്രം പരിഹരിക്കാവുന്ന വൈരുധ്യമാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്.
പശ്ചിമഘട്ട കൂട്ടക്കൊലയെ സംബന്ധിച്ച് നിങ്ങള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം എന്താണ്…
നിലമ്പൂരില്‍ ഉള്‍പ്പെടെ നടന്ന വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കുറ്റക്കാര്‍ക്കെതിരേ കേസെടുക്കണം. അവരെ വിചാരണ നടത്തി ശിക്ഷിക്കണം. മാവോയിസ്റ്റുകളെ അന്യായമായി കൊന്നവരെ ശിക്ഷിക്കാതെ പിന്മാറില്ല. അതുവരെ പോരാട്ടം തുടരും. കണ്ണടയുംവരെ രാജ്യത്തെ അധഃസ്ഥിത വര്‍ഗത്തിനു വേണ്ടി ശബ്ദിക്കും. മാവോയിസ്റ്റ് വേട്ടയെ കുറിച്ച് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ക്ക് ഒരു പൂവിനെ ഇല്ലാതാക്കാന്‍ കഴിയും. പക്ഷേ, ആ പൂ പരത്തുന്ന പരിമളത്തെ ഇല്ലാതാക്കാനാവില്ല!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."