കിളിക്കൊല്ലൂര്‍ സംഭവം: നാല് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം: കിളികൊല്ലൂര്‍ പൊലിസ് സ്റ്റേഷനില്‍ സൈനികനേയും സഹോദരനെയും മര്‍ദിച്ച പൊലിസുകാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ സി.ഐ ഉള്‍പ്പെടെ നാല് പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്തു. സിഐ വിനോദ്, എസ്‌ഐ അനീഷ്, സിപിഒമാരായ മണികണ്ഠന്‍, ലകേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
എംഡിഎംഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാന്‍ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ചവറ കൊട്ടുകാട് സ്വദേശികളായ സൈനികന്‍ വിഷ്ണു, വിഗ്‌നേശ് എന്നിവര്‍ക്കാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. വന്‍ പ്രതിഷേധമാണ് ഇതിനെതിരെ ഉയര്‍ന്നത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പൊലിസുകാര്‍ കൈവിരലുകള്‍ തല്ലിയോടിച്ചെന്ന് വിഷ്ണുവും സഹോദരന്‍ വിഘ്‌നേഷും ആരോപിക്കുന്നു. പൊലീസുകാര്‍ക്കെതിരെ നീങ്ങിയാല്‍ വീട്ടില്‍ കഞ്ചാവ് കൊണ്ടുവെച്ച് പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
സംഭവത്തില്‍ ഡിജിപിയുടെ നിര്‍ദേശപ്രകാരം ദക്ഷിണമേഖലാ ഡിഐജി ആര്‍ നിശാന്തിനി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രാഥമികാന്വേഷണത്തെത്തുടര്‍ന്ന് എസ്‌ഐ അനീഷിനെ പാരിപ്പള്ളിയിലേക്കും സീനിയര്‍ സിപിഒമാരായ പ്രകാശ് ചന്ദ്രനെ ഇരവിപുരത്തേക്കും വിആര്‍ ദിലീപിനെ അഞ്ചാലുംമൂട്ടിലേക്കും സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഇവര്‍ മൂന്ന് പേര്‍ മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരും തങ്ങളെ മര്‍ദിച്ചതായി ചൂണ്ടിക്കാട്ടി സൈനികനും സഹോദരനും മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ ഡിജിപി ഇടപെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."