ഒളിംപിക്‌സിന്റെ തിളക്കത്തിലും ജാതിപ്പക
ജേക്കബ് ജോര്‍ജ്
ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണത്തിന്റെ മാറ്റുള്ള കളി കളിച്ച ഇന്ത്യന്‍ ടീമംഗം വന്ദന കതാരിയക്ക് ജന്മനാട്ടില്‍ കിട്ടിയത് രൂക്ഷമായ പരിഹാസവും പുച്ഛത്തോടെയുള്ള പെരുമാറ്റവും. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഈ ഹരിജന്‍ പെണ്‍കുട്ടിയെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തത് തൊട്ടയലത്തു താമസിക്കുന്ന മേല്‍ജാതിക്കാര്‍ തന്നെ. ലോകത്തുള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും മനംകവര്‍ന്ന വനിതാ ഹോക്കി ടീം വെങ്കല മെഡലിനു വേണ്ടിയുള്ള നിര്‍ണായക പോരാട്ടത്തില്‍ ബ്രിട്ടനോട് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മേല്‍ജാതിക്കാരായ കുറെ യുവാക്കള്‍ പടക്കംപൊട്ടിച്ചും കൂകിവിളിച്ചും വന്ദനയെ പരിഹസിച്ചത്. വന്ദന ഹരിജന്‍ പെണ്‍കുട്ടിയായതു കൊണ്ടാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടതെന്നായിരുന്നു ഈ യുവാക്കളുടെ ആക്ഷേപം.
ഇന്ത്യയ്ക്കു വേണ്ടി ഒളിംപിക്‌സില്‍ കളിക്കാനിറങ്ങിയ താരത്തെയാണ്, പ്രസിദ്ധിയുടെ കൊടുമുടിയില്‍ നില്‍ക്കെ, സ്വന്തം ഗ്രാമത്തിലെ യുവാക്കള്‍ തൊട്ടുകൂടായ്മയുടെയും പിന്നോക്കാവസ്ഥയുടെയും പേരില്‍ അധിക്ഷേപിച്ചതെന്നോര്‍ക്കണം. ലോകത്തിന്റെ നെറുകയിലെത്തിയ ഇന്ത്യയുടെ പ്രിയപ്പെട്ട മക്കളിലൊരാളാണ് വന്ദന കതാരിയ. ലോകോത്തര നിലവാരത്തിലെത്തണമെങ്കില്‍ വളരെയേറെ അധ്വാനിക്കണം. വര്‍ഷങ്ങളോളം തുടര്‍ച്ചയായി ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം നേടണം. ദലിത് ജീവിതത്തിന്റെ ഇല്ലായ്മകളിലും ബുദ്ധിമുട്ടുകളിലും ഇതൊന്നും ഒട്ടുമേ കഴിയില്ലതന്നെ. കടുത്ത വെല്ലുവിളികള്‍ തരണം ചെയ്തുകൊണ്ടു മാത്രമേ വടക്കേ ഇന്ത്യയിലെ ഒരു പിന്നോക്ക ഗ്രാമത്തില്‍നിന്ന് വന്ദനയെപ്പോലൊരു പെണ്‍കുട്ടിക്ക് കളിക്കളത്തിലിറങ്ങി മികവുകാട്ടി വളരാനാകൂ. അതും ഒളിംപിക്‌സ് നേട്ടം. വാനോളം ഉയരത്തിലെത്തിയ നേട്ടമെന്ന് പറയണം.
ടോക്കിയോയില്‍ മീരാബായ് ചാനുവിന്റെ പ്രകടനം തന്നെ ഉദാഹരണം. ഭാരോദ്വഹനത്തില്‍ ഇത്തവണ ഇന്ത്യയ്ക്കു ആദ്യദിവസം ആദ്യ മെഡല്‍ നേടിക്കൊടുത്ത താരമാണ് മീരാബായ് ചാനു. നേടിയത് തിളങ്ങുന്ന വെള്ളിമെഡല്‍. 49 കിലോഗ്രം ഇനമായിരുന്നു മീരാബായിയുടേത്. മണിപ്പാലില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ തലസ്ഥാനമായ ഇംഫാലിലാണ് പരിശീലനത്തിനു പോയ്‌ക്കൊണ്ടിരുന്നത്. ഒരു ഭാഗത്തേയ്ക്കു തന്നെ 25 കിലോമീറ്റര്‍ ദൂരം. ദിവസേന പരിശീലനത്തിനു പോകണം. ഗതാഗത സൗകര്യങ്ങളൊന്നുമില്ല. റോഡ് തന്നെ പേരിനു മാത്രം. മീരാബായ് ഒളിംപിക്‌സ് നേട്ടം കൊയ്ത കാര്യമറിഞ്ഞ് നാട്ടുകാരും ഉദ്യോഗസ്ഥരുമൊക്കെ കൂടി വീട്ടിലേയ്ക്ക് റോഡ് തിടുക്കപ്പെട്ട് ശരിയാക്കിക്കൊടുത്തു.
ഇത്രയും കാലം മീരാബായ് ദിവസേന 25 കിലോമീറ്റര്‍ ദൂരം താണ്ടി പരിശീലനത്തിനു പോയ്‌ക്കൊണ്ടിരുന്നതെങ്ങനെയെന്നോ? ഗ്രാമത്തില്‍നിന്ന് മണല്‍ കയറ്റി ഇംഫാല്‍ പട്ടണത്തിലേയ്ക്കു പോകുന്ന ലോറികളില്‍ ലിഫ്റ്റ് വാങ്ങി. മീരാബായിയെ കൊണ്ടുപോകാന്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കൊക്കെയും വലിയ സന്തോഷവുമായിരുന്നു. പൊന്‍തിളക്കമുള്ള മെഡലുമായി ഗ്രാമത്തില്‍ മടങ്ങിയെത്തിയ മീരാബായ് ചാനു വര്‍ഷങ്ങളായി തനിക്കു ലിഫ്റ്റ് തന്ന് സഹായിച്ചിരുന്ന ട്രക്ക് ഡ്രൈവര്‍മാരെയും സഹായികളെയൊക്കെയും വീട്ടിലേയ്ക്ക് ക്ഷണിച്ചുവരുത്തി ഒരു ഗംഭീര വിരുന്നുസല്‍ക്കാരം നടത്തി. ഉഗ്രന്‍ സദ്യയ്ക്കു പുറമെ ഓരോ ഷര്‍ട്ടും കഴുത്തില്‍ കെട്ടുന്ന സ്‌കാര്‍ഫും എല്ലാവര്‍ക്കും സമ്മാനമായി നല്‍കുകയും ചെയ്തു. ആകെ കൂടിയവര്‍ 150ലേറെ പേര്‍, ഡ്രൈവര്‍മാരും സഹായികളുമായി. വര്‍ഷങ്ങളായി തുടരുന്ന പരിശീലനത്തില്‍ ഈ ട്രക്ക് ഡ്രൈവര്‍മാരുടെ സംഭാവന ഏറെ വിലപ്പെട്ടതായിരുന്നുവെന്ന് മീരാബായ് എടുത്തുപറഞ്ഞു. എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു.
ഉന്നത വിജയത്തിലെത്തുന്ന ഓരോ കായികതാരത്തിന്റെയും പിന്നില്‍ ഇതുപോലെ കടുത്ത വേദനയുടെയും പലരുടെയും പിന്തുണയുടെയും ഒടുവില്‍ കൈവരുന്ന വലിയ വിജയത്തിന്റെയും കഥകളുണ്ടാകും. എന്നാല്‍ ലോകവിജയം കൈവരിച്ച് രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമായി മാറിയ വന്ദനാ കതാരിയക്കു സ്വന്തം നാട്ടില്‍ പ്രതിഫലമായി കിട്ടിയത് അപമാനവും പരിഹാസവും. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ഉള്‍നാടന്‍ ഗ്രാമങ്ങളിലും ഇത്തരം നീചമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നതാണ് വാസ്തവം.
വന്ദനയ്‌ക്കെതിരേ ജാതിയുടെ പേരില്‍ അധിക്ഷേപം ചൊരിഞ്ഞ മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തുകഴിഞ്ഞു. അതില്‍ വിജയ്പാല്‍ എന്ന യുവാവ് ഒരു ഹോക്കി കളിക്കാരനുമാണ്. പടക്കംപൊട്ടിച്ചും നൃത്തമാടിയും കൂകിവിളിച്ചുമാണ് ഉന്നതജാതിയില്‍പ്പെട്ട അയല്‍പക്കത്തെ കുട്ടികള്‍ വനിതാ ഹോക്കി ടീമിന്റെ പരാജയത്തിന്റെ പേരില്‍ വന്ദനയുടെ വീട്ടുകാരെ പരിഹസിച്ചു രസിച്ചത്. ടീമിലധികവും ദലിത് പെണ്‍കുട്ടികളായതു കൊണ്ടാണ് പരാജയം നേരിട്ടതെന്നും ഇവര്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഈ നാണംകെട്ട സംഭവത്തെ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി റംപാല്‍ ശക്തമായി അപലപിച്ചു. ടീമംഗങ്ങളൊക്കെയും ഒന്നിച്ച് ഒറ്റമനസോടെയാണ് പോരാടുന്നതെന്നും ജാതിയുടെയോ മതത്തിന്റെയോ നാടിന്റെയോ വേര്‍ത്തിരിവ് ടീമിലില്ലെന്നും ക്യാപ്റ്റന്‍ റാണി റംപാല്‍ രോഷത്തോടെ തന്നെ പറഞ്ഞു.
സ്വതന്ത്രഭാരതം ജന്മമെടുത്തിട്ട് മുക്കാല്‍ നൂറ്റാണ്ടാവുന്നുവെങ്കിലും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തൊട്ടുകൂടായ്മയും അവഗണനയും ഇനിയും ഇന്ത്യക്കാരുടെ മനസില്‍നിന്ന് മാഞ്ഞുപോയിട്ടില്ലെന്ന സത്യം നമ്മെ തുറിച്ചുനോക്കുന്നു. മഹാത്മാ ഗാന്ധിയുടെ എക്കാലത്തെയും നുറുങ്ങുന്ന വേദന ഹരിജനങ്ങള്‍ നേരിടുന്ന വിവേചനം തന്നെയായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് നമ്മുടെ അയല്‍സംസ്ഥാനമായ കോയമ്പത്തൂരില്‍ ദലിതനായ വില്ലേജ് അസിസ്റ്റന്റ് ഒരു മേല്‍ജാതിക്കാരന്റെ കാലില്‍പിടിച്ച് മാപ്പപേക്ഷിച്ച സംഭവമുണ്ടായത്. കോയമ്പത്തൂര്‍ ജില്ലയില്‍ അന്നൂരിനടുത്ത് ഒട്ടര്‍ പാളയം വില്ലേജ് ഓഫിസിലാണു സംഭവം നടന്നത്. സ്വന്തം സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ ലഭിക്കാന്‍ മതിയായ രേഖകള്‍ സഹിതം ഓണ്‍ലൈനില്‍ അപേക്ഷിക്കാനാവശ്യപ്പെട്ടതിനാണ് വില്ലേജ് അസിസ്റ്റന്റ് മുത്തുസ്വാമിക്ക് നാണംകെട്ട തരത്തില്‍ സവര്‍ണ ജാതിക്കാരനും വലിയ ഭൂവുടമയുമായ ഗോപാല്‍ സ്വാമി കൗണ്ടര്‍ എന്നയാളോട് കാലുപിടിച്ച് പലതവണ മാപ്പു ചോദിക്കേണ്ടി വന്നത്. മുത്തുസ്വാമി കാലുപിടിച്ച് തേങ്ങിക്കരയുന്നതിന്റെ വിഡിയോ നിമിഷനേരം കൊണ്ട് വൈറലായി. രോഷാകുലനായ ഗോപാല്‍ സ്വാമി കൗണ്ടറോട് രേഖകളില്ലാതെ ഒന്നുംചെയ്യാന്‍ പറ്റില്ലെന്നു പറഞ്ഞതാണ് മുത്തുസ്വാമി ചെയ്ത കുറ്റം. ദലിതര്‍ തന്നെ അപമാനിക്കുന്നോ എന്നായി കൗണ്ടര്‍. ജീവനോടെ ചുട്ടുകളയുമെന്നും നാട്ടില്‍ ജീവിക്കാന്‍ സമ്മതിക്കില്ലെന്നും അയാള്‍ മുത്തുസ്വാമിയെ ഭീഷണിപ്പെടുത്തി. പേടിച്ചുവിറച്ച പ്രായമുള്ള മുത്തുസ്വാമി ഗോപാല്‍ സ്വാമി കൗണ്ടറുടെ കാല്‍ക്കല്‍ കമഴ്ന്നുവീണ് പിന്നെയും പിന്നെയും നമസ്‌കരിക്കുകയായിരുന്നു.
കേരളത്തില്‍ ഇത്തരം നീചമായ സംഭവങ്ങള്‍ ഒന്നുംതന്നെ സാധാരണമല്ല. പണ്ട്, 1930കളില്‍ ദലിതര്‍ക്കെതിരേ തൊട്ടുകൂടായ്മയും അവഗണനയും മറ്റും നിലനിന്നിരുന്നു. ദലിതരുടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനോ, പഠിക്കാനോ അവകാശമുണ്ടായിരുന്നില്ല. ഈഴവ സമുദായത്തിനും മേല്‍ജാതിക്കാര്‍ തൊട്ടുകൂടായ്മയും വിവേചനവും കല്‍പ്പിച്ചിരുന്നു. തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശനത്തിനു വേണ്ടി വലിയ സമരങ്ങള്‍ തന്നെ നടന്നു. മന്നത്ത് പത്മനാഭന്‍, കേളപ്പന്‍, പി. കൃഷ്ണപിള്ള എന്നിവരെപ്പോലെ സവര്‍ണനേതാക്കള്‍ തന്നെയാണ് ഇത്തരം മുന്നേറ്റങ്ങള്‍ക്കു നേതൃത്വം കൊടുത്തതെന്നുമോര്‍ക്കണം. ഈഴവ സമുദായത്തിന്റെ ഉന്നമനത്തിന് എസ്.എന്‍.ഡി.പിയുടെയും നേതാവായി വളര്‍ന്ന സി. കേശവന്‍ ഉജ്ജ്വലമായ നേതൃത്വമാണ് നല്‍കിയത്. അതിനു വഴിതെളിച്ചതാവട്ടെ, ശ്രീനാരാണ ഗുരുവിന്റെ ധീരമായ നിലപാടും. പൊതു ആരാധനാലയങ്ങളില്‍ ഈഴവര്‍ക്കും മറ്റു ഹിന്ദുക്കള്‍ക്കുമൊന്നും കയറാന്‍ അനുവാദമില്ലാതിരുന്ന കാലഘട്ടത്തിലാണ് ഗുരു അരുവിപ്പുറത്ത് ശിവനെ പ്രതിഷ്ഠിച്ചത്. സവര്‍ണമേധാവികള്‍ ഇതു ചോദ്യം ചെയ്തപ്പോള്‍ താന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്നായിരുന്നു ശ്രീനാരായണ ഗുരുവിന്റെ സുധീര മറുപടി.
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ദലിതരും ദരിദ്രരുമായ പാവപ്പെട്ടവര്‍ എത്രമാത്രം പ്രശ്‌നങ്ങളാവും ദിവസേന നേരിടുക? നേരാംവണ്ണം തൊഴിലെടുക്കാനോ, ജോലിക്കു കൃത്യമായ വേതനം വാങ്ങാനോ, കുട്ടികളെ സ്‌കൂളിലേക്ക് അയക്കാനോ, മെച്ചപ്പെട്ട ചികിത്സ നേടാനോ അവകാശവും സ്വാതന്ത്ര്യവുമില്ലാതെ കഴിയുന്ന എത്രയെത്ര ദലിതര്‍. അഭിപ്രായം പറയാനോ, സ്വതന്ത്രമായി വഴിനടക്കാനോ കഴിയാത്തവരാണവര്‍. സ്വതന്ത്ര ഭാരതത്തിന്റെ സ്വന്തം മക്കള്‍.
മിടുക്കും യോഗ്യതയും കൊണ്ടുമാത്രം ഒളിംപിക് വേദിയിലെ ഹോക്കി മത്സരത്തില്‍ പങ്കെടുത്ത് മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഇന്ത്യയുടെ അഭിമാനമായി മാറിയ വന്ദനാ കതാരിയക്ക് നേരിട്ട അനുഭവമിതാണെങ്കില്‍ മറ്റു പാവപ്പെട്ട ദലിതര്‍ നേരിടുന്നത് എത്രമാത്രം ക്രൂരമായ അനുഭവങ്ങളാവും?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."