ഇന്ത്യ പ്രകൃതി ദുരന്തത്തിലേക്ക്
ന്യൂഡല്‍ഹി: വരുംവര്‍ഷങ്ങളില്‍ ഇന്ത്യയില്‍ പ്രകൃതിദുരന്തങ്ങളുടെ പ്രളയമെന്ന് യു.എന്‍ മുന്നറിയിപ്പ്. യുനൈറ്റഡ് നാഷന്‍സിനു കീഴില്‍ കാലാവസ്ഥാ വ്യതിയാനം പഠിക്കാനുള്ള സമിതിയായ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചി(ഐ.പി.സി.സി)ന്റെ വര്‍ക്കിങ് ഗ്രൂപ്പ്-1 പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആശങ്കാജനകമായ വിവരങ്ങളുള്ളത് .
കടുത്ത കാലാവസ്ഥാ വ്യതിയാനമാണ് വരാനിരിക്കുന്നതെന്ന് ആറാമത് പഠന റിപ്പോര്‍ട്ട് പറയുന്നു. മുന്‍കാലങ്ങളില്‍ 10 വര്‍ഷത്തിലോ 50 വര്‍ഷത്തിലോ ഒരിക്കല്‍ മാത്രമുണ്ടായിരുന്ന പ്രകൃതിദുരന്തങ്ങള്‍ പതിവാകും. ചൂട് ക്രമാതീതമായി കൂടും. രാജ്യത്ത് അതിശക്തമായ പേമാരിയുണ്ടാകും. കാലംതെറ്റിയ മഴ പതിവാകും. അക്ഷാംശ മേഖലകളില്‍ മഴ കൂടുതലായി പെയ്യും. ഉഷ്ണതരംഗവും ചുഴലിക്കാറ്റുമടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ വര്‍ധിക്കും. സമുദ്രജലനിരപ്പുയരും. പ്രളയം പതിവാകും. അതോടൊപ്പം തണുപ്പ് കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ചില ഭാഗങ്ങളില്‍ കടുത്ത വരള്‍ച്ചയുണ്ടാകും. പരിഹാരമാര്‍ഗങ്ങളില്ലാത്ത ദുരന്തമാണ് വരാനിരിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ സ്വീകരിക്കുന്ന കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നത് പോലുള്ള നടപടികള്‍ കൊണ്ട് കാലാവസ്ഥാമാറ്റം തടയാന്‍ കഴിയില്ല. കാലാവസ്ഥാ വ്യതിയാനം നൂറുകണക്കിന് വര്‍ഷങ്ങള്‍ തുടരും. ചൂടു കൂടുന്നത് മൂലം ഹിമാലയത്തില്‍ മഞ്ഞുപാളികള്‍ ഉരുകുന്നതിനാല്‍ സമുദ്രജലനിരപ്പുയരും. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും അടങ്ങുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനില ആഗോള ശരാശരിയെക്കാള്‍ കൂടും. കടലിലെ താപനില ഒരു ശതമാനം മുതല്‍ രണ്ടു ശതമാനം വരെ കൂടാം. ഇത് കടല്‍വിഭവങ്ങളുടെ നാശത്തിന് കാരണമാകും. ഹിമാലയം അടക്കമുള്ള മലനിരകളില്‍ മഞ്ഞുരുകുന്നതിന്റെ വേഗം കൂടുന്നതോടെ മഴയും പ്രളയവും മഞ്ഞിടിച്ചില്‍ പോലുള്ള ദുരന്തങ്ങളും പതിവാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. തീരമേഖലയില്‍ കനത്ത നാശമുണ്ടാകുമെന്നും പ്രളയം സാധാരണമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യക്തമായ വിവരവും പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ അതുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളും ലോകത്തെ അറിയിക്കുകയാണ് ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ ചുമതല. ഈ റിപ്പോര്‍ട്ടുകളാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികളെടുക്കാന്‍ യു.എന്നും വിവിധ ആഗോള സംഘടനകളും ആധാരമാക്കുന്നത്. നിലവില്‍ 195 രാജ്യങ്ങള്‍ക്ക് ഐ.പി.സി.സിയില്‍ അംഗത്വമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."