അനുമതി കിട്ടിയാല്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കും
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെയും കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജന്‍സികളുടെയും അനുമതി ലഭിച്ചാല്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.
അടുത്ത മാസത്തോടെ ഇതിനായി സ്‌കൂളുകളില്‍ എല്ലാ സൗകര്യങ്ങളുമൊരുക്കും. എന്നാല്‍ കൊവിഡ് വിദഗ്ധ സമിതിയുടെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാകൂ. വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിനുസരിച്ചാകും നടപടി.ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പഠനം കുട്ടികളില്‍ കടുത്ത ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നുണ്ടെന്ന് എസ്.സി.ഇ.ആര്‍.ടി നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. 36 ശതമാനം കുട്ടികള്‍ക്ക് തലവേദന, കഴുത്തുവേദന, 28 ശതമാനം പേരില്‍ കണ്ണിന് ആരോഗ്യപ്രശ്‌നങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവ ശ്രദ്ധയില്‍പ്പെട്ടതായി പഠനത്തിലുണ്ട്. ഡിജിറ്റല്‍ പഠനത്തിനിടെ കുട്ടികള്‍ക്ക് ആവശ്യമായ വ്യായാമം, പരിചരണം എന്നിവ രക്ഷിതാക്കള്‍ ഉറപ്പാക്കണം.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് അടുത്തമാസം രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കും.
വിദ്യാര്‍ഥികളില്‍ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുമെന്നും രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ചോദ്യത്തിനു മന്ത്രി മറുപടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."