ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു ധാരണ പ്രകാരമെന്ന് സംവിധായിക
തിരുവനന്തപുരം കൊച്ചി • ഭീഷണിപ്പെടുത്തി അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവനടൻ രംഗത്ത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കുമെതിരേ തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26 കാരൻ മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണർക്കും പരാതി നൽകി. വർഷങ്ങളായി സിനിമ, സീരിയൽ മേഖലയിൽ പ്രവർത്തിച്ചു വരുന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്. അശ്ലീലചിത്രമാണെന്ന് നേരത്തെ അറിയിച്ചിരുന്നില്ലെന്നും യുവാവ് പറയുന്നു.
അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാർട്ട്‌മെന്റിൽ വച്ചായിരുന്നു ചിത്രീകരണം. ആദ്യം കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം യുവാവിനെകൊണ്ട് കരാറിൽ ഒപ്പുവയ്പ്പിച്ചു. അശ്ലീല ചിത്രമാണെന്നറിഞ്ഞതോടെ പിൻമാറുമെന്ന് പറഞ്ഞപ്പോൾ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്ന് നടൻ പറഞ്ഞു. ചിത്രീകരണം കഴിഞ്ഞ ശേഷം പ്രതിഫലമായി 20,000 രൂപ ഓൺലൈൻ പേയ്‌മെന്റ് വഴി നൽകിയിരുന്നു. എന്നാൽ, ഒപ്പുവച്ച കരാർ രണ്ടുദിവസത്തിനകം നൽകാമെന്നു പറഞ്ഞെങ്കിലും ഇതുവരെ നൽകിയിട്ടില്ല. ഇപ്പോൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. സിനിമ തിങ്കളാഴ്ച റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. താൻ ആത്മഹത്യക്ക് ശ്രമിച്ചെന്നും പൊലിസാണ് പിന്തിരിപ്പിച്ചതെന്നും യുവാവ് പറഞ്ഞു. മലയാളം ഉൾപ്പെടെ അഞ്ചു ഭാഷകളിൽ ഇറക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ ടെലഗ്രാമിൽ ഉൾപ്പെടെ എത്തിയിരുന്നു. ഇതേത്തുടർന്ന് വീട്ടുകാരും കൈയൊഴിഞ്ഞുവെന്നും യുവാവ് പറയുന്നു. പരാതിക്കു പിന്നാലെ ചിത്രത്തിന്റെ ടീസറും നടൻ കരാറിൽ ഒപ്പുവയ്ക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും നിർമാതാക്കൾ പുറത്തുവിട്ടു.
അതേസമയം, 90 ശതമാനം നഗ്‌നതയാവാമെന്ന് ധാരണയുണ്ടായിരുന്നെന്ന് ചിത്രത്തിന്റെ സംവിധായിക പ്രതികരിച്ചു. സീരീസിലെ അഭിനേതാക്കൾ കുടുംബാംഗങ്ങളുടെ സമ്മതം വാങ്ങിയിരുന്നുവെന്നും സംവിധായിക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."