കോല്‍ക്കളി കലാകാരന്മാരെ ആദരിച്ച് ഇമാറാത്തീ സാംസ്‌കാരിക മജ്‌ലിസ്
ദുബായ്: പ്രവാസി മലയാളി കലാകാരന്മാരെ ആദരിച്ച് യുഎഇ സ്വദേശികളുടെ സാംസ്‌കാരിക മജ്‌ലിസ്. ദുബായിലെ എടരിക്കോട് കോല്‍ക്കളി സംഘത്തിലെ കലാകാരന്‍മാരെയാണ് ബിന്‍ ഷമ്മ കള്‍ചറല്‍ ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ ദേര കള്‍ചറല്‍ സെന്റര്‍ ആദരിച്ചത്. കള്‍ചറല്‍ സെന്റര്‍ മേധാവി ഉമര്‍ ഗുബാഷിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍. കേരളത്തിന്റെ നാടന്‍ കലാരൂപമായ കോല്‍ക്കളി തനത് രൂപത്തില്‍ പരിചയപ്പെടുത്തുകയും അതിനെ സജീവമാക്കി നിലനിര്‍ത്തുകയും ചെയ്തതിനാണ് ആദരം. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു കലാ സംഘത്തെ ബിന്‍ ഷമ്മ കള്‍ചറല്‍ ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ ആദരിക്കുന്നത്. കേരള സംസ്ഥാന സ്‌കൂള്‍ യുവജനോല്‍വത്തില്‍ 18 തവണ കോല്‍ക്കളിയില്‍ ഒന്നാം സ്ഥാനം നേടിയവര്‍ കൂടിയാണ് എടരിക്കോട്ടെ കലാകാരന്‍മാര്‍. ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകന്‍ ഇസ്മായില്‍ മേലടി കോല്‍ക്കളിയുടെ ചരിത്രം അറബിയില്‍ പരിചയപ്പെടുത്തുകയും സംഘം കോല്‍ക്കളി അവതരിപ്പിക്കുകയും ചെയ്തു. ഇമാറാത്തി കവി ഡോ. അബ്ദുള്ള ബിന്‍ ഷമ്മ അധ്യക്ഷത വഹിച്ചു. ഉമര്‍ ഗുബാഷ്, എ.കെ ഫൈസല്‍, അസീസ് മണമ്മല്‍, ഷബീബ് എടരിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി എടരിക്കോട് കലാകാരന്മാര്‍ മാപ്പിള കലകളില്‍ യുഎഇയില്‍ സജീവമാണ്. ഇതിനകം തന്നെ 200ലധികം വേദികളില്‍ കോല്‍ക്കളിക്ക് പുറമെ ആണ്‍കുട്ടികളുടെ ഒപ്പന, ദഫ്മുട്ട് എന്നിവയും സംഘം അവതരിപ്പിച്ച് വരുന്നു. ദുബായില്‍ നടന്ന വേള്‍ഡ് എക്‌സ്‌പോയിലും രണ്ട് തവണ സംഘം കോല്‍ക്കളി അവതരിപ്പിച്ചിട്ടുണ്ട്. ഫവാസ്.എം, ശിഹാബുദ്ദീന്‍.പി, അഫ്‌സല്‍ പതിയില്‍, ആസിഫ്.സി, അനസ് ടി.ടി, ആഷിക് അസ്‌ലം, മുഹമ്മദ് അജ്മല്‍.എം പി, ആസിഫ്.വി, കെ.നിസാമുദ്ദീന്‍, ഫാസില്‍ മുണ്ടശ്ശേരി, ശാസ് ജുനൈദ്, എ.ടി മഅ്‌റൂഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."