'വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യം, ജനാധിപത്യ അവകാശം' തട്ടം വിവാദത്തില്‍ അനില്‍ കുമാറിന്റെ പരാമര്‍ശങ്ങളെ തള്ളി സി.പി.എം
'വസ്ത്രധാരണം വ്യക്തി സ്വാതന്ത്ര്യം, ജനാധിപത്യ അവകാശം' തട്ടം വിവാദത്തില്‍ അനില്‍ കുമാറിന്റെ പരാമര്‍ശങ്ങളെ തള്ളി സി.പി.എം
കണ്ണൂര്‍: സി.പി.എം നേതാവ് അഡ്വ. കെ. അനില്‍കുമാറിന്റെ വിവാദ തട്ടം പരാമര്‍ശങ്ങളെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. അനില്‍കുമാര്‍ പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണെന്നും കൂട്ടിച്ചേര്‍ത്തു. അതില്‍ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമങ്ങളോടായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
'എസ്സെന്‍സ് ഗ്ലോബല്‍ പരിപാടിയില്‍ സി.പി.എം സംസ്ഥാന സമിതി അംഗം കെ. അനില്‍കുമാര്‍ സംസാരിച്ചപ്പോള്‍ ഒരു ഭാഗത്ത് മുസ്‌ലിം സ്ത്രീകളുടെ തട്ടത്തെക്കുറിച്ചുള്ള പ്രശ്‌നവും ഉന്നയിച്ചിരുന്നു. രാജ്യത്ത് ഹിജാബ് വിഷയം ഉയര്‍ന്നുവന്ന സമയത്ത് കോടതിയുടെ പ്രശ്‌നമായി മാറ്റുന്നതിനോട് പാര്‍ട്ടിക്കു യോജിപ്പുണ്ടായിരുന്നില്ല. വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യാവകാശമാണ്. ആ അവകാശം ഭരണഘടന ഉറപ്പുനല്‍കുകയും ചെയ്യുന്നുണ്ട്. ഹിജാബ് പ്രശ്‌നത്തില്‍ പാര്‍ട്ടിയുടെ നിലപാട് അഖിലേന്ത്യസംസ്ഥാന നേതൃത്വങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.
'വസ്ത്രധാരണം ഓരോ വ്യക്തിയുടെയും ജനാധിപത്യാവകാശത്തിന്റെ ഭാഗമാണ്. അതിലേക്കു കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുത്. വ്യക്തികളുടെ വസ്ത്രധാരണത്തെക്കുറിച്ച് നിര്‍ദേശം നല്‍കാനും വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടാനും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. അതു വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്' അദ്ദേഹം ആവര്‍ത്തിച്ചു.
അനില്‍കുമാറിന്റെ പരാമര്‍ശം പാര്‍ട്ടിയുടെ നിലപാടില്‍നിന്നു വ്യത്യസ്തമാണ്. ഇത്തരത്തിലുള്ള ഒരു പരമാര്‍ശം പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. വിവാദ പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."