കെട്ടിട നിര്‍മാണ അനുമതി; റവന്യൂ വകുപ്പ് ഉത്തരവ് കര്‍ഷകര്‍ക്ക് തിരിച്ചടി
ഷഫീഖ് മുണ്ടക്കൈ
കല്‍പ്പറ്റ: കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നതിന് മുമ്പ് ഭൂമി ലാന്‍ഡ് അസൈന്‍മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്നതാണോ എന്ന് പരിശോധിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഭൂവുടമകള്‍ക്ക് തിരിച്ചടിയാകുന്നു. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഉത്തരവുകളാണ് കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിലങ്ങുതടിയാകുന്നത്.
കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം നല്‍കേണ്ട കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ റവന്യൂവകുപ്പ് രേഖപ്പെടുത്തിയതനുസരിച്ച് എന്താവശ്യത്തിനാണ് ഭൂമി പതിച്ചു നല്‍കിയിട്ടുള്ളത് എന്ന് പരിശോധിച്ച ശേഷം പെര്‍മിറ്റ് അനുവദിച്ചാല്‍ മതിയെന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റവന്യൂവകുപ്പും പിന്നീട് തദ്ദേശ സ്വയംഭരണ വകുപ്പും ഇതുസംബന്ധിച്ച ഉത്തരവുകളിറക്കിയത്. ഭൂപതിവ് ചട്ടപ്രകാരം പതിച്ചുകിട്ടിയ ഭൂമിയില്‍ ചട്ടങ്ങള്‍ മറികടന്നുള്ള നിര്‍മാണങ്ങള്‍ സാധൂകരിക്കുന്നത് സംബന്ധിച്ച കേസുകള്‍ പരിഗണിക്കവേയാണ് കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഭൂമി 1960ലെ ഭൂപതിവ് നിയമ പരിധിയില്‍ വരുന്നതാണോ അല്ലയോ എന്ന് രേഖപ്പെടുത്താന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. കൂടാതെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കുന്നതിന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭൂമി ലാന്‍ഡ് അസൈന്‍മെന്റ് ആക്ടിന് പരിധിയില്‍ വരുന്നതാണോ എന്ന് പരിശോധിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റുമായി ബന്ധപ്പെട്ട കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയില്‍ നിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്ന ഭൂമി പ്രത്യേക ആവശ്യത്തിനായി പതിച്ചു നല്‍കിയതാണെങ്കില്‍ ആ വിവരം സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണമെന്ന് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി വയനാട്ടില്‍ അധിക പട്ടയങ്ങളും കൃഷി ആവശ്യത്തിന് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഉത്തരവിന് പിന്നാലെ വിമുക്തഭടന്മാരെ കുടിയിരുത്തുന്നതിനായുള്ള വയനാട് കോളനൈസേഷന്‍ സ്‌കീം (ഡബ്ല്യു.സി.എസ്) പട്ടയങ്ങളുള്ള ഭൂവുടമകള്‍ക്കും വീട് ഉള്‍പ്പെടെയുള്ളവ നിര്‍മിക്കാന്‍ അനുമതി ലഭിക്കാത്ത സാഹചര്യമാണ്. വില്ലേജ് ഓഫിസര്‍മാര്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. സ്വന്തം ഭൂമിയില്‍ വ്യവസായ ആവശ്യത്തിന് കെട്ടിട നിര്‍മാണത്തിന് റവന്യൂവകുപ്പിന്റെ എന്‍.ഒ.സി ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി നല്‍കിയ കേസിലായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഇതാണ് വയനാട് ഉള്‍പ്പെടെയുള്ള മറ്റു ജില്ലകളിലെ ജനങ്ങള്‍ക്ക് തിരിച്ചടിയായത്. ഉത്തരവിറങ്ങിയതോടെ കെട്ടിട നിര്‍മാണ പെര്‍മിറ്റിനുള്ള അപേക്ഷകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."