പ്രതിഷേധക്കൊടുങ്കാറ്റ് വീശിയ ലോക്സഭാ വര്‍ഷകാല സെഷന് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക നിയമം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കണമെന്നാവശ്യപ്പെട്ട് തുടക്കംമുതലേ പ്രതിഷേധത്തിലുള്ള പ്രതിപക്ഷത്തിനു മുന്നില്‍ മുട്ടുമടക്കി കേന്ദ്ര സര്‍ക്കാര്‍. ലോക്സഭാ വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു.
വര്‍ഷകാല സമ്മേളനം തുടങ്ങിയ ജൂലൈ 19 മുതല്‍ ഈ ആവശ്യങ്ങള്‍ക്കു മേല്‍ ശക്തമായ പ്രതിഷേധം നടത്തുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. സഭ അനിശ്ചിതകാലത്തേക്ക് നിര്ത്തിവയ്ക്കുമ്പോള് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിലുണ്ടായിരുന്നു.
സമ്മേളനശേഷം, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത്ഷായും സ്പീക്കറെ കണ്ടു.
അതേസമയം, രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം ചൂണ്ടിക്കാട്ടി അധ്യക്ഷന്‍ വെങ്കയ്യ നായിഡു വിങ്ങിപ്പൊട്ടി. 'ദൈവനിന്ദ'യ്ക്ക് തുല്യമാണ് ചെയ്തതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിപക്ഷ എം.പിമാര്‍ ടേബിളില്‍ കയറി പ്രതിഷേധിച്ചതിനെ പരാമര്‍ശിച്ചാണ് വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന.
പാര്‍ലമെന്റ് 'ക്ഷേത്ര'ത്തിലെ 'ശ്രീകോവിലാ'യാണ് ഈ ടേബിളിനെ കണക്കാക്കുന്നതെന്നും വെങ്കയ്യ പറഞ്ഞു.
'നമ്മുടെ ജനാധിപത്യക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ദൈവനിന്ദാപരമായ പ്രവര്‍ത്തികള്‍ കണ്ട്, ഹൗസ് ചെയര്‍മാനെന്ന നിലയില്‍ ഭയപ്പെട്ടുപോയി' ഇന്ന് സഭ ചേരവെ വെങ്കയ്യ നായിഡു പറഞ്ഞു.
പാര്‍ലമെന്റ് സെഷന് തുടങ്ങിയതു മുതല്‍ പ്രതിപക്ഷം ആവശ്യപ്പെടുന്ന, പെഗാസസ് വിഷയം, കാര്‍ഷിക ബില്ലില്‍ ചര്‍ച്ച എന്നിവയ്ക്ക് പകരം 'കര്‍ഷക പ്രശ്നത്തില്‍ ഹ്രസ്വ ചര്‍ച്ച'യാവാമെന്ന നിലപാടിനെതിരെയാണ് ഇന്നലെ പ്രതിപക്ഷം ബഹളം വച്ചത്. ചില എം.പിമാര്‍ രേഖകള്‍ സൂക്ഷിക്കുന്ന ടേബിളില്‍ കയറുക വരെ ചെയ്തു. ഇതോടെ സഭ നിര്‍ത്തിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."