പൗണ്ടിന്റെ വില ഇടിയുകയല്ല
സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യം എന്നാൽ ലോകം മുഴുവൻ കൊള്ളയടിച്ച രാജ്യം എന്ന അർഥം കൂടിയുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ലോകത്തിന്റെ ഏതാണ്ട് കാൽഭാഗം ജനതയെയും ഭൂപ്രദേശത്തെയും കാൽക്കീഴിൽ അമർത്തിയ ദി ഗ്രേറ്റ് ബ്രിട്ടനിലെ പ്രധാനമന്ത്രി മേരി എലിസബത്ത് ട്രസ് സാമ്പത്തിക പ്രതിസന്ധിക്ക് മുന്നിൽ നിവർന്നുനിൽക്കാൻ കഴിയാത്തതിനാൽ രാജി സമർപ്പിച്ചിരിക്കുന്നു. എത്രയും വേഗം ഒരു പ്രധാനമന്ത്രിയെ കണ്ടുപിടിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് കൺസർവേറ്റീവ് പാർട്ടി നേതാക്കൾ.
അനുഭവങ്ങളില്ലാത്തതല്ല, ആശയങ്ങളുടെ അഭാവവുമല്ല യാഥാർഥ്യങ്ങളുടെ പരുപരുപ്പ് തന്നെയാണ് നാൽപത്തിയേഴുകാരിയായ ട്രസിനെ പടിയിറങ്ങാൻ നിർബന്ധിച്ചത്. കടുത്ത ജീവിതച്ചെലവ് തന്നെ പ്രശ്‌നം. കുതിച്ചു കയറിയ നികുതിരാജിനെ കടിഞ്ഞാണിട്ട്, ജീവിതച്ചെലവ് കുറയ്ക്കാൻ ഊർജവിതരണ രംഗത്ത് ചില നിയന്ത്രണങ്ങളേർപ്പെടുത്തി ഒന്നിറങ്ങി നോക്കിയതാണ് ട്രസ്. യഥാർഥ അധികാരശക്തിയായ വിപണിയിൽ ബ്രിട്ടിഷ് പൗണ്ടിന്റെ വില കുത്തനെ ഇടിയുകയായിരുന്നു. പൗണ്ടിന്റെ വില ഇടിയുകയല്ല, ഡോളറിന്റെ വില കൂടുകയാണ് ചെയ്തതെന്ന് പറഞ്ഞാൽ അംഗീകരിക്കുന്നവരല്ല ബ്രിട്ടിഷുകാർ.
മാർഗരറ്റ് താച്ചർക്കും തെരേസ മേക്കും പിന്നാലെ ബ്രിട്ടന്റെ മൂന്നാമത് വനിതാ പ്രധാനമന്ത്രിയായ ട്രസിന് പദവിയിൽ 45 ദിവസം പൂർത്തിയാക്കാനായില്ല. ഏറ്റവും കുറഞ്ഞ കാലത്തേക്ക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായ ആൾ എന്നാണ് ട്രസിനെ ലോകചരിത്രം രേഖപ്പെടുത്തിയത്. തെരേസ മേയുടെ കാലത്ത് ആയിരം കൊല്ലത്തിനിടെ ആദ്യത്തെ വനിതാ ലോർഡ് ചാൻസലറായി ട്രസ് നിയമിതയായപ്പോൾ ചോദ്യം ചെയ്തവരുണ്ടായിരുന്നു. അന്നത്തെ നീതികാര്യ മന്ത്രി ലോർഡ് ഫ്രോക്‌സ് തന്നെ രാജിവച്ച് പ്രതിഷേധിച്ചു. ഡേവിഡ് കാമറൂണിന്റെയും ബോറിസ് ജോൺസണിന്റെയും കാലത്തെല്ലാം അധികാരത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും ട്രസ് ഉണ്ടായതാണ്.
ഹൗസ് ഓഫ് കോമൺസിലേക്ക് രണ്ടുതവണ തോറ്റ ശേഷം 2010ൽ പാർലമെന്റിലെത്തിയ ട്രസിന് അവസരങ്ങൾ ഏറെ ലഭിച്ചു. കുട്ടികളുടെ പരിപാലനം, വിദ്യാഭ്യാസം, പരിസ്ഥിതി, ഗ്രാമകാര്യം, ഊർജം, അന്താരാഷ്ട്ര കച്ചവടം, സ്ത്രീകൾ, സമത്വം തുടങ്ങിയ വകുപ്പുകളിൽ സെക്രട്ടറിയായി പ്രവർത്തിച്ച ഇവർ 2021-2022 കാലത്ത് വിദേശകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചു. പിതാവ് ജോൺ ട്രസ് ഗണിതാധ്യാപകനായിരുന്നതുകൊണ്ടാണോ എന്തോ വിദ്യാഭ്യാസത്തിൽ കണക്കിന് മുന്തിയ പരിഗണന വേണമെന്ന് ട്രസ് എന്നും ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരിക്കാനും അധ്യാപകർക്ക് പരിശീലനം നൽകാനും ശ്രദ്ധിക്കുകയും ചെയ്തു.
ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി ലിബറൽ ഡെമോക്രാറ്റ് പ്രസിഡന്റായി രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ട്രസ് 1996ലാണ് കൺസർവേറ്റീവ് പാർട്ടിയിൽ അംഗമാകുന്നത്. ഗവേഷണ സ്ഥാപനമായ റിഫോമിന്റെ ഡെപ്യൂട്ടി ഡയരക്ടറായിരിക്കെയും കൺസർവേറ്റീവ് എം.പിമാരെ ചേർത്ത് ആരംഭിച്ച ഫ്രീ എന്റർപ്രൈസസ് ഗ്രൂപ്പിന്റെ ചുമതലക്കാരിയായിരിക്കെയും ബ്രിട്ടന്റെ വികസനവുമായി ബന്ധപ്പെട്ട നിരവധി ഗവേഷണ ഗ്രന്ഥങ്ങൾ പുറത്തിറക്കിയാണ് ട്രസ് രാഷ്ട്രീയത്തിലും പാർട്ടിയിലും സ്ഥാനം ഉറപ്പിച്ചത്. ഏറ്റവും ഒടുവിൽ ബോറിസ് ജോൺസണിന്റെ രാജിയെ തുടർന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ ഋഷി സുനകിനെ പിന്തള്ളാൻ ട്രസിനെ പ്രാപ്തയാക്കിയതും പാർട്ടി അംഗങ്ങൾക്കിടയിലെ ഈ പ്രതിഛായ തന്നെ. പാർട്ടി എം.പിമാർക്കിടയിലെ വോട്ടെടുപ്പിൽ സുനകിനായിരുന്നു മുൻതൂക്കം. ഇതുതന്നെയാണ് ഇപ്പോൾ എത്രയും പെട്ടെന്ന് സ്ഥാനത്യാഗം ചെയ്യാൻ ട്രസിനെ നിർബന്ധിതയാക്കിയത്. അത്ര വേഗം തോൽക്കുന്നയാളല്ലെന്ന് വെല്ലുവിളിച്ച ഉടനെ തന്നെ പദവിയൊഴിയേണ്ടിവന്നത് സ്വന്തം പാർട്ടിക്കാരുടെ എതിർപ്പിനെ തുടർന്നാണ്.
അധികാരമേറ്റ് 38 ദിവസം കഴിഞ്ഞപ്പോഴേക്കും ആദ്യത്തെ മന്ത്രിയും നാൽപത്തിമൂന്നാം ദിവസം രണ്ടാമത്തെ മന്ത്രിയും രാജിവച്ചുവെന്ന് മാത്രമല്ല നടപ്പാക്കിയ പരിഷ്‌കാരങ്ങളത്രയും പുനപ്പരിശോധിക്കേണ്ടതായും വന്നുവെന്നതാണ് ട്രസിനെ കുഴക്കിയത്. ഏതാനും ദിവസങ്ങളായി ബ്രിട്ടിഷ് ജനത ഉറ്റുനോക്കിയത് ട്രസ് എന്ന് രാജിവയ്ക്കും എന്നാണ്. സുപ്രധാനമായ നാലു സ്ഥാനങ്ങളിൽ വെള്ളക്കാരല്ലാത്തവരെ നിയമിച്ച പ്രധാനമന്ത്രിയെന്നതും അവരെ പെട്ടെന്ന് താഴെയിറക്കാൻ കാരണമായിരിക്കാമെന്ന് നിരീക്ഷിക്കുന്നവരുണ്ട്.
ജനാധിപത്യത്തിന്റെ പേരിൽ ഊറ്റംകൊള്ളുമ്പോഴും രാജാവിനെ കാണുമ്പോൾ കുമ്പിട്ടുപോകുന്നതാണ് ബ്രിട്ടന്റെ രാഷ്ട്രീയം. എലിസബത്ത് രാജ്ഞി മരണപ്പെടുന്നതിൻ്റെ രണ്ടുദിവസം മുമ്പാണ് ട്രസിനെ കിരീടം അണിയിച്ചത്. ബക്കിംഗ്ഹാം പാലസിൽ നിന്നായിരുന്നില്ല ചടങ്ങ്. രാജാക്കൻമാരെ ഇനി ബ്രിട്ടന് വേണ്ട എന്ന് പറയാൻ ധൈര്യം കാട്ടിയ വനിതയാണ് ട്രസ്. യൂറോപ്യൻ യൂനിയനിൽ ബ്രിട്ടൻ ഉണ്ടായിരിക്കണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ചൈനയുടെ രാഷ്ട്രീയത്തെ ട്രസ് എതിർത്തു. ഉയിഗൂർ വിഭാഗങ്ങളോട് ചൈന നടത്തുന്നത് വംശീയ ഉന്മൂലനമാണെന്ന് തുറന്നുപറയാതിരുന്നിട്ടില്ല. ചെറിയ കാലയളവിലാണെങ്കിൽ പോലും മറ്റു രാജ്യങ്ങളുമായി നല്ല ബന്ധം തുടരാൻ ശ്രമം തുടങ്ങിയിരുന്നു. വിപണിയെ ദൈവമായി കാണുന്ന വലതുപക്ഷക്കാരിയായ ട്രസിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയം പയറ്റാൻ ഇനി വരുന്ന പ്രധാനമന്ത്രിക്ക് കഴിയുമോ? രണ്ടു നൂറ്റാണ്ട് കാലം ലോകത്തെ കൊള്ളയടിച്ച സമ്പത്തുകൊണ്ട് കെട്ടിപ്പൊക്കിയ ബ്രിട്ടൻ എട്ടുനിലയിൽ പൊട്ടാതിരിക്കാനുള്ള മരുന്ന് ആരുടെ കൈയിലുണ്ട്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."